ജൂലൈ 07, 2011
തട്ടിപ്പിന്റെ നെറ്റ്‌വര്‍ക്കുകള്‍ നിരോധമല്ലാതെ പരിഹാരമില്ല
ആട്, തേക്ക്, മാഞ്ചിയം തട്ടിപ്പിനു ശേഷം മലയാളികള്‍ വീണ്ടും 2001ല്‍ നെറ്റ്‌വര്‍ക് മാര്‍ക്കറ്റിങ്ങിലൂടെ വ്യാപകമായി സാമ്പത്തിക തട്ടിപ്പിനിരയായി. പത്രങ്ങള്‍ പരമ്പരകളെഴുതി. പൊലീസ് കേസുകളെടുത്തു. അറസ്റ്റുകള്‍ നടന്നു. തട്ടിപ്പ്‌സംഘങ്ങള്‍ നിര്‍ജീവമായി. അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം 2006 ല്‍ നവീകരിച്ച നെറ്റ്‌വര്‍ക് തട്ടിപ്പുകളും തുടര്‍കോലാഹലങ്ങളും ആവര്‍ത്തിച്ചു. കൃത്യം അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം 2011ല്‍ സാമ്പത്തിക തട്ടിപ്പ് ഒരു വ്യത്യാസവുമില്ലാതെ ആവര്‍ത്തിച്ചിരിക്കുന്നു. ഒരു നെറ്റ്‌വര്‍ക് മാര്‍ക്കറ്റിങ്ങിന്റെ ആയുര്‍ദൈര്‍ഘ്യം മൂന്ന് വര്‍ഷമത്രെ. 90 ശതമാനം കമ്പനികളും മൂന്ന് വര്‍ഷത്തിനുള്ളില്‍ പൊളിയുമെന്നാണ് നെറ്റ്‌വര്‍ക് മാര്‍ക്കറ്റിങ്ങിനെ കുറിച്ച് ആഴത്തില്‍ പഠിച്ച റോബര്‍ട്ട്. എസ്. ഫിറ്റ്‌സ് പാട്രിക് നീരിക്ഷിക്കുന്നത്. ആവര്‍ത്തിച്ചുവരുന്ന കേരളത്തിലെ തട്ടിപ്പ് പരമ്പര ഈ നിരീക്ഷണത്തെ സാധൂകരിക്കുന്നുണ്ട്. കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ 10,000ത്തിലധികം കോടി രൂപയാണ് ഇത്തരം തട്ടിപ്പുകളിലൂടെ കേരളത്തില്‍നിന്ന് ശേഖരിക്കപ്പെട്ടത്. കേരളത്തില്‍ നടക്കുന്ന സാമ്പത്തിക തട്ടിപ്പ് തടയാന്‍ മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ്ങിന്റെ പേരില്‍ നടക്കുന്ന നെറ്റ്‌വര്‍ക് മാര്‍ക്കറ്റിങ്ങിനെ നിരോധിക്കുകയല്ലാതെ മറ്റു മാര്‍ഗമില്ല. 1978ലെ പ്രൈസ്, ചിറ്റ്‌സ് മണി സര്‍ക്കുലേഷന്‍ (ബാനിങ്) ആക്ട് കാലാനുസൃതമായി നവീകരിച്ചുകൊണ്ടോ പുതിയ നിയമനിര്‍മാണത്തിലൂടെയോ മാത്രമേ ഇത്തരം തട്ടിപ്പുകള്‍ പൂര്‍ണമായി തടയാന്‍ സാധിക്കൂ. നിയമത്തിലെ അപര്യാപ്തകളും ദുര്‍ബലതകളും മുതലെടുത്താണ് പല തട്ടിപ്പ്‌സംഘങ്ങളും നിയമ പരിരക്ഷയുണ്ടെന്നു തെറ്റിദ്ധരിപ്പിക്കുന്നത്. യഥാര്‍ഥത്തില്‍ എല്ലാ എം.എല്‍.എമ്മുകളും പിരമിഡ് മാതൃകയില്‍ ധനസമ്പാദന മാര്‍ഗമാണ് സ്വീകരിക്കുന്നത്. പിരമിഡ് ഘടനയിലുള്ള കച്ചവടരീതികള്‍ വഞ്ചനാത്മകമാണെന്നു ലോകം അംഗീകരിച്ചതും അവയെ നിരോധിച്ചതുമാണ്.
പിരമിഡ് കച്ചവടങ്ങള്‍ക്കുമേലുള്ള നിരോധങ്ങളെ മറികടക്കുന്നതിനും നിക്ഷേപകരെ വഞ്ചിക്കുന്നതിനും കമ്പനികള്‍ കണ്ട കുറുക്കുവഴിയാണ് ഉല്‍പന്നങ്ങളുടെ വിതരണവും മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ് എന്ന വാദവും. ഇതിലൂടെ മണി ചെയ്ന്‍ ആക്ടിനെ മറികടക്കാനും ഉല്‍പന്നങ്ങളുടെ വിതരണത്തെ മറയാക്കി തങ്ങള്‍ മണിചെയിനല്ല, അംഗീകൃതവും നിയമാനുസൃതവുമായ കച്ചവടമാണ് നടത്തുന്നതെന്ന് വാദിക്കുന്നതിനും കമ്പനികള്‍ക്ക് സാധിക്കുന്നു. അമേരിക്കന്‍നിയമത്തെ മറികടക്കാന്‍ 'ആംവേ' സ്വീകരിച്ച ഈ വിദ്യ എല്ലാവരും അനുകരിക്കുകയായിരുന്നു.
1978 ലെ പ്രൈസ്, ചിറ്റ്‌സ് മണി സര്‍ക്കുലേഷന്‍ (ബാനിങ്) നിയമത്തിന് പല പരിമിതികളുമുണ്ട്. അവ പരിഹരിക്കുന്നതിന് സമഗ്ര നിയമനിര്‍മാണത്തിലൂടെ മാത്രമേ സാധിക്കൂ. എങ്കിലും, നിലവിലെ നിയമങ്ങള്‍ ഉപയോഗിച്ച് തന്നെ സര്‍ക്കാറിന് അടിയന്തരമായി ഈ തട്ടിപ്പ് നിരോധിക്കാവുന്നതും നിയമനടപടികള്‍ സ്വീകരിക്കാവുന്നതുമാണ്. റിസര്‍വ്ബാങ്കിന്റെ നിര്‍ദേശപ്രകാരം കലക്ടീവ് ഇന്‍വെസ്റ്റ്‌മെന്റ് നടത്തണമെങ്കില്‍ (സി.ഐ.എസ്) 1999 'സെബി' ആക്ട് പ്രകാരം അംഗീകാരം നിര്‍ബന്ധമായി നേടണം. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു മള്‍ട്ടി ലെവല്‍ കമ്പനിക്കും 'സെബി' അംഗീകാരമില്ല. ഇതുമാത്രം മതി പൊലീസിന് കമ്പനികളെ നിരോധിക്കാനും നടപടി സ്വീകരിക്കാനും.
2005ല്‍ ആപ്പിള്‍ എഫ്.എം.സി.ജി മാര്‍ക്കറ്റിങ് ലിമിറ്റഡ് കേസില്‍ മദ്രാസ് ഹൈകോടതി മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ് മണിചെയിനാണെന്നും മണി സര്‍ക്കുലേഷന്‍ ബാനിങ് ആക്ട് പ്രകാരം നിരോധിക്കാവുന്നതാണെന്നും വിധിച്ചിട്ടുണ്ട്. വിധിന്യായത്തില്‍ കോടതി വ്യക്തമാക്കുന്നു 'ഏത് സ്‌കീമും എന്ത് പേരിലാണ് അറിയപ്പെടുന്നതെങ്കിലും, അംഗമായി ചേരുന്നവര്‍ക്ക് എളുപ്പത്തിലും വേഗത്തിലും പണം ലഭിക്കുമെന്ന് വാഗ്ദാനം നല്‍കുന്നുണ്ടെങ്കില്‍ അത്തരം സ്‌കീമുകളും കമ്പനികളും മണി സര്‍ക്കുലേഷന്റെ നിര്‍വചനത്തില്‍ പെടും. ഒരു ജോലിയും ചെയ്യാതെയാണ് അതിലെ അംഗങ്ങള്‍ കമീഷന്‍ തരപ്പെടുത്തുന്നത്. അവര്‍ കമീഷന്‍ പറ്റുന്നു എന്നതിനര്‍ഥം അവര്‍ എളുപ്പത്തില്‍ കാശ് കൈവശപ്പെടുത്തുന്നു എന്നാണ്. അവയെല്ലാം മണി സര്‍ക്കുലേഷന്‍ സ്‌കീമിന്റെ നിര്‍വചനത്തില്‍ പെടുന്നതാണ്' (ഖണ്ഡിക 20). മദ്രാസ് ഹൈകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഹൈദരാബാദ് എസ്.പി സാഗനാര്‍ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് നിരോധിച്ചു ഉത്തരവിറക്കുകയും കമ്പനികള്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തു. ആന്ധ്ര ഗവണ്‍മെന്റ് മള്‍ട്ടിലെവല്‍ കമ്പനികള്‍ക്കെതിരെ ശക്തമായി നടപടി സ്വീകരിച്ചതിനെതിരെ 'ആംവെ' ആന്ധ്ര ഹൈകോടതിയില്‍ കേസിന് പോയെങ്കിലും കോടതി ശക്തമായ നിലപാടാണ് സ്വീകരിച്ചത്. 2008ലെ കുര്യച്ചന്‍ ചാക്കോ കേസിലെ സുപ്രീംകോടതി വിധിപ്രകാരവും നെറ്റ്‌വര്‍ക് മാര്‍ക്കറ്റിങ് കമ്പനികളെ ഐ.പി.സി 420 പ്രകാരവും മണി സര്‍ക്കുലേഷന്‍ ബാനിങ് ആക്ട് പ്രകാരവും നിരോധിക്കുകയും നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്യാം.
കേരളത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ് കമ്പനികള്‍ നിലനില്‍ക്കുന്ന നിയമങ്ങളുടെ ലംഘനങ്ങളിലൂടെയാണ് തട്ടിപ്പുകള്‍ക്ക് വലവിരിക്കുന്നത്. പല കമ്പനികളും അവകാശപ്പെടുന്നത് പണം ഷെയറായാണ് സ്വീകരിക്കുന്ന തെന്നാണ്. (ബിസാര്‍ നിക്ഷേപം സ്വീകരിച്ചത് ഇപ്രകാരമാണ്). കമ്പനികള്‍ക്ക് പൊതുജനങ്ങളില്‍ നിന്ന് ഷെയര്‍ സ്വീകരിക്കണമെങ്കില്‍ 'സെബി'യുടെ പോര്‍ട്ട്‌ഫോളിയോ മാനേജ്‌മെന്റ് ലൈസന്‍സ് വേണം. ഇന്‍ഷുറന്‍സ് സ്‌കീമുകളാണ് നിക്ഷേപകര്‍ക്ക് നല്‍കുന്നതെങ്കില്‍ ഇന്‍ഷുറന്‍സ് ഏജന്റ് ആകാനുള്ള ഐ.ആര്‍.ഡി.എ ലൈസന്‍സ് വേണം. മരുന്നുകളും രോഗശമന വസ്തുക്കളുമാണ് വിതരണം ചെയ്യുന്നതെങ്കില്‍ ഫുഡ് ആന്‍ഡ് ഡ്രഗ്‌സ് കണ്‍ട്രോള്‍ കമീഷന്റെ അംഗീകാരം നേടണം. ഇത്തരത്തിലുള്ള ഒരു നിയമ മാനദണ്ഡവും പാലിക്കാതെയാണ് നെറ്റ്‌വര്‍ക്ക് കമ്പനികള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. അംഗങ്ങളായി ചേരുന്നവരെയും ഏജന്റുമാരെയും സാമ്പത്തികതട്ടിപ്പിന് നിയമലംഘനത്തിനും അറസ്റ്റ് ചെയ്യാവുന്നതാണെന്ന് ആര്‍ത്തിയുടെ വലയില്‍ പെടുന്ന ആര്‍ക്കും അറിയില്ലെന്നതാണ് സത്യം.
കേരളസര്‍ക്കാറും പൊലീസും പുലര്‍ത്തുന്ന നിസ്സംഗതയാണ് ഈ തട്ടിപ്പുകള്‍ ഇത്ര തഴച്ചുവളരുന്നതിന് ഇടവരുത്തിയത്. ഏകദേശം 420 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും 20ലധികം കമ്പനികള്‍ സംശയത്തിന്റെ കരിനിഴലിലാകുകയും ചെയ്തിട്ടും അവയെ നിരോധിക്കാനോ ബാങ്ക് അക്കൗണ്ടുകള്‍ തടയാനോ സര്‍ക്കാര്‍ മുതിര്‍ന്നിട്ടില്ല. അതുകൊണ്ടുതന്നെ ടൈക്കൂണ്‍ മാതൃകയില്‍ മുഴുവന്‍ പണവും പിന്‍വലിച്ച് തട്ടിപ്പുകാര്‍ക്ക് മുങ്ങാന്‍ അവസരം ലഭിക്കുന്നു. 2001ല്‍ 'ആംവെ'യുടെ എറണാകുളം ഓഫിസില്‍ നടന്ന റെയ്ഡില്‍ മണിചെയിന്‍, ഡ്രഗ്‌സ് ആന്‍ഡ് കോസ്മറ്റിക്‌സ് ആക്ട് എന്നിവയുടെ ലംഘനം ബോധ്യപ്പെട്ടെങ്കിലും കേസുകള്‍ അട്ടിമറിക്കപ്പെടുകയായിരുന്നു. ആര്‍. എം.പി, മോഡികെയര്‍ തുടങ്ങിയ കമ്പനികള്‍ക്കെതിരെ കല്‍പകഞ്ചേരി, വാകത്താനം സ്‌റ്റേഷനുകളില്‍ കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും തുടര്‍ നടപടികളുണ്ടായിട്ടില്ല. ഇതര സംസ്ഥാനങ്ങളില്‍ നടപടിക്ക് വിധേയമായ കമ്പനികള്‍ കേരളത്തില്‍ ഒരു പ്രയാസവുമില്ലാതെ പ്രവര്‍ത്തിക്കുകയായിരുന്നു. കേരളത്തില്‍ 2006 ല്‍ സജീവമായ കോണിബയോയുടെ മെഡിക്കല്‍ ഉല്‍പന്നങ്ങള്‍ ഗുജറാത്ത് ഫുഡ് കണ്‍ട്രോള്‍ കമീഷന്‍ കണ്ടുകെട്ടിയതാണ്. ടൈക്കൂണ്‍ എംപയറിനെ രണ്ട് വര്‍ഷം മുമ്പ് കര്‍ണാടക സര്‍ക്കാര്‍ സാമ്പത്തിക തട്ടിപ്പിന്റെ പേരില്‍ നിരോധിച്ചതാണ്. സര്‍ക്കാര്‍ അനാസ്ഥയുടെ ഉത്തമോദാഹരണമാണ് 'ലിസ്' എന്ന തട്ടിപ്പ് കമ്പനിയെ നിരോധിക്കുകയും നിയമ നടപടി സ്വീകരിക്കുകയും ചെയ്തതിന് ശേഷം, അവര്‍തന്നെ മറ്റൊരു പേരില്‍ പുതിയ തട്ടിപ്പ് കമ്പനി തുടങ്ങി ദൃശ്യ/അച്ചടി മാധ്യമങ്ങളില്‍ പരസ്യം നല്‍കി നിക്ഷേപകരെ ആകര്‍ഷിച്ചുകൊണ്ടിരിക്കുന്നത്. നിയമത്തിന്റെയും നിയമനിര്‍വഹണത്തിലെയും അപര്യാപ്തതകള്‍ മുതലെടുത്താണ് ഇത്തരം കമ്പനികള്‍ ജനങ്ങളെ പറ്റിക്കുന്നത്. വ്യാപകമാകുന്ന സാമ്പത്തിക തട്ടിപ്പുകളില്‍ അതുകൊണ്ടുതന്നെ ഭരണകൂടം പ്രതിസ്ഥാനത്താണ്. ഉത്തരവാദിത്തമുള്ള സംസ്ഥാന സര്‍ക്കാര്‍ സാമ്പത്തികതട്ടിപ്പുകള്‍ അവസാനിപ്പിക്കുന്നതിന് സമഗ്രമായ നിയമം നിര്‍മിക്കാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തുകയാണ് വേണ്ടത്. നിയമസഭയില്‍ അതിനുവേണ്ടി സര്‍ക്കാറിന് പ്രമേയം കൊണ്ടുവരാവുന്നതാണ്. അതോടൊപ്പം നിലവിലെ നിയമങ്ങള്‍വെച്ച് അവ നിരോധിക്കാനുള്ള ആര്‍ജവം കാണിക്കുകയും വേണം.
പി ഐ നൌഷാദ് എഴുതിയ ലേഖനം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
1 അഭിപ്രായം:
കറക്കുകമ്പനികള്‍ക്കെതിരെ ഒച്ചപ്പാടുകളുണ്ടാകുമ്പോള്‍ തല്ക്കാലം തല വലിക്കും .പിന്നെയും അവര്‍ തലപൊക്കും -പലപേരില്‍ !ഇവരുടെ വലയിലേക്ക് ലക്ഷങ്ങളെറിയാന്‍ ആളുണ്ടാകുമ്പോള്‍ [താടിയും തലപ്പാവും വെച്ചവര്‍ വരെ ]എന്തു പറയാന്‍ ?
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ