ജൂൺ 24, 2011

ഹ്രസ്വജീവിതത്തിന് ശാശ്വത രക്ഷാശിക്ഷകളോ?



കര്‍മങ്ങളുടെ സമയവും അവയുടെ ഫലവും തമ്മില്‍ ഒരു ബന്ധവുമില്ല. ഒരാളെ കൊല്ലാന്‍ ഏതാനും നിമിഷം മതി. അതിന്റെ ഫലമോ? അതിദീര്‍ഘവും അത്യന്തം ഗുരുതരവും. ഒരു ബോംബ് വര്‍ഷിക്കാന്‍ ഒരു നിമിഷം മതി. അതിന്റെ പ്രത്യാഘാതമോ? ലക്ഷങ്ങളെയോ കോടികളെയോ പതിറ്റാണ്ടുകളോ നൂറ്റാണ്ടുകളോ നീണ്ടുനില്‍ക്കുംവിധം ബാധിക്കുന്നു. ഇന്റര്‍വ്യൂ വേളയിലെ ചോദ്യത്തിനും ഉത്തരത്തിനും നിമിഷങ്ങളേ ആവശ്യമുള്ളൂ. അതേസമയം അതിന്റെ ഫലം ജീവിതാവസാനം വരെ തുടരുന്നു. പരീക്ഷയുടെയും അതിന്റെ ഫലത്തിന്റെയും സ്ഥിതിയും ഇതുതന്നെ.


ഒരാളുടെ ജീവിതാന്ത്യത്തോടെ അയാളുടെ കര്‍മഫലങ്ങള്‍ ഭൂമിയില്‍തന്നെ തീരുകയില്ല. ഒരാള്‍ ഉന്നത വിദ്യാലയം സ്ഥാപിക്കുകയാണെങ്കില്‍ അതിന്റെ സദ്ഫലം ആ സ്ഥാപനം നിലനില്‍ക്കുവോളം തുടരുന്നു. അവിടെനിന്ന് പഠിക്കുന്നവര്‍ ആരൊക്കെയാണോ അവര്‍ക്കും അവരില്‍നിന്ന് പഠിക്കുന്നവര്‍ക്കും പിന്നീട് അവരില്‍നിന്ന് പഠിക്കുന്നവര്‍ക്കും അങ്ങനെ എണ്ണിയാലൊടുങ്ങാത്ത അത്രയും പേര്‍ക്ക് ലഭിക്കുന്ന നന്മയുടെയും നേട്ടത്തിന്റെയും സദ്ഫലം വിദ്യാലയം സ്ഥാപിച്ച വ്യക്തിക്ക് ലഭിക്കുന്നു. ഒരു തിന്മ ആരെയെല്ലാം സ്വാധീനിക്കുന്നുവോ അവരുടെയും അവരിലൂടെ സ്വാധീനിക്കപ്പെടുന്നവരിലൂടെയും പിന്നീട് സ്വാധീനിക്കപ്പെട്ടവരാല്‍ സ്വാധീനിക്കപ്പെടുന്നവരുടെയുമെല്ലാം തിന്മകളുടെ ദുഷ്ഫലവും തുടക്കക്കാരനിലേക്ക് ചെന്നെത്തുന്നു. ഹിരോഷിമയിലും നാഗസാക്കിയിലും ബോംബ് വര്‍ഷിച്ചത് ചുരുങ്ങിയ സമയംകൊണ്ടാണ്. അത് സൃഷ്ടിച്ച ദുരന്തമോ? ഇന്നും അവിരാമം തുടരുന്നു.


കാലദൈര്‍ഘ്യമോ ആയുസിന്റെ നീളമോ നല്ലവനെ കൊള്ളരുതാത്തവനോ നീചനെ ഉല്‍കൃഷ്ടനോ ആക്കുകയില്ല. അതിനാല്‍ കര്‍മങ്ങള്‍ക്കെടുക്കുന്ന സമയവും കര്‍മഫലവും തമ്മില്‍ ഒരു ബന്ധവുമില്ല. മനുഷ്യന്‍ മരിച്ചാലും അവന്റെ കര്‍മഫലം അവിരാമം തുടരും. കര്‍മം നന്മയാണെങ്കില്‍ സദ്ഫലവും, തിന്മയാണെങ്കില്‍ ദുഷ്ഫലവും. അതുകൊണ്ടുതന്നെ ആരുടെ കര്‍മഫലവും അവരുടെ ജീവിതകാലത്ത് തിട്ടപ്പെടുത്തുക സാധ്യമല്ല. വിചാരണയും വിധിയും രക്ഷാശിക്ഷകളും ഭൂമിയില്‍വച്ച് സംഭവിക്കാതിരിക്കാനുള്ള കാരണവും അതുതന്നെ. അപ്പോള്‍ പരലോകത്തിലെ ശാശ്വതമായ രക്ഷാശിക്ഷകള്‍ക്ക് ഭൂമിയിലെ ജീവിതകാലം തന്നെ ധാരാളം.


പിന്നെ ദൈവനിശ്ചയവും അവന്റെ തീരുമാനങ്ങളുടെ യുക്തിയും ന്യായവും നീതിയുമൊക്കെ അവന്‍ വിശദീകരിച്ചുതരാതെ നമുക്ക് മനസ്സിലാകണമെങ്കില്‍ നാം ദൈവത്തെപ്പോലെയോ അവനേക്കാള്‍ കഴിവുറ്റവരോ ആകണമല്ലോ. സര്‍വശക്തനും സര്‍വജ്ഞനുമായ ദൈവത്തിന്റെ കര്‍മങ്ങള്‍ എന്തുകൊണ്ട് അങ്ങനെയായി എന്ന് അവന്‍ നല്‍കിയ അല്‍പജ്ഞാനവും യുക്തിയുംകൊണ്ട് നമുക്ക് മനസ്സിലാവണമെന്നില്ല. നമ്മുടെ വൈജ്ഞാനികരംഗം എത്രയൊക്കെ വളരുകയും വികസിക്കുകയും ചെയ്തിട്ടുണ്െടങ്കിലും അറുനൂറു കോടി മനുഷ്യര്‍ക്ക് അറിവും ബോധവും യുക്തിയും നല്‍കിയ ദൈവത്തിന്റെ അറിവിനെ അപേക്ഷിച്ച് അത് ഇന്നും തീര്‍ത്തും അഗണ്യമത്രെ. അതുപയോഗിച്ച് സ്രഷ്ടാവിന്റെ സൃഷ്ടിയിലെ ന്യായവും നീതിയും തേടുന്നത് നിരര്‍ഥകമാണ്. പ്രതിഭാശാലികളുടെ കര്‍മങ്ങളുടെ യുക്തിയും ന്യായവും സാമാന്യ ബുദ്ധികള്‍ക്ക് മനസ്സിലാവുകയില്ലല്ലോ; സാമാന്യബുദ്ധികളുടേത് മന്ദബുദ്ധികള്‍ക്കും.

1 അഭിപ്രായം:

ANSAR NILMBUR പറഞ്ഞു...

കര്‍മങ്ങള്‍ പാപങ്ങള്‍ എങ്കില്‍ ഇഹലോകതെയോ പരലോകതെയോ നിശ്ചിത ശിക്ഷയോടെ അതിന്റെ ഫലം അവസാനിക്കുന്നു.നന്മക്ക് ദൈവത്തിങ്കല്‍ പ്രതിഫലം ഒന്നുമില്ല. ദൈവത്തിന്‍റെ പ്രീതി നേടുകയെന്നല്ലാതെ. ദൈവ പ്രീതിയുടെ ഫലമാണ് സ്വര്‍ഗം.അല്ലാതെ അറുപതോ എഴുപതോ കൊല്ലത്തെ നന്‍മ യുടെ പേരില്‍ അല്ല ആരും ശാശ്വതമായ സ്വര്‍ഗം നേടുന്നത്.അത് ദൈവീക കാരുണ്യം......

സിദ്ധിക്ക് ബായി...താങ്കള്‍ ഇങ്ങനെ ഒരു പെട്ടിക്കടയുമായി ഇരിക്കുന്നത് ഇപ്പോഴാണ് ശ്രദ്ധയില്‍ പെടുന്നത്....ഏതായാലും നന്നായി..ശ്രദ്ധയില്‍ പെടുംബോഴൊക്കെ വരാന്‍ ശ്രമിക്കാം