ജൂലൈ 07, 2012

എന്റെ രാത്രിമഴകള്‍



     എന്റെ രാത്രിമഴകള്‍  

ഒരു കുസൃതി  കുട്ടിയാണല്ലോ എന്റെ  മഴ
ഞാനവന്റെ  ചങ്ങാതിയും
മണിച്ചെപ്പ്‌  കിലുക്കിവരുന്ന   മഴ
രാവിനു  താളവും  മേളവും ഈണവു മേകുമ്പോള്‍ 
എന്റെ   ഉറക്കം കെടുത്തുന്നത് 
എന്റെ പായക്കരികില്‍ 
ഓരോ തുള്ളിയും  ഏറ്റുവാങ്ങാന്‍ 
ഉമ്മകൊണ്ടുവച്ച  പാത്രങ്ങളായിരുന്നു 
അപ്പോള്‍ എന്റെ   ഉമ്മ 
മഴയുടെ  കുസൃതികള്‍  കണ്ടു
പേടിക്കുമായിരുന്നു 
അന്ന് 
കണ്ണുനീരില്‍  കുതിര്‍ന്ന
ഉമ്മയുടെ  മഴയോടൊപ്പം
 എന്റെ ചങ്ങാതിയെ 
എന്തിനെന്നറിയാതെ ഞാനും പേടിച്ചു
രാത്രിമഴകള്‍  അന്നെന്റെ  ഉമ്മയോടൊപ്പം
എന്നെയും  പേടിപ്പിച്ചത്‌
എന്തിനാണെന്ന്  ഇന്നെനിക്കറിയാം .

ജൂലൈ 03, 2012

നാടുകടന്ന അക്ഷരം


നാടുകടന്ന  അക്ഷരം


തെരുവിലെ  അക്ഷരം
തൊലിയുരിച്ചു 
ചോരവാര്‍ന്ന്  
അഴുകിയ  നാവുകളില്‍
പുഴുവരിച്ച്  
മരണം  കാത്തു  കിടന്നു.
ഏട്ടിലെ അക്ഷരം
കഴുതപ്പുറമേറി
പാമരരെയും കൊണ്ട് 
നാടുകടന്നു. 

 


ഇനിയും എന്നെ കണ്ടില്ല

ഇനിയും  എന്നെ  കണ്ടില്ല
ഞാന്‍ 
എന്നെ കാണാന്‍ 
പുറപ്പെട്ടതാണ് 
കണ്ടത് ആരോ  
നടന്നു തീര്‍ത്ത  മുഷിഞ്ഞു  നാറിയ  
വഴികളാണ് 
ഞാന്‍ 
എന്നെ തേടി  പുറപ്പെട്ടതാണ് 
കണ്ടത്  മരിച്ചുപോയ മനസ്സുകളാണ് 
ഞാന്‍      
എന്നെ  വില്കാന്‍ ചന്തയില്‍ 
ചെന്നതാണ് 
കണ്ടത് 
വിലപറഞ്ഞു വച്ച യൌവനങ്ങളാണ്
ഒടുവില്‍  എന്നെ 
വിളിക്കാന്‍  വന്നപ്പോള്‍ 
അവരെന്നെ  അയക്കാന്‍ 
കുളിപ്പിച്ച്  കിടത്തുകയാണ് 
കഫന്‍ പുടവയില്‍  പൊതിഞ്ഞുകെട്ടുകയാണ്
ഇനി    ഞാനെവിടെ 
ഞാന്‍ പള്ളിക്കാട്ടിലെ  
രണ്ടു മീസാന്‍  കല്ലുകള്‍ 
മാത്രമാവുകയോ   ?



ജൂലൈ 01, 2012

നമ്മെ ചോദ്യം ചെയ്യുന്ന മനുഷ്യന്‍



നമ്മെ ചോദ്യം ചെയ്യുന്ന മനുഷ്യന്‍  

എന്റെ 
കാരാഗൃഹ ജീവതം  കണ്ടു       
ആനന്ദിക്കുകയല്ലേ നിങ്ങള്‍ 
അതിനാല്‍  എനിക്ക്  ദുഖമില്ല 
ഇനിയെന്റെ ജീവനെടുത്താലാണ് 
ആനന്ദ ലബ്ധിയെങ്കില്‍    
വേഗമങ്ങു തൂക്കികൊന്നേക്കുക  
അതാണ്‌ ഞാന്‍  എന്ന  
മനുഷ്യന്  നിങ്ങള്ക്ക്
നല്കാവുന്നതില്‍  വെച്ച്  ഏറ്റവും  വലിയ
മനുഷ്യാവകാശം  .