ഏപ്രിൽ 17, 2016

ദേശസ്നേഹം


ഫാഷിസം ദേശസ്നേഹം
പഠിപ്പി ക്കുന്ന കാലം
എന്റെ ശ്വാസം പോലും അവർക്ക്  രാജ്യ ദ്രോഹമായി
തോന്നി.
എന്റെ  ഭയത്തെ  
എന്റെ  കണ്ണീരിനെ
എന്റെ അലർച്ച യെ
എന്റെ പിടച്ചിലിനെ
ഒന്നിലും അവർക്ക് മനുഷ്യനെ
കണ്ടെത്താൻ കഴിയില്ല തീർച്ച.
കാരണം അവർ ഫാസിസ്റ്റുകൾ  ആണല്ലോ.  
ഒടുവിൽ  അവരെനിക്കു വിധിച്ചതും
രാജ്യദ്രോഹിക്കുള്ള ശിക്ഷ തന്നെ.


ഡിസംബർ 25, 2012

നീതി നടുകടന്നു

നീതി നടുകടന്നു 
ഇറ്റലി യിലേക്ക് 
എന്നിട്ടും  
മനുഷ്യാവകാശം 
ഇന്നും  
അഴികള്‍ക്കുള്ളില്‍ മരവിച്ചു   കിടക്കുകയാണ് .


 

ജൂലൈ 07, 2012

എന്റെ രാത്രിമഴകള്‍



     എന്റെ രാത്രിമഴകള്‍  

ഒരു കുസൃതി  കുട്ടിയാണല്ലോ എന്റെ  മഴ
ഞാനവന്റെ  ചങ്ങാതിയും
മണിച്ചെപ്പ്‌  കിലുക്കിവരുന്ന   മഴ
രാവിനു  താളവും  മേളവും ഈണവു മേകുമ്പോള്‍ 
എന്റെ   ഉറക്കം കെടുത്തുന്നത് 
എന്റെ പായക്കരികില്‍ 
ഓരോ തുള്ളിയും  ഏറ്റുവാങ്ങാന്‍ 
ഉമ്മകൊണ്ടുവച്ച  പാത്രങ്ങളായിരുന്നു 
അപ്പോള്‍ എന്റെ   ഉമ്മ 
മഴയുടെ  കുസൃതികള്‍  കണ്ടു
പേടിക്കുമായിരുന്നു 
അന്ന് 
കണ്ണുനീരില്‍  കുതിര്‍ന്ന
ഉമ്മയുടെ  മഴയോടൊപ്പം
 എന്റെ ചങ്ങാതിയെ 
എന്തിനെന്നറിയാതെ ഞാനും പേടിച്ചു
രാത്രിമഴകള്‍  അന്നെന്റെ  ഉമ്മയോടൊപ്പം
എന്നെയും  പേടിപ്പിച്ചത്‌
എന്തിനാണെന്ന്  ഇന്നെനിക്കറിയാം .

ജൂലൈ 03, 2012

നാടുകടന്ന അക്ഷരം


നാടുകടന്ന  അക്ഷരം


തെരുവിലെ  അക്ഷരം
തൊലിയുരിച്ചു 
ചോരവാര്‍ന്ന്  
അഴുകിയ  നാവുകളില്‍
പുഴുവരിച്ച്  
മരണം  കാത്തു  കിടന്നു.
ഏട്ടിലെ അക്ഷരം
കഴുതപ്പുറമേറി
പാമരരെയും കൊണ്ട് 
നാടുകടന്നു. 

 


ഇനിയും എന്നെ കണ്ടില്ല

ഇനിയും  എന്നെ  കണ്ടില്ല
ഞാന്‍ 
എന്നെ കാണാന്‍ 
പുറപ്പെട്ടതാണ് 
കണ്ടത് ആരോ  
നടന്നു തീര്‍ത്ത  മുഷിഞ്ഞു  നാറിയ  
വഴികളാണ് 
ഞാന്‍ 
എന്നെ തേടി  പുറപ്പെട്ടതാണ് 
കണ്ടത്  മരിച്ചുപോയ മനസ്സുകളാണ് 
ഞാന്‍      
എന്നെ  വില്കാന്‍ ചന്തയില്‍ 
ചെന്നതാണ് 
കണ്ടത് 
വിലപറഞ്ഞു വച്ച യൌവനങ്ങളാണ്
ഒടുവില്‍  എന്നെ 
വിളിക്കാന്‍  വന്നപ്പോള്‍ 
അവരെന്നെ  അയക്കാന്‍ 
കുളിപ്പിച്ച്  കിടത്തുകയാണ് 
കഫന്‍ പുടവയില്‍  പൊതിഞ്ഞുകെട്ടുകയാണ്
ഇനി    ഞാനെവിടെ 
ഞാന്‍ പള്ളിക്കാട്ടിലെ  
രണ്ടു മീസാന്‍  കല്ലുകള്‍ 
മാത്രമാവുകയോ   ?



ജൂലൈ 01, 2012

നമ്മെ ചോദ്യം ചെയ്യുന്ന മനുഷ്യന്‍



നമ്മെ ചോദ്യം ചെയ്യുന്ന മനുഷ്യന്‍  

എന്റെ 
കാരാഗൃഹ ജീവതം  കണ്ടു       
ആനന്ദിക്കുകയല്ലേ നിങ്ങള്‍ 
അതിനാല്‍  എനിക്ക്  ദുഖമില്ല 
ഇനിയെന്റെ ജീവനെടുത്താലാണ് 
ആനന്ദ ലബ്ധിയെങ്കില്‍    
വേഗമങ്ങു തൂക്കികൊന്നേക്കുക  
അതാണ്‌ ഞാന്‍  എന്ന  
മനുഷ്യന്  നിങ്ങള്ക്ക്
നല്കാവുന്നതില്‍  വെച്ച്  ഏറ്റവും  വലിയ
മനുഷ്യാവകാശം  .




ജൂൺ 30, 2012

ചൂടുള്ള പ്രവാസങ്ങള്‍

ചൂടുള്ള പ്രവാസങ്ങള്‍ 



കുഞ്ഞായിരിക്കുമ്പോള്‍
വെയില്  കൊള്ളാന്‍ പോയ
എന്നെ ഉമ്മ   ശകാരിച്ചു  
പ്രവാസിയാവാന്‍  പോയ എന്നെ   
ഉമ്മ  ശകാരിച്ചില്ല     
പക്ഷെ  പ്രവാസത്തിന്റെ  വെയിലിനു  
എത്ര  ചൂടുണ്ടെന്നു 
എന്റെ  ഉമ്മാക്ക്  അറിയില്ലായിരുന്നുവല്ലോ

ജൂൺ 28, 2012

തനിച്ചല്ല നീ



തനിച്ചല്ല നീ
ഓരോ ഇടനാഴികളും
പിന്നിടുമ്പോള്‍ നിഴലുകളുടെ ആരവം
കേള്‍ക്കുന്നവര്‍ അന്നങ്ങനെ  പറഞ്ഞിരുന്നു 
അതെ തനിച്ചല്ല ഞാന്‍
പിന്തിരിഞ്ഞു  നോക്കുമ്പോള്‍
എന്നെ പെടിപ്പിച്ചിരുന്ന നിഴലുകള്‍
എനിക്ക് ജയ് വിളിക്കുന്നു
അവരെ പറഞ്ഞിട്ട് കാര്യമില്ല
എന്റെ കിരീടവും ചെങ്കോലും

പടിയിറങ്ങുന്ന നേരം വരുംവരെ  
അവര്‍ കാത്തിരിക്കും   
എന്റെ കോലം കത്തിക്കാന്‍ .