ജൂൺ 30, 2012

ചൂടുള്ള പ്രവാസങ്ങള്‍

ചൂടുള്ള പ്രവാസങ്ങള്‍ 



കുഞ്ഞായിരിക്കുമ്പോള്‍
വെയില്  കൊള്ളാന്‍ പോയ
എന്നെ ഉമ്മ   ശകാരിച്ചു  
പ്രവാസിയാവാന്‍  പോയ എന്നെ   
ഉമ്മ  ശകാരിച്ചില്ല     
പക്ഷെ  പ്രവാസത്തിന്റെ  വെയിലിനു  
എത്ര  ചൂടുണ്ടെന്നു 
എന്റെ  ഉമ്മാക്ക്  അറിയില്ലായിരുന്നുവല്ലോ

ജൂൺ 28, 2012

തനിച്ചല്ല നീ



തനിച്ചല്ല നീ
ഓരോ ഇടനാഴികളും
പിന്നിടുമ്പോള്‍ നിഴലുകളുടെ ആരവം
കേള്‍ക്കുന്നവര്‍ അന്നങ്ങനെ  പറഞ്ഞിരുന്നു 
അതെ തനിച്ചല്ല ഞാന്‍
പിന്തിരിഞ്ഞു  നോക്കുമ്പോള്‍
എന്നെ പെടിപ്പിച്ചിരുന്ന നിഴലുകള്‍
എനിക്ക് ജയ് വിളിക്കുന്നു
അവരെ പറഞ്ഞിട്ട് കാര്യമില്ല
എന്റെ കിരീടവും ചെങ്കോലും

പടിയിറങ്ങുന്ന നേരം വരുംവരെ  
അവര്‍ കാത്തിരിക്കും   
എന്റെ കോലം കത്തിക്കാന്‍ .

ജൂൺ 17, 2012

ഉറങ്ങിപ്പോയി


                                                    




അക്ഷരം കീ ബോര്‍ഡ് തന്നു
പക്ഷെ വാക്ക് തന്നില്ല
വാക്ക് ഞാന്‍ നിര്‍മിച്ചു
പക്ഷെ ആശയം  കണ്ടില്ല 
ആശയം പുസ്തകങ്ങളില്‍  കണ്ടു 
പക്ഷെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല
തിരിച്ചറിവ് ലോകം തന്നു
പക്ഷെ ഇടപെടാന്‍ കഴിഞ്ഞില്ല
ഇടപെടുന്നവര്‍ വാതിലില്‍ തട്ടിവിളിച്ചു 
പക്ഷെ അപ്പോള്‍   ഞാന്‍ ഉറങ്ങിപ്പോയിരുന്നു .

ജൂൺ 15, 2012

ചീന്തിയെടുത്ത ജീവിതങ്ങള്‍





ചീന്തിയെറിഞ്ഞ  ജീവിതങ്ങള്‍  ഉറങ്ങുന്ന   
തെരുവിലെ  ചവറുകൂനയില്‍ 
ആരോ  പൊതിഞ്ഞുവച്ച  ചാരിത്ര്യത്തില്‍ 
ചോരതുടിപ്പുകള്‍  കണ്ടു  .
 
ചവറുകൂനയിലെ   ചോരത്തുടിപ്പിന്റെ   
സദാചാരം  തിരഞ്ഞു
പോയവര്‍ക്ക്  കാണാന്‍  കഴിഞ്ഞതോ
സ്വന്തം  പ്രതിരൂപം  തന്നെ .

ചവറിനേക്കാള്‍ 
നാറിയ   സദാചാരക്കാരുടെ
വേദാന്തം  കേട്ട്
അന്ന്  ചവറുകൂനപോലും  മൂക്കുപൊത്തി .


ജൂൺ 12, 2012

കുഴിമാടം

 

 

മറന്നു വച്ച  കൊടുവാളെടുക്കാന്‍     തിരിച്ചു  വന്ന   അയാളെ ആരോ  വെട്ടിക്കൊന്നു .

ശേഷം    രക്തസാക്ഷിയുടെ  പുതപ്പ്   പുതപ്പിച്ചു കിടത്തി  . ആകിടപ്പില്‍   റീത്ത്  വെക്കുന്നവരുടെ   മുഖത്തെ  ദുഖഭാവവും  ഉള്ളിലെ  സന്തോഷവും   കണ്ടു.

 അയാളെ  വെട്ടിക്കൊന്നവരെ  അടുത്തുവിളിച്ചു  ഒളിവില്‍  പറഞ്ഞയച്ച  നേതാവിന്റെ   കണ്ണില്‍  നിന്നു രണ്ടു  തുള്ളി   കണ്ണീര്‍ വീണു.  അത്   ‌ വെട്ടുകൊണ്ട  ഭാഗത്ത് തന്നെ    വീണപ്പോള്‍  അയാള്‍ക്ക്‌    വല്ലാതെ   എരിഞ്ഞു.

 

പിന്നെ  

ജീവിക്കുന്നു   ഞങ്ങളിലൂടെ എന്ന       മുദ്രാവാക്യവും    മുഴക്കിക്കൊണ്ട്  അയാളെ      കുഴിമാടത്തിലേക്ക്  എടുത്തപ്പോള്‍   വീടിന്റെ  അകത്തളം  തേങ്ങുന്നതു   അന്നാദ്യമായി  അറിഞ്ഞു .

ഇനി  കുഴിമാടം , പുഷ്പാര്‍ച്ചന , രക്തസാക്ഷി  ദിനാചരണം. പ്രാദേശിക  സമ്മേളനത്തിലെ  നഗരിയുടെ  പേര്  അങ്ങനെ  പാര്‍ട്ടി നടപ്പാചാരങ്ങള്‍ക്ക്  വിധേയനാക്കപ്പെടും .നടക്കട്ടെ.

ചോരമണ മുള്ള കൈകള്‍  തന്നെ   എല്ലാം  ചെയ്യട്ടെ .

എന്നാല്‍   കുഴിമാടത്തിലെ  ശിലാഫലകത്തില്‍  മകന്‍  എഴുതി വച്ച  കുറിപ്പ്   ഇന്നുവരെ  കേട്ടതില്‍  വച്ച്  ഏറ്റവും  വലിയ    സത്യവാചകമെന്നു അയാള്‍ക്ക്‌    തോന്നി  . അതിങ്ങനെ  ആയിരുന്നു   " വെട്ടുകൊണ്ടു  മരിക്കാന്‍  തയ്യാറാവുക   കൊടുവാള്‍  വെച്ച് മറക്കുന്നവര്‍"  




മേയ് 09, 2012

മാനവികത

മാനവികത എന്നെയും
വിളിച്ചുണര്‍ത്താന്‍ വന്നു
അവര്‍ക്കതിനു കഴിഞ്ഞില്ല
മുടികൊണ്ട്‌ മുഖം മറച്ചു
ഞാനവരെ പറ്റിച്ചു .
 
               
                                           
                                              താടിയും ബീഡിയും
 
താടിക്ക് തീ പിടിച്ചു
തീ കണ്ടു താടി ചോദിച്ചു
ബീഡി യുണ്ടോ സഖാവേ
ഒരു താടിയെടുക്കാന്‍ .
ഇനി
താടിയും ബീഡിയും
കൂടി കാശിക്കു പോയാല്‍
ആരാണ് ആദ്യമെത്തുക
എന്നറിഞ്ഞാല്‍ മതി .
 
 
 

ഏപ്രിൽ 29, 2012

ചതുരം

കളങ്ങള്‍  വരഞ്ഞു   
ചതുര പെട്ടികള്‍  തീര്‍ത്തു 
ചുറ്റും  
ഭിത്തികള്‍  ഉയര്‍ത്തി  
കണ്ണിനും   മനസ്സിനും 
കാതിനും ഇനി  
ചാടിക്കടക്കാന്‍  വഴിയേതുമില്ല ഇനി
ശാന്തമായൊന്നുറങ്ങട്ടെ.

എന്നിട്ടും  
ശാന്തികിട്ടാത്ത 
മസ്സിനെ  ശാന്തമാക്കാന്‍  
വേറെ വല്ല   വഴിയുമുണ്ടോന്നു  
ഗൂഗിളില്‍  തിരഞ്ഞു 
അവിടെ  
തെരുവ്  
മനുഷ്യന്‍  ശന്തമായുറങ്ങുന്ന   
ചിത്രം  മാത്രം   അയാള്‍  കണ്ടില്ല .

ഏപ്രിൽ 24, 2012

അശാന്തരുടെ കലഹം




പൈതലുറങ്ങും നേരവും
എന്റെ തെരുവോരവും
ഞാന്‍ നിനക്ക് തന്നു
ഒരിറ്റു വെളിച്ചം കെട്ടുപോയ രാത്രികളും
ഞാന്‍ നിനക്ക്തന്നു 

ഇനിയെന്റെ വാക്കുകളും
നീ മുറിച്ചെടുത്തു കൊള്‍ക
ഇനിയെന്റെ ചുടു നിശ്വാസവും
നീര്‍ വറ്റിയ വിതുമ്പലും
നിന്റെ കാല്‍ക്കീഴിലിട്ടെരിച്ചു കൊള്‍ക
ഇനിയുമെന്റെ പറയാത്ത വാക്കുകള്‍
കഴുമരമേറ്റുക
ഒടുവില്‍ നീ എന്റെ നാവരിഞ്ഞു
നായ്ക്കള്‍ക്കെറിയുക

നിന്റെ തലമുറകള്‍
തെരുവിലെ പുഴുവായിടുമ്പോള്‍
നീ ഉന്മാദ ചിത്തനായ് രമിച്ചു കൊള്‍ക
തെരുവിനെ അശാന്തമാക്കി  
ഹൃദയങ്ങള്‍  കലുഷമാക്കി  ഒടുവില്‍
നീ നേടിയതെന്ത്  .