ജൂൺ 30, 2012

ചൂടുള്ള പ്രവാസങ്ങള്‍

ചൂടുള്ള പ്രവാസങ്ങള്‍ കുഞ്ഞായിരിക്കുമ്പോള്‍
വെയില്  കൊള്ളാന്‍ പോയ
എന്നെ ഉമ്മ   ശകാരിച്ചു  
പ്രവാസിയാവാന്‍  പോയ എന്നെ   
ഉമ്മ  ശകാരിച്ചില്ല     
പക്ഷെ  പ്രവാസത്തിന്റെ  വെയിലിനു  
എത്ര  ചൂടുണ്ടെന്നു 
എന്റെ  ഉമ്മാക്ക്  അറിയില്ലായിരുന്നുവല്ലോ

ജൂൺ 28, 2012

തനിച്ചല്ല നീതനിച്ചല്ല നീ
ഓരോ ഇടനാഴികളും
പിന്നിടുമ്പോള്‍ നിഴലുകളുടെ ആരവം
കേള്‍ക്കുന്നവര്‍ അന്നങ്ങനെ  പറഞ്ഞിരുന്നു 
അതെ തനിച്ചല്ല ഞാന്‍
പിന്തിരിഞ്ഞു  നോക്കുമ്പോള്‍
എന്നെ പെടിപ്പിച്ചിരുന്ന നിഴലുകള്‍
എനിക്ക് ജയ് വിളിക്കുന്നു
അവരെ പറഞ്ഞിട്ട് കാര്യമില്ല
എന്റെ കിരീടവും ചെങ്കോലും

പടിയിറങ്ങുന്ന നേരം വരുംവരെ  
അവര്‍ കാത്തിരിക്കും   
എന്റെ കോലം കത്തിക്കാന്‍ .

ജൂൺ 17, 2012

ഉറങ്ങിപ്പോയി


                                                    
അക്ഷരം കീ ബോര്‍ഡ് തന്നു
പക്ഷെ വാക്ക് തന്നില്ല
വാക്ക് ഞാന്‍ നിര്‍മിച്ചു
പക്ഷെ ആശയം  കണ്ടില്ല 
ആശയം പുസ്തകങ്ങളില്‍  കണ്ടു 
പക്ഷെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല
തിരിച്ചറിവ് ലോകം തന്നു
പക്ഷെ ഇടപെടാന്‍ കഴിഞ്ഞില്ല
ഇടപെടുന്നവര്‍ വാതിലില്‍ തട്ടിവിളിച്ചു 
പക്ഷെ അപ്പോള്‍   ഞാന്‍ ഉറങ്ങിപ്പോയിരുന്നു .

ജൂൺ 15, 2012

ചീന്തിയെടുത്ത ജീവിതങ്ങള്‍

ചീന്തിയെറിഞ്ഞ  ജീവിതങ്ങള്‍  ഉറങ്ങുന്ന   
തെരുവിലെ  ചവറുകൂനയില്‍ 
ആരോ  പൊതിഞ്ഞുവച്ച  ചാരിത്ര്യത്തില്‍ 
ചോരതുടിപ്പുകള്‍  കണ്ടു  .
 
ചവറുകൂനയിലെ   ചോരത്തുടിപ്പിന്റെ   
സദാചാരം  തിരഞ്ഞു
പോയവര്‍ക്ക്  കാണാന്‍  കഴിഞ്ഞതോ
സ്വന്തം  പ്രതിരൂപം  തന്നെ .

ചവറിനേക്കാള്‍ 
നാറിയ   സദാചാരക്കാരുടെ
വേദാന്തം  കേട്ട്
അന്ന്  ചവറുകൂനപോലും  മൂക്കുപൊത്തി .


ജൂൺ 12, 2012

കുഴിമാടം

 

 

മറന്നു വച്ച  കൊടുവാളെടുക്കാന്‍     തിരിച്ചു  വന്ന   അയാളെ ആരോ  വെട്ടിക്കൊന്നു .

ശേഷം    രക്തസാക്ഷിയുടെ  പുതപ്പ്   പുതപ്പിച്ചു കിടത്തി  . ആകിടപ്പില്‍   റീത്ത്  വെക്കുന്നവരുടെ   മുഖത്തെ  ദുഖഭാവവും  ഉള്ളിലെ  സന്തോഷവും   കണ്ടു.

 അയാളെ  വെട്ടിക്കൊന്നവരെ  അടുത്തുവിളിച്ചു  ഒളിവില്‍  പറഞ്ഞയച്ച  നേതാവിന്റെ   കണ്ണില്‍  നിന്നു രണ്ടു  തുള്ളി   കണ്ണീര്‍ വീണു.  അത്   ‌ വെട്ടുകൊണ്ട  ഭാഗത്ത് തന്നെ    വീണപ്പോള്‍  അയാള്‍ക്ക്‌    വല്ലാതെ   എരിഞ്ഞു.

 

പിന്നെ  

ജീവിക്കുന്നു   ഞങ്ങളിലൂടെ എന്ന       മുദ്രാവാക്യവും    മുഴക്കിക്കൊണ്ട്  അയാളെ      കുഴിമാടത്തിലേക്ക്  എടുത്തപ്പോള്‍   വീടിന്റെ  അകത്തളം  തേങ്ങുന്നതു   അന്നാദ്യമായി  അറിഞ്ഞു .

ഇനി  കുഴിമാടം , പുഷ്പാര്‍ച്ചന , രക്തസാക്ഷി  ദിനാചരണം. പ്രാദേശിക  സമ്മേളനത്തിലെ  നഗരിയുടെ  പേര്  അങ്ങനെ  പാര്‍ട്ടി നടപ്പാചാരങ്ങള്‍ക്ക്  വിധേയനാക്കപ്പെടും .നടക്കട്ടെ.

ചോരമണ മുള്ള കൈകള്‍  തന്നെ   എല്ലാം  ചെയ്യട്ടെ .

എന്നാല്‍   കുഴിമാടത്തിലെ  ശിലാഫലകത്തില്‍  മകന്‍  എഴുതി വച്ച  കുറിപ്പ്   ഇന്നുവരെ  കേട്ടതില്‍  വച്ച്  ഏറ്റവും  വലിയ    സത്യവാചകമെന്നു അയാള്‍ക്ക്‌    തോന്നി  . അതിങ്ങനെ  ആയിരുന്നു   " വെട്ടുകൊണ്ടു  മരിക്കാന്‍  തയ്യാറാവുക   കൊടുവാള്‍  വെച്ച് മറക്കുന്നവര്‍"