ജൂൺ 09, 2011

മുടിയില്‍ വഞ്ചിതരാകല്ലേ

ലോകമുസ്‌ലിംകള്‍ മുഴുവനും നെഞ്ചോടുചേര്‍ത്തുവെക്കുന്ന അതുല്യ വ്യക്തിപ്രഭാവത്തിന്റെ ഉടമയാണ് മുഹമ്മദ് നബി. നബിയുടെ മൊഴിമുത്തുകളെയും പ്രവൃത്തികളെയുമെന്നപോലെ അവിടത്തെ തിരുശേഷിപ്പുകളെയും ആദരവോടെയാണ് മുസ്‌ലിംകള്‍ വീക്ഷിച്ചുപോരുന്നത്.
'എന്റെ പേരില്‍ മനഃപൂര്‍വം കളവുപറയുന്നവര്‍ നരകത്തില്‍ ഇരിപ്പിടമുറപ്പിച്ചു കൊള്ളട്ടെ' എന്നാണ്  പ്രവാചകവചനം. നബിയുടേതെന്ന് പറയുന്ന എന്തിനും ആധികാരികത തെളിയിക്കുന്ന സംശുദ്ധമായ കൈമാറ്റപരമ്പര (സനദ്) ആവശ്യമാണ്. അല്ലാത്തപക്ഷം, നബിയുടേതെന്ന വ്യാജാവകാശവാദവുമായി പലരും രംഗത്തുവരും. കച്ചവടതാല്‍പര്യാര്‍ഥം പലരും നബിയുടെ പേരില്‍ നിര്‍മിച്ചുണ്ടാക്കിയ പലതും അപ്രസക്തമായത് സനദിന്റെ കാര്യത്തില്‍ കാണിച്ച കണിശത കൊണ്ടാണ്.
കേരളത്തിലുണ്ടെന്നു പറയുന്ന തിരുശേഷിപ്പുകള്‍ നബിയുടേതാണെന്ന് തെളിയുക തന്നെ വേണം. ആധികാരികരേഖയുടെ അഭാവവും ഉത്തരം കിട്ടാത്ത പല ചോദ്യങ്ങള്‍ക്കും മുന്നില്‍ ബന്ധപ്പെട്ടവരുടെ ഉരുണ്ടുകളിയും പരസ്‌പരവിരുദ്ധമായ പ്രസ്താവനകളുമാണ് കോഴിക്കോട് കാരന്തൂര്‍ മര്‍കസിലെ മുടികള്‍  വ്യാജമാണെന്ന ചിന്തയിലേക്ക് സമൂഹത്തെ നയിച്ചത്. ഇസ്‌ലാമിനോടും പ്രവാചകനോടും ചൂഷണം ചെയ്യപ്പെടുന്ന മുസ്‌ലിം സമൂഹത്തോടുമുള്ള ഗുണകാംക്ഷ മാത്രമാണ് ഇതെല്ലാം എഴുതാനും പറയാനും പ്രേരിപ്പിച്ചത്.
നബിയുടെ തിരുശേഷിപ്പുകളെന്നുപറഞ്ഞ് മുടിയോ മറ്റോ കൊണ്ടുവരുകയാണെങ്കില്‍, ആദ്യം ചെയ്യേണ്ടത് അതിന്റെ ആധികാരികത തെളിയിക്കുന്ന രേഖ സമൂഹത്തിനുമുന്നില്‍ സമര്‍പ്പിക്കുകയാണ്. അല്ലാത്തപക്ഷം അത് നബിയുടേതാണെന്ന വിശ്വാസം സമൂഹത്തിനുമേല്‍ അടിച്ചേല്‍പിക്കുകയോ അതുവെച്ച് ധനശേഖരണം നടത്തുകയോ ആഘോഷിക്കുകയോ ചെയ്യുന്നത് ന്യായീകരിക്കാനാവാത്ത അപരാധമാണ്.
യു.എ.ഇ പൗരന്‍ അഹ്മദ് ഖസ്‌റജിക്ക് പരമ്പരാഗതമായി ലഭിച്ചതാണ് മുടി എന്നതായിരുന്നു മര്‍കസ് അധികൃതരുടെ സനദ് സംബന്ധിയായ ഒന്നാമത്തെ വിശദീകരണം. അതിനുവേണ്ടി മുടിയുടെ കൈമാറ്റവേളയില്‍ ഖസ്‌റജിയുടെ പിതൃപരമ്പര ജനങ്ങള്‍ക്കുമുന്നില്‍ വായിച്ചുകേള്‍പ്പിക്കുകയും ചെയ്തു. ഖസ്‌റജിയുടെ പ്രസംഗത്തിന്റെ വിവര്‍ത്തകനും ശേഷം പ്രസംഗിച്ച കാന്തപുരവും പറഞ്ഞത് ആ വായിച്ച പരമ്പരയാണ് സനദ് എന്നായിരുന്നു. സമ്മേളനത്തില്‍ പങ്കെടുത്ത ജനങ്ങള്‍ മുഴുവന്‍ ധരിച്ചതും അതുതന്നെ. എന്നാല്‍, കാന്തപുരം വിഭാഗത്തിന്റെ വാരികയായ 'സുന്നി വോയ്‌സി'ന്റെ ഫെബ്രുവരി ലക്കത്തില്‍ അഹ്മദ് ഖസ്‌റജിയുടേതായി വന്ന അഭിമുഖത്തില്‍ ഇതിന് വിരുദ്ധമായ വിശദീകരണം ഇങ്ങനെ കാണാം: 'ഉമ്മു സുലൈം എന്ന ഞങ്ങളുടെ പിതാമഹിയില്‍നിന്ന് പരമ്പരാഗതമായി ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനിയിലേക്കും അവിടന്ന്  അവിടത്തെ പരമ്പരയില്‍ തുടര്‍ന്ന ഞങ്ങളുടെ കുടുംബത്തിലേക്കും എത്തുകവഴി ലഭിച്ചതാണ് എന്റെ കൈയില്‍' (പേജ്: 48). സനദ് എന്നു പറഞ്ഞ് സമ്മേളനത്തില്‍ വായിച്ച ഖസ്‌റജിയുടെ പിതൃപരമ്പരയില്‍ അബ്ദുല്‍ഖാദിര്‍ ജീലാനി ഇല്ല എന്നതുതന്നെയാണ് ഇതിലെ വൈരുധ്യം.
മുടിയുടെ സനദിലെ പ്രകടമായ ഈ വൈരുധ്യം പുറത്തറിഞ്ഞപ്പോള്‍ ബന്ധപ്പെട്ടവര്‍ അടവുമാറ്റി. മര്‍കസില്‍ വായിച്ചത് സനദല്ലെന്നും അത് അഹ്മദ് ഖസ്‌റജി സ്വയം പരിചയപ്പെടുത്തിയതാണെന്നും വിശദീകരണമുണ്ടായി.
അതിവിചിത്രമായ മറ്റൊരു വിശദീകരണമാണ് പിന്നീട് കേട്ടത്. വാര്‍ത്താസമ്മേളനത്തില്‍ 'മുടിയുടെ സനദ് വിശദീകരിച്ചുകൊടുത്താല്‍ പ്രശ്‌നം തീരില്ലേ' എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ 'ബഹുജനങ്ങളെ വിളിച്ചുകൂട്ടി പ്രഖ്യാപിക്കേണ്ട ഒന്നല്ല സനദ്' എന്നായിരുന്നു കാന്തപുരത്തിന്റെ മറുപടി (മാധ്യമം 11-05-2011). ജനങ്ങള്‍ക്കു മുന്നില്‍ വായിക്കാന്‍ പറ്റാത്തത്ര എന്തു നിഗൂഢതയാണ് സനദിലുള്ളത്?
ഇതിനെല്ലാം വിരുദ്ധമായി കാന്തപുരത്തിന്റെ കൈയിലോ മര്‍കസിലോ അല്ല, അബൂദബിയില്‍ അഹ്മദ് ഖസ്‌റജിയുടെ കൈയില്‍തന്നെയാണ് സനദ് എന്നതായിരുന്നു അടുത്ത വിശദീകരണം (മാതൃഭൂമി-13.05.2011, ചന്ദ്രിക-13.05.2011). മുടിയുടെ ആധികാരികത തെളിയിക്കേണ്ട ബാധ്യതയില്ലാത്തവര്‍ക്ക് അതിന്റെപേരില്‍ ഇത്രയും ഭീമമായ ധനശേഖരണവും പണപ്പിരിവും വെള്ളക്കച്ചവടവും നടത്താന്‍ എന്തവകാശമാണുള്ളത്?
കാന്തപുരത്തിന് മുടി കൈമാറിയ 'അഹ്മദ് ഖസ്‌റജിയുടെ വീട്ടില്‍ തിരുനബിയുടേതെന്നുപറഞ്ഞ് സൂക്ഷിക്കുന്ന 'തിരുമുടി'കളുടെ അവിശ്വസനീയമാംവിധമുള്ള നീളവും ആധിക്യവുമാണ്, ഇത് വ്യാജവാദം തന്നെയാണെന്നതിന്റെ മറ്റൊരു തെളിവ്. കേശദാതാവിന്റെ കൈയില്‍ തിരുനബിയുടേതെന്ന് അവകാശപ്പെടുന്ന ആയിരക്കണക്കിന് മുടികളുണ്ട്. പലതും മുക്കാല്‍ മീറ്റര്‍ മുതല്‍ ഒരു മീറ്റര്‍വരെയും അതിലധികവും നീളമുള്ള സ്ത്രീകേശങ്ങളെ അനുസ്മരിപ്പിക്കുന്നവ. മുടി വാങ്ങിയവരും ഇത് അംഗീകരിക്കുന്നുണ്ട്: 'ഒരിക്കല്‍ അദ്ദേഹം തങ്ങളുടെ പക്കലുള്ള ശേഷിപ്പുകളുടെ ശേഖരം കാണിച്ചുതന്നു. അമൂല്യവും മഹത്തരവുമായ തിരുശേഷിപ്പുകളുടെ ഒരു വലിയ നിധിതന്നെ കാണാന്‍ സാധിച്ചു. റസൂലുല്ലാഹിയുടെ ശഅ്‌റേ മുബാറകിന്റെ രണ്ട് കെട്ടുകള്‍തന്നെയുണ്ടവിടെ' (ഡോ. അബ്ദുല്‍ഹകീം അസ്ഹരി - തിരുകേശം മദീനയുടെ സമ്മാനം, പേജ്: 42). കാന്തപുരത്തിന്റെ സ്വന്തം വെബ്‌സൈറ്റിലും ഇത് വ്യക്തമാക്കിയിരുന്നു. പിന്നീട് പ്രശ്‌നമായപ്പോള്‍ മായ്ച്ചുകളയുകയും ചെയ്തു.
കേശദാതാവായ ശൈഖ് അഹ്മദ് ഖസ്‌റജി സ്വന്തം ചെലവില്‍ പ്രസിദ്ധീകരിച്ച ഒരു ഗ്രന്ഥമാണ് 'അസ്‌റാറുല്‍ ആസാരിന്നബവിയ്യ' (പ്രവാചകശേഷിപ്പുകളുടെ പൊരുളുകള്‍). തന്റെ പിതാവും പ്രശസ്ത പണ്ഡിതനുമായിരുന്ന ശൈഖ് മുഹമ്മദ് ഖസ്‌റജിക്കാണ് പുസ്തകം സമര്‍പ്പിച്ചിരിക്കുന്നത്. ഖസ്‌റജി കുടുംബം നോക്കിനടത്തുന്ന 'ഇസ്ദാറാതുസ്സാഹതില്‍ ഖസ്‌റജിയ്യ' എന്ന പ്രസാധനാലയത്തില്‍നിന്നാണ് ഇത് അച്ചടിച്ചിരിക്കുന്നത്. ഈ പുസ്തകത്തില്‍ തന്റെ കൈവശമുണ്ടെന്നുപറയുന്ന ആയിരക്കണക്കിന് മുടികളെക്കുറിച്ച് ഒരു പരാമര്‍ശംപോലുമില്ല. വിവിധ രാജ്യങ്ങളില്‍ സൂക്ഷിക്കുന്ന നബിയുടെ വിവിധ ശേഷിപ്പുകളുടെ അപൂര്‍വ ചിത്രങ്ങളും അവയെക്കുറിച്ചുള്ള പ്രാമാണിക വിവരങ്ങളുമടങ്ങിയ ഈ ഗ്രന്ഥത്തില്‍, തിരുകേശങ്ങള്‍ സൂക്ഷിക്കപ്പെടുന്ന രാജ്യങ്ങളുടെ പേരുകള്‍ വിവരിക്കുന്നിടത്ത് (പേജ്: 17) യു.എ.ഇയുടെയോ അബൂദബിയുടെയോ പേരു പറയുന്നുമില്ല. ചുരുങ്ങിയത് പ്രസ്തുത കൃതി പുറത്തിറങ്ങുന്നത് വരെയെങ്കിലും (2009ലെ എഡിഷന്‍) അഹ്മദ് വശമോ ആ രാജ്യത്ത് എവിടെയെങ്കിലുമോ മുടിക്കെട്ടുകള്‍ പോയിട്ട് ഒരു മുടിനാരുപോലും സൂക്ഷിക്കപ്പെട്ടിരുന്നില്ല എന്നുതന്നെയല്ലേ ഇതിനര്‍ഥം?
എന്നാല്‍, പത്തു വര്‍ഷമായി നിരന്തരമായി ആവശ്യപ്പെട്ടിട്ടാണ് മുടി കിട്ടിയത് എന്നാണ് കാന്തപുരത്തിന്റെ ഭാഷ്യം. തിരുനബിയുടെ ശേഷിപ്പുകള്‍ കാലങ്ങളായി സൂക്ഷിച്ചുവരുന്ന കേന്ദ്രങ്ങളെല്ലാം ചരിത്രത്തില്‍ അറിയപ്പെട്ടിട്ടുണ്ട്. ഇവിടെയെല്ലാം പ്രാമാണികമായ കൈമാറ്റശൃംഖല പരസ്യപ്പെടുത്തിയിട്ടുമുണ്ട്. അങ്ങനെയെങ്കില്‍ ചരിത്രത്തില്‍ ഇതുവരെ കേട്ടിട്ടില്ലാത്ത ഒരു സ്ഥലത്ത് ഒരു സുപ്രഭാതത്തില്‍ നബിയുടെ ആയിരക്കണക്കിന് മുടികളും നബിയുടേതെന്ന പേരിലുള്ള മറ്റനേകം ശേഷിപ്പുകളും പ്രത്യക്ഷപ്പെടുന്നത് എങ്ങനെ വിശ്വസിക്കും? പത്തു വര്‍ഷം മുമ്പ് ഇവിടെ ഒരു മുടിയും ഉണ്ടായിരുന്നില്ല എന്നാണ് തെളിവുകള്‍ സൂചിപ്പിക്കുന്നത്.
ദീര്‍ഘകാലം ഔഖാഫ് മന്ത്രിയും രാജ്യത്തിനകത്തും പുറത്തും വലിയ ബന്ധങ്ങളുള്ള വ്യക്തിയുമായിരുന്ന മുഹമ്മദ് ഖസ്‌റജി എന്തുകൊണ്ട് ഒരിക്കലെങ്കിലും 'തിരുമുടി'യുടെ വിവരം ആരോടും പറഞ്ഞില്ല? കേരളത്തില്‍നിന്ന് മര്‍ഹൂം ഇ.കെ. അബൂബക്കര്‍ മുസ്‌ലിയാരുമായി അദ്ദേഹം നടത്തിയ പ്രസിദ്ധമായ കൂടിക്കാഴ്ചയില്‍ തന്റെ കുടുംബത്തിന്റെ മദീനാകാലം മുതലുള്ള ചരിത്രവും മഹത്വവും മന്ത്രി വിശദീകരിച്ചുകൊടുത്തെങ്കിലും ഇങ്ങനെയൊരു മുടിയെക്കുറിച്ച് പരാമര്‍ശിച്ചതേയില്ല. പാണക്കാട് കുടുംബവുമായും മുഹമ്മദ് ഖസ്‌റജിക്ക് അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് നിലനില്‍പിനുവേണ്ടി കാന്തപുരം പ്രസ്താവിക്കുന്നു. എന്നാല്‍, പാണക്കാട് സന്ദര്‍ശനവേളകളിലൊന്നും മുടിയെക്കുറിച്ച് പരാമര്‍ശിച്ചിട്ടില്ലെന്നാണ് സയ്യിദ് ഹൈദരലി തങ്ങള്‍ പരസ്യമായി വ്യക്തമാക്കിയത്.
മുഹമ്മദ് ഖസ്‌റജിയുടെയോ മക്കളുടെയോ അവരുടെ പിതൃവ്യരുടെയോ പിതൃവ്യപുത്രന്മാരുടെയോ കൈകളില്‍ തിരുനബിയുടെ ഒറ്റ മുടിയും ഉണ്ടായിരുന്നില്ല എന്ന് മുടിദാതാവിന്റെ ജ്യേഷ്ഠനായ ശൈഖ് ഹസന്‍ ഖസ്‌റജിയും വ്യക്തമാക്കിയതോടെ വിവാദമുടിയുടെ വ്യാജനിര്‍മിതിക്ക് ഇനിയും തെളിവ് അന്വേഷിക്കേണ്ട ആവശ്യമില്ലാതായിരിക്കുന്നു. ഇത്തരം ചൂഷണശ്രമങ്ങളില്‍ വഞ്ചിതരാവരുതെന്ന ഉപദേശവും അദ്ദേഹം കേരളീയര്‍ക്ക് നല്‍കുന്നുണ്ട്. കേരളത്തില്‍ മുടി വിവാദമാകുന്നതിനും എത്രയോ മുമ്പ് 23.12.2009ന് ഹസന്‍ ഖസ്‌റജി യു.എ.ഇ ഉപപ്രധാനമന്ത്രിക്കെഴുതിയ കത്തിലും ഇക്കാര്യം വ്യക്തമാക്കിയിരുന്നു.
വിശ്വാസനിഷേധവും പ്രവാചകനിന്ദയും പറഞ്ഞ് ഭയപ്പെടുത്തി മുടിയുടെ വിഷയത്തില്‍ സംശയമുന്നയിക്കുന്നതിനെയും സനദ് അന്വേഷിക്കുന്നതിനെയും അടിച്ചമര്‍ത്തുന്നതും സത്യം പുറത്തുവരുമോ എന്ന ഭയംമൂലമാണ്.
രണ്ടാമത്തെ മുടി ആഘോഷപൂര്‍വം കൊണ്ടാടുകയും അതിനുവേണ്ടി 40 കോടിയുടെ പള്ളി നിര്‍മിക്കാനൊരുങ്ങുകയും ചെയ്യുന്നവര്‍ ആദ്യമുടി ലഭിച്ച് ഏഴു വര്‍ഷത്തോളമായിട്ടും അതിന്റെ സംരക്ഷണത്തിനുവേണ്ടി 40 രൂപയുടെ ഒരു പെട്ടിപോലും നിര്‍മിക്കാതിരുന്നതും ദുരൂഹതയുണര്‍ത്തുന്നു. ആദ്യമുടി ലഭിച്ചതിന്റെ വാര്‍ത്ത മുഖപത്രത്തില്‍ പ്രസിദ്ധീകരിച്ചതുതന്നെ ഉള്‍പ്പേജുകളിലൊന്നില്‍ അപ്രസക്തമായ രീതിയിലായിരുന്നു. 'തിരുകേശത്തിനൊരുത്തമകേന്ദ്ര'മെന്നും ഈ ചരിത്രസ്മാരകത്തിന്റെ നിര്‍മാണത്തില്‍ പങ്കാളികളാവുക' എന്നുമൊക്കെയാണ് കേരളത്തിന്റെ മുക്കുമൂലകളില്‍ സ്ഥാപിച്ച പള്ളിനിര്‍മാണ പരസ്യത്തിലെ വാചകങ്ങളെങ്കില്‍, വിദേശരാജ്യങ്ങളിലെ പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച പള്ളിയുടെ ഫീച്ചറില്‍ 'തിരുമുടി'യെക്കുറിച്ച് ഒരു പരാമര്‍ശംപോലുമില്ലാത്തതും ഇതിലെ കള്ളത്തരത്തിന്റെ സൂചനയാണ്.
മുടിയുടെ കൈമാറ്റ പരമ്പര (സനദ്) എവിടെ എന്ന ഒറ്റച്ചോദ്യമാണ് ഉന്നയിക്കപ്പെട്ടിട്ടുള്ളത്. ഒന്നോ രണ്ടോ മിനിറ്റുകള്‍കൊണ്ട് വായിച്ചുതീര്‍ക്കാമായിരുന്ന ഒരു ഉത്തരമാണതിനുള്ളത്. എന്നാല്‍, ഇതിനുപകരം എട്ടും ഒമ്പതും മണിക്കൂറുകള്‍ നാടകം കളിക്കുകയും തെരുവുതോറും പ്രസംഗകോലാഹലങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്ന സമീപനമാണ് ബന്ധപ്പെട്ടവരില്‍നിന്നുണ്ടായത്. ഇത് ആധികാരികരേഖയുടെ അഭാവംകൊണ്ടല്ലാതെ മറ്റെന്താണ്? രേഖയുണ്ടെങ്കില്‍ 'തിരുകേശ വിശദീകരണ സമ്മേളന'ങ്ങളില്‍ ആദ്യം വായിക്കേണ്ടത് അതല്ലേ?
(സമസ്ത കേരള ജംഇയ്യതുല്‍ ഉലമയുടെ ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)

1 അഭിപ്രായം:

പാറക്കണ്ടി പറഞ്ഞു...

മാധ്യമത്തില്‍ നിന്നും കോപ്പി പേസ്റ്റ് .....