ജൂലൈ 14, 2011

വില്‍ക്കാനുണ്ട് വിശ്വാസങ്ങള്‍



മഹത്തുക്കളുടെയും മഹത്വ പട്ടം ചാര്‍ത്തിക്കൊടുത്തവരുടെയും ശവകുടീരങ്ങള്‍ വിശ്വാസചൂഷണ ത്തിനും അതിലൂടെ പണ സമ്പാദ നത്തിനുമുള്ള എളുപ്പമാര്‍ഗമായി കാണുന്ന സമൂഹത്തിലെ ഇത്തിള്‍ കണ്ണികള്‍ അരങ്ങുവാഴുന്ന നാട് . കല്ലിനും മരത്തിനും മുന്നില്‍ പോലും   ഭണ്ടാരം വച്ചാല്‍ അത് നിറച്ചുകൊടുക്കുന്ന ഭക്തരുടെ നാട് .  ദൈവത്തിന് എന്തിനാ പണം എന്നൊന്നും ചോദിച്ചിട്ട് കാര്യമില്ല കാര്യം നേടാന്‍ കാണിക്ക വേണം എന്ന് മാത്രം അവര്‍ക്കറിയാം .
വ്യാജ സ്വാമിമാരും ജിന്നുമ്മ മാരും ജിന്നുപ്പമാരും അവരുടെ തട്ടിപ്പുകള്‍ക്ക്‌ മതവിശ്വാസത്തെ മറയാക്കി ക്കൊണ്ട് കച്ചവടം പൊടിപൊടിക്കുന്നു . ഏതു തട്ടിപ്പുകള്‍ക്കും ഇരയാവാന്‍ കാത്തുനില്‍ക്കുന്നവരാണ് ഇന്ന് വിദ്യാസമ്പന്നര്‍ പോലും . അന്ധവിശ്വാസത്തിന് നല്ലമാര്‍കറ്റ് ലഭിക്കുന്നത് കാരണം തട്ടിപ്പ് നടത്തുന്നവര്‍ക്ക് തങ്ങളുടെ ഉല്‍പ്പന്നത്തിനു വിപണി കണ്ടെത്താന്‍ യാതൊരു ബുദ്ധിമുട്ടുമില്ല . പ്രവാചകന്റെ മുടി യിട്ട വെള്ളം കുടിക്കുന്നവരും കുടിപ്പിക്കുന്നവരും   നമുക്ക് മുന്നില്‍  നിന്ന് വെല്ലുവിളി നടത്തി  മുന്നേറുന്ന  കാഴ്ചയും  കാണാം . മുടി വ്യാജനെന്നു പറയുന്ന കൂട്ടരും ഒറിജിനല്‍ കിട്ടിയാല്‍ ഇതൊക്കെ തന്നെ ചെയ്യുമെന്ന് പറയാതെ പറയുന്നു . അതുകൊണ്ട് ഉയര്‍ന്നു കേള്‍ക്കുന്ന ചര്‍ച്ച വ്യാജനോ ഒറിജിനലോ എന്നാണു . പ്രവാചക തിരുശേഷിപ്പുകള്‍ ഇങ്ങനെ വിപണി വല്കരിക്കാനുള്ളതോ എന്ന കാതലായ വശമാണ് അതിനിടയില്‍ മുങ്ങിപ്പോയ ചര്‍ച്ച. ഏതു ദുരാചാരത്തിന്റെയും അന്ധവിശ്വാസത്തിന്റെയും പിന്നില്‍ തെളിഞ്ഞു നിക്കുന്നത് സാമ്പത്തിക ചൂഷണം തന്നെ. അതവിടെ നില്‍ക്കട്ടെ .


പറഞ്ഞുവരുന്നത് ഇത്തരം തട്ടിപ്പുകളുടെ പരസ്യം നല്‍കാന്‍ ഉളുപ്പില്ലാത്തവരെ കുറിച്ചാണ് . സമൂഹത്തോട് പ്രതിഭദ്ധത കാണിക്കുന്നവരാണ് മാധ്യമങ്ങള്‍ എന്നാണു വെപ്പ് . തട്ടിപ്പ് പരസ്യങ്ങള്‍ കാണിച്ചു വാങ്ങുന്ന പണം ഒരുപാടു പേരുടെ വിയര്‍പ്പും കണ്ണീരുമാണ് എന്ന ധാര്‍മിക ചിന്തയൊന്നും മീഡിയാ മുതലാളിമാര്‍ക്ക് ബാധകമല്ല അവര്‍ക്ക് നിലനില്പും സാമ്പത്തിക ലാഭവും മാത്രമേ നോക്കേണ്ടതുള്ളൂ . അതിനു വേണ്ടി വാര്‍ത്ത കള്‍  ഉണ്ടാക്കാന്‍ പോലും അവര്‍ക്ക് മടിയില്ല . തട്ടിപ്പുകള്‍ പിടിക്കപ്പെട്ടു പുറത്തുവരുമ്പോള്‍ മാത്രം അതിനെതിരെ പരമ്പരകള്‍ തീര്‍ക്കാനും ഇതേ മാധ്യമങ്ങള്‍ക്ക് ഒരു മടിയുമില്ല . അതുവരെ ഇവര്‍ എവിടെയായിരുന്നു എന്നൊന്നും ചോദിക്കുന്നതില്‍ അര്‍ത്ഥമില്ല .


ആധുനിക സാങ്കേതിക  സാധ്യതകളെ    ഉപയോഗപ്പെടുത്തിക്കൊണ്ടാണ്   ഇന്ന്  അന്ധവിശ്വാസത്തിന്   മാര്‍കറ്റ്‌  കണ്ടെത്തുന്നത്  . കെട്ടുകഥ കളെയും   ഊഹങ്ങളെയും    മസാലചെര്‍ത്തു   വിളമ്പുന്ന   മാധ്യമശൈലിയെ  വിമര്‍ശിക്ക പ്പെടെണ്ടതില്ലേ  ?  നാം  വിശ്വസിച്ചാലും   ഇല്ലെങ്കിലും    അവര്‍ക്കൊന്നുമില്ല  എന്ന മട്ടില്‍   വിളമ്പുന്ന   പ്രോഗ്രാമുകള്‍    ഫോകസ്  ചെയ്യുന്നത്   അന്ധവിശ്വാസത്തെ   തന്നെയാണ്    എന്ന്   സൂക്ഷ്മമായി   വിലയിരുത്തിയാല്‍    നമുക്ക്   മനസ്സിലാക്കാന്‍   കഴിയും  .അന്ധവിശ്വാസത്തിന്റെ   വിപണി  മൂല്യം   വര്‍ധിപ്പിക്കാന്‍   മാത്രമാണ്   ഇത്തരം   പരിപാടികള്‍   കൊണ്ട്   സാധ്യമാവുന്നത് .ചില ദൃശ്യങ്ങള്‍ കാണുക .    മതങ്ങള്‍   അനുശാസിക്കുന്ന   ആചാരാനുഷ്ടാനത്തിന്  അപ്പുറത്തേക്ക്    വിദ്യാസംബന്നരെ  പോലും  തളച്ചി ട്ടുകൊണ്ട്   വിശ്വാസം   ചൂഷണം  ചെയ്തു   മുന്നേറുന്ന   ദുശക്തികളെ  തിരിച്ചറിഞ്ഞ്   ഒറ്റപ്പെടുത്തെണ്ടതില്ലേ ?


സാമൂഹ്യ  ദുരാചാരങ്ങല്‍ക്കെതിരെ    ശബ്ദിക്കുന്നവര്‍  ചാനലുകളുടെ  ഈ   കളികളും    കാണാതെ  യും    വിലയിരുത്താതെയും   പോകരുത്   . സമൂഹത്തിന്റെ   നന്മ  ലകഷ്യമാക്കുന്ന   ഏതൊരാളും   ഈ  അന്ധവിശ്വാസ   പ്രചാരണത്തിന്    എതിരെ   ശബ്ദിക്കേണ്ടത്  ഇന്നിന്റെ  തേട്ടമാണ്‌ .  മനുഷ്യരെ  വരിഞ്ഞു  മുറുക്കുന്ന   കാണാ ചങ്ങലകളെ  പൊട്ടിച്ചെറിഞ്ഞു   ധാര്‍മിക  മൂല്യങ്ങളോട്   പ്രതിബദ്ധത  യുള്ള    ഒരു  സാമൂഹ്യ   സൃഷ്ട്ടിപ്പിനാവട്ടെ   നമ്മുടെ   പ്രവര്‍ത്തനങ്ങള്‍ .

ജൂലൈ 09, 2011

ചെകുത്താന്‍ സ്വന്തമാക്കുന്ന നാട്



കേരളത്തില്‍   ഇന്ന്    പ്രായ ബേദമില്ലാത്ത    പീഡന കാലം.     അത്   മാത്രമല്ല   പീഡനത്തെ   തുടര്‍ന്ന്   കൊലപാതകവും    സംഭവിക്കുന്ന   നടുക്കുന്ന   വാര്‍ത്തകള്‍   കേട്ട്   നാട്   വിറുങ്ങലിച്ചു   നില്‍ക്കുമ്പോള്‍    നമ്മുടെ   നാടിനു   എന്ത്  പറ്റിയെന്നു  വേവലാതി പ്പെടുന്നവരാണ്   ഇന്ന്   കേരളീയര്‍ .   പീഡന കേരളത്തിന്റെ ലജ്ജിപ്പിക്കുന്ന കണക്കുകള്‍ കാണുക .
ആറുമാസം   പ്രായമുള്ള   കുട്ടികളെ   പോലും  ഉപയോഗിക്കാന്‍   മനുഷ്യന്‍   എന്ന്   നാം  വിളിക്കുന്ന   മൃഗമാല്ലാത്തവര്‍    മൃഗങ്ങളോട്  പോലും  ഉപമിക്കാന്‍   കഴിയാത്തവര്‍  .

കുഞ്ഞുങ്ങള്‍    ഇന്ന്   ഓരോ  രക്ഷിതാകളുടെയും   പേടിസ്വപ്നമായി  മാറിക്കൊണ്ടിരിക്കുന്നു  . ഏതു  നിമിഷമാണ് നമ്മുടെ   മക്കള്‍    ആക്രമിക്കപ്പെടുക   എന്ന   ചിന്തയുമായി    നെഞ്ചില്‍  നേരിപ്പോടുക കളുമായി    ജീവിക്കുന്ന വരാണ്  ഇന്ന്   കേരളീയര്‍ .  കടയില്‍   അയക്കുമ്പോള്‍   സ്കൂളില്‍  അയക്കുമ്പോള്‍   ആഘോഷങ്ങളില്‍   പങ്കെടുക്കുമ്പോള്‍  എന്ന്   വേണ്ട   സ്വന്തം   വീട്ടില്‍  പോലും നമ്മുടെ  മക്കള്‍   സുരക്ഷിതരല്ല       എന്ന്   ഓരോ  വാര്‍ത്തകളും നമ്മെ    തര്യപ്പെടുത്തിക്കൊണ്ടിരിക്കുന്നു  .    സാമൂഹ്യ മായും   സാംസ്കാരികമായും   ഏറെ  മുന്നില്‍   എന്ന്  നാം   വീമ്പിളക്കിയ   കേരളത്തിന്റെ   ഇന്നത്തെ   അവസ്ഥ   അത്യന്തം  വേദനാ  ജനകം  തന്നെ .  പതിമൂന്നു കാരന്‍  അഞ്ചു  വയസുള്ള   പൈതലിനെ   ബലാല്‍  സംഗം  ചെയ്തു   കൊന്നു  എന്ന   നടുക്കുന്ന   വാര്‍ത്തയുടെ    ചൂടാറും  മുന്നേ     വീണ്ടും   കേള്‍ക്കുകയാണ്  . പത്തു വയസുകാരന്‍    നാലര  വയസുകാരിയെ    വെള്ളത്തില്‍   തള്ളിയിട്ടു   കൊന്നു  എന്ന   വാര്‍ത്തയും  ഞെട്ടിക്കുന്നത്   തന്നെ .  ലൈഗികമായി   കുട്ടിയെ   ഉപദ്രവിക്കുംബോളാണ്    ഈ   സംഭവവും   ഉണ്ടായത്  എന്ന്  പോലീസ്  പറയുന്നു . 

കുടുംബങ്ങളുടെ   കുത്തഴിഞ്ഞ   ജീവിതം   തന്നയാണ്   കുഞ്ഞുങ്ങളെ   സാമൂഹ്യ  വിരുദ്ധരും    കൊലപാതകികളും   ആക്കുന്നത്   എന്ന്    ഈ   സംഭവങ്ങള്‍   സാകഷ്യ പ്പെടുത്തുന്നു . 
(വീട്ടില്‍ പിതാവ് നീലച്ചിത്രം കാണുക പതിവായിരുന്നെന്നും ഇത് പലപ്പോഴും കാണാന്‍ ഇടവന്നിട്ടുള്ളതാണ് പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ പ്രേരണയായതെന്നും ബാലന്‍ പൊലീസിന് മൊഴി നല്‍കി.)  കുട്ടിയുടെ   മൊഴി  രക്ഷിതാക്കളിലേക്ക്   തന്നയാണ്  വിരല്‍  ചൂണ്ടുന്നത്   അസാന്മാര്‍ഗിക   പ്രവര്‍ത്തനങ്ങളില്‍    ഏര്‍പെടുന്ന   മിക്കവാറും   കുട്ടികള്‍ക്കും   ഇത്തരം   മൊഴികള്‍  തന്നെയാണ്   പറയാനുണ്ടാവുക  .

ലഹരി  എല്ലാ  തിന്മകളുടെയും   മാതാവ്  അതുതന്നെയാണ്   ഇന്ന്  കേരളത്തിന്റെ  ശാപവും . മദ്യ ചഷകങ്ങളില്‍   മുങ്ങിച്ചത്തുകൊണ്ടിരിക്കുകയാണ്  ഇന്ന്  സാംസ്കാരിക  കേരളം   അതായത്   ദൈവത്തിന്റെ  സ്വന്തം  നാട്   എന്ന്   പറയുന്ന എന്റെ  നാട്   ഇന്ന്   ചെകുത്താന്‍   സ്വന്തമാക്കി  ക്കൊണ്ടിരിക്കുന്ന  ദയനീയ  കാഴ്ചകളാണ്   കാണേണ്ടി  വരുന്നത് .    ലഹരി ഉപയോഗിക്കുന്നവരുടെ    എണ്ണം   ദിനം  പ്രതി   കൂടിവരുന്ന   നമ്മുടെ   നാടിനെ   എങ്ങനെ  ഈ  ദുരന്തത്തില്‍   നിന്നും     രക്ഷിക്കും  എന്ന്   നാം  മനസ്സാക്ഷി മരവിച്ചിട്ടില്ലാത്തവര്‍    ചിന്തിക്കേണ്ട  സമയം  അതിക്രമിച്ചിരിക്കുന്നു .  വാര്‍ത്ത ഇവിടെ വായിക്കാം

ജൂലൈ 07, 2011

തട്ടിപ്പിന്റെ നെറ്റ്‌വര്‍ക്കുകള്‍ നിരോധമല്ലാതെ പരിഹാരമില്ല



ആട്, തേക്ക്, മാഞ്ചിയം തട്ടിപ്പിനു ശേഷം മലയാളികള്‍ വീണ്ടും 2001ല്‍ നെറ്റ്‌വര്‍ക് മാര്‍ക്കറ്റിങ്ങിലൂടെ വ്യാപകമായി സാമ്പത്തിക തട്ടിപ്പിനിരയായി. പത്രങ്ങള്‍ പരമ്പരകളെഴുതി. പൊലീസ് കേസുകളെടുത്തു. അറസ്റ്റുകള്‍ നടന്നു. തട്ടിപ്പ്‌സംഘങ്ങള്‍ നിര്‍ജീവമായി. അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം 2006 ല്‍ നവീകരിച്ച നെറ്റ്‌വര്‍ക് തട്ടിപ്പുകളും തുടര്‍കോലാഹലങ്ങളും ആവര്‍ത്തിച്ചു. കൃത്യം അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം 2011ല്‍ സാമ്പത്തിക തട്ടിപ്പ് ഒരു വ്യത്യാസവുമില്ലാതെ ആവര്‍ത്തിച്ചിരിക്കുന്നു. ഒരു നെറ്റ്‌വര്‍ക് മാര്‍ക്കറ്റിങ്ങിന്റെ ആയുര്‍ദൈര്‍ഘ്യം മൂന്ന് വര്‍ഷമത്രെ. 90 ശതമാനം കമ്പനികളും മൂന്ന് വര്‍ഷത്തിനുള്ളില്‍ പൊളിയുമെന്നാണ് നെറ്റ്‌വര്‍ക് മാര്‍ക്കറ്റിങ്ങിനെ കുറിച്ച് ആഴത്തില്‍ പഠിച്ച റോബര്‍ട്ട്. എസ്. ഫിറ്റ്‌സ് പാട്രിക് നീരിക്ഷിക്കുന്നത്. ആവര്‍ത്തിച്ചുവരുന്ന കേരളത്തിലെ തട്ടിപ്പ് പരമ്പര ഈ നിരീക്ഷണത്തെ സാധൂകരിക്കുന്നുണ്ട്. കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ 10,000ത്തിലധികം കോടി രൂപയാണ് ഇത്തരം തട്ടിപ്പുകളിലൂടെ കേരളത്തില്‍നിന്ന് ശേഖരിക്കപ്പെട്ടത്. കേരളത്തില്‍ നടക്കുന്ന സാമ്പത്തിക തട്ടിപ്പ് തടയാന്‍ മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ്ങിന്റെ പേരില്‍ നടക്കുന്ന നെറ്റ്‌വര്‍ക് മാര്‍ക്കറ്റിങ്ങിനെ നിരോധിക്കുകയല്ലാതെ മറ്റു മാര്‍ഗമില്ല. 1978ലെ പ്രൈസ്, ചിറ്റ്‌സ് മണി സര്‍ക്കുലേഷന്‍ (ബാനിങ്) ആക്ട് കാലാനുസൃതമായി നവീകരിച്ചുകൊണ്ടോ പുതിയ നിയമനിര്‍മാണത്തിലൂടെയോ മാത്രമേ ഇത്തരം തട്ടിപ്പുകള്‍ പൂര്‍ണമായി തടയാന്‍ സാധിക്കൂ. നിയമത്തിലെ അപര്യാപ്തകളും ദുര്‍ബലതകളും മുതലെടുത്താണ് പല തട്ടിപ്പ്‌സംഘങ്ങളും നിയമ പരിരക്ഷയുണ്ടെന്നു തെറ്റിദ്ധരിപ്പിക്കുന്നത്. യഥാര്‍ഥത്തില്‍ എല്ലാ എം.എല്‍.എമ്മുകളും പിരമിഡ് മാതൃകയില്‍ ധനസമ്പാദന മാര്‍ഗമാണ് സ്വീകരിക്കുന്നത്. പിരമിഡ് ഘടനയിലുള്ള കച്ചവടരീതികള്‍ വഞ്ചനാത്മകമാണെന്നു ലോകം അംഗീകരിച്ചതും അവയെ നിരോധിച്ചതുമാണ്.

പിരമിഡ് കച്ചവടങ്ങള്‍ക്കുമേലുള്ള നിരോധങ്ങളെ മറികടക്കുന്നതിനും നിക്ഷേപകരെ വഞ്ചിക്കുന്നതിനും കമ്പനികള്‍ കണ്ട കുറുക്കുവഴിയാണ് ഉല്‍പന്നങ്ങളുടെ വിതരണവും മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ് എന്ന വാദവും. ഇതിലൂടെ മണി ചെയ്ന്‍ ആക്ടിനെ മറികടക്കാനും ഉല്‍പന്നങ്ങളുടെ വിതരണത്തെ മറയാക്കി തങ്ങള്‍ മണിചെയിനല്ല, അംഗീകൃതവും നിയമാനുസൃതവുമായ കച്ചവടമാണ് നടത്തുന്നതെന്ന് വാദിക്കുന്നതിനും കമ്പനികള്‍ക്ക് സാധിക്കുന്നു. അമേരിക്കന്‍നിയമത്തെ മറികടക്കാന്‍ 'ആംവേ' സ്വീകരിച്ച ഈ വിദ്യ എല്ലാവരും അനുകരിക്കുകയായിരുന്നു.



1978 ലെ പ്രൈസ്, ചിറ്റ്‌സ് മണി സര്‍ക്കുലേഷന്‍ (ബാനിങ്) നിയമത്തിന് പല പരിമിതികളുമുണ്ട്. അവ പരിഹരിക്കുന്നതിന് സമഗ്ര നിയമനിര്‍മാണത്തിലൂടെ മാത്രമേ സാധിക്കൂ. എങ്കിലും, നിലവിലെ നിയമങ്ങള്‍ ഉപയോഗിച്ച് തന്നെ സര്‍ക്കാറിന് അടിയന്തരമായി ഈ തട്ടിപ്പ് നിരോധിക്കാവുന്നതും നിയമനടപടികള്‍ സ്വീകരിക്കാവുന്നതുമാണ്. റിസര്‍വ്ബാങ്കിന്റെ നിര്‍ദേശപ്രകാരം കലക്ടീവ് ഇന്‍വെസ്റ്റ്‌മെന്റ് നടത്തണമെങ്കില്‍ (സി.ഐ.എസ്) 1999 'സെബി' ആക്ട് പ്രകാരം അംഗീകാരം നിര്‍ബന്ധമായി നേടണം. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു മള്‍ട്ടി ലെവല്‍ കമ്പനിക്കും 'സെബി' അംഗീകാരമില്ല. ഇതുമാത്രം മതി പൊലീസിന് കമ്പനികളെ നിരോധിക്കാനും നടപടി സ്വീകരിക്കാനും.



2005ല്‍ ആപ്പിള്‍ എഫ്.എം.സി.ജി മാര്‍ക്കറ്റിങ് ലിമിറ്റഡ് കേസില്‍ മദ്രാസ് ഹൈകോടതി മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ് മണിചെയിനാണെന്നും മണി സര്‍ക്കുലേഷന്‍ ബാനിങ് ആക്ട് പ്രകാരം നിരോധിക്കാവുന്നതാണെന്നും വിധിച്ചിട്ടുണ്ട്. വിധിന്യായത്തില്‍ കോടതി വ്യക്തമാക്കുന്നു 'ഏത് സ്‌കീമും എന്ത് പേരിലാണ് അറിയപ്പെടുന്നതെങ്കിലും, അംഗമായി ചേരുന്നവര്‍ക്ക് എളുപ്പത്തിലും വേഗത്തിലും പണം ലഭിക്കുമെന്ന് വാഗ്ദാനം നല്‍കുന്നുണ്ടെങ്കില്‍ അത്തരം സ്‌കീമുകളും കമ്പനികളും മണി സര്‍ക്കുലേഷന്റെ നിര്‍വചനത്തില്‍ പെടും. ഒരു ജോലിയും ചെയ്യാതെയാണ് അതിലെ അംഗങ്ങള്‍ കമീഷന്‍ തരപ്പെടുത്തുന്നത്. അവര്‍ കമീഷന്‍ പറ്റുന്നു എന്നതിനര്‍ഥം അവര്‍ എളുപ്പത്തില്‍ കാശ് കൈവശപ്പെടുത്തുന്നു എന്നാണ്. അവയെല്ലാം മണി സര്‍ക്കുലേഷന്‍ സ്‌കീമിന്റെ നിര്‍വചനത്തില്‍ പെടുന്നതാണ്' (ഖണ്ഡിക 20). മദ്രാസ് ഹൈകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഹൈദരാബാദ് എസ്.പി സാഗനാര്‍ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് നിരോധിച്ചു ഉത്തരവിറക്കുകയും കമ്പനികള്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തു. ആന്ധ്ര ഗവണ്‍മെന്റ് മള്‍ട്ടിലെവല്‍ കമ്പനികള്‍ക്കെതിരെ ശക്തമായി നടപടി സ്വീകരിച്ചതിനെതിരെ 'ആംവെ' ആന്ധ്ര ഹൈകോടതിയില്‍ കേസിന് പോയെങ്കിലും കോടതി ശക്തമായ നിലപാടാണ് സ്വീകരിച്ചത്. 2008ലെ കുര്യച്ചന്‍ ചാക്കോ കേസിലെ സുപ്രീംകോടതി വിധിപ്രകാരവും നെറ്റ്‌വര്‍ക് മാര്‍ക്കറ്റിങ് കമ്പനികളെ ഐ.പി.സി 420 പ്രകാരവും മണി സര്‍ക്കുലേഷന്‍ ബാനിങ് ആക്ട് പ്രകാരവും നിരോധിക്കുകയും നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്യാം.

കേരളത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ് കമ്പനികള്‍ നിലനില്‍ക്കുന്ന നിയമങ്ങളുടെ ലംഘനങ്ങളിലൂടെയാണ് തട്ടിപ്പുകള്‍ക്ക് വലവിരിക്കുന്നത്. പല കമ്പനികളും അവകാശപ്പെടുന്നത് പണം ഷെയറായാണ് സ്വീകരിക്കുന്ന തെന്നാണ്. (ബിസാര്‍ നിക്ഷേപം സ്വീകരിച്ചത് ഇപ്രകാരമാണ്). കമ്പനികള്‍ക്ക് പൊതുജനങ്ങളില്‍ നിന്ന് ഷെയര്‍ സ്വീകരിക്കണമെങ്കില്‍ 'സെബി'യുടെ പോര്‍ട്ട്‌ഫോളിയോ മാനേജ്‌മെന്റ് ലൈസന്‍സ് വേണം. ഇന്‍ഷുറന്‍സ് സ്‌കീമുകളാണ് നിക്ഷേപകര്‍ക്ക് നല്‍കുന്നതെങ്കില്‍ ഇന്‍ഷുറന്‍സ് ഏജന്റ് ആകാനുള്ള ഐ.ആര്‍.ഡി.എ ലൈസന്‍സ് വേണം. മരുന്നുകളും രോഗശമന വസ്തുക്കളുമാണ് വിതരണം ചെയ്യുന്നതെങ്കില്‍ ഫുഡ് ആന്‍ഡ് ഡ്രഗ്‌സ് കണ്‍ട്രോള്‍ കമീഷന്റെ അംഗീകാരം നേടണം. ഇത്തരത്തിലുള്ള ഒരു നിയമ മാനദണ്ഡവും പാലിക്കാതെയാണ് നെറ്റ്‌വര്‍ക്ക് കമ്പനികള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. അംഗങ്ങളായി ചേരുന്നവരെയും ഏജന്റുമാരെയും സാമ്പത്തികതട്ടിപ്പിന് നിയമലംഘനത്തിനും അറസ്റ്റ് ചെയ്യാവുന്നതാണെന്ന് ആര്‍ത്തിയുടെ വലയില്‍ പെടുന്ന ആര്‍ക്കും അറിയില്ലെന്നതാണ് സത്യം.

കേരളസര്‍ക്കാറും പൊലീസും പുലര്‍ത്തുന്ന നിസ്സംഗതയാണ് ഈ തട്ടിപ്പുകള്‍ ഇത്ര തഴച്ചുവളരുന്നതിന് ഇടവരുത്തിയത്. ഏകദേശം 420 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും 20ലധികം കമ്പനികള്‍ സംശയത്തിന്റെ കരിനിഴലിലാകുകയും ചെയ്തിട്ടും അവയെ നിരോധിക്കാനോ ബാങ്ക് അക്കൗണ്ടുകള്‍ തടയാനോ സര്‍ക്കാര്‍ മുതിര്‍ന്നിട്ടില്ല. അതുകൊണ്ടുതന്നെ ടൈക്കൂണ്‍ മാതൃകയില്‍ മുഴുവന്‍ പണവും പിന്‍വലിച്ച് തട്ടിപ്പുകാര്‍ക്ക് മുങ്ങാന്‍ അവസരം ലഭിക്കുന്നു. 2001ല്‍ 'ആംവെ'യുടെ എറണാകുളം ഓഫിസില്‍ നടന്ന റെയ്ഡില്‍ മണിചെയിന്‍, ഡ്രഗ്‌സ് ആന്‍ഡ് കോസ്മറ്റിക്‌സ് ആക്ട് എന്നിവയുടെ ലംഘനം ബോധ്യപ്പെട്ടെങ്കിലും കേസുകള്‍ അട്ടിമറിക്കപ്പെടുകയായിരുന്നു. ആര്‍. എം.പി, മോഡികെയര്‍ തുടങ്ങിയ കമ്പനികള്‍ക്കെതിരെ കല്‍പകഞ്ചേരി, വാകത്താനം സ്‌റ്റേഷനുകളില്‍ കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും തുടര്‍ നടപടികളുണ്ടായിട്ടില്ല. ഇതര സംസ്ഥാനങ്ങളില്‍ നടപടിക്ക് വിധേയമായ കമ്പനികള്‍ കേരളത്തില്‍ ഒരു പ്രയാസവുമില്ലാതെ പ്രവര്‍ത്തിക്കുകയായിരുന്നു. കേരളത്തില്‍ 2006 ല്‍ സജീവമായ കോണിബയോയുടെ മെഡിക്കല്‍ ഉല്‍പന്നങ്ങള്‍ ഗുജറാത്ത് ഫുഡ് കണ്‍ട്രോള്‍ കമീഷന്‍ കണ്ടുകെട്ടിയതാണ്. ടൈക്കൂണ്‍ എംപയറിനെ രണ്ട് വര്‍ഷം മുമ്പ് കര്‍ണാടക സര്‍ക്കാര്‍ സാമ്പത്തിക തട്ടിപ്പിന്റെ പേരില്‍ നിരോധിച്ചതാണ്. സര്‍ക്കാര്‍ അനാസ്ഥയുടെ ഉത്തമോദാഹരണമാണ് 'ലിസ്' എന്ന തട്ടിപ്പ് കമ്പനിയെ നിരോധിക്കുകയും നിയമ നടപടി സ്വീകരിക്കുകയും ചെയ്തതിന് ശേഷം, അവര്‍തന്നെ മറ്റൊരു പേരില്‍ പുതിയ തട്ടിപ്പ് കമ്പനി തുടങ്ങി ദൃശ്യ/അച്ചടി മാധ്യമങ്ങളില്‍ പരസ്യം നല്‍കി നിക്ഷേപകരെ ആകര്‍ഷിച്ചുകൊണ്ടിരിക്കുന്നത്. നിയമത്തിന്റെയും നിയമനിര്‍വഹണത്തിലെയും അപര്യാപ്തതകള്‍ മുതലെടുത്താണ് ഇത്തരം കമ്പനികള്‍ ജനങ്ങളെ പറ്റിക്കുന്നത്. വ്യാപകമാകുന്ന സാമ്പത്തിക തട്ടിപ്പുകളില്‍ അതുകൊണ്ടുതന്നെ ഭരണകൂടം പ്രതിസ്ഥാനത്താണ്. ഉത്തരവാദിത്തമുള്ള സംസ്ഥാന സര്‍ക്കാര്‍ സാമ്പത്തികതട്ടിപ്പുകള്‍ അവസാനിപ്പിക്കുന്നതിന് സമഗ്രമായ നിയമം നിര്‍മിക്കാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തുകയാണ് വേണ്ടത്. നിയമസഭയില്‍ അതിനുവേണ്ടി സര്‍ക്കാറിന് പ്രമേയം കൊണ്ടുവരാവുന്നതാണ്. അതോടൊപ്പം നിലവിലെ നിയമങ്ങള്‍വെച്ച് അവ നിരോധിക്കാനുള്ള ആര്‍ജവം കാണിക്കുകയും വേണം.
പി ഐ നൌഷാദ് എഴുതിയ ലേഖനം

ജൂലൈ 05, 2011

കള്ളപ്പണ ത്തിനു മീതെ സര്‍ക്കാരും പറക്കില്ല



കള്ളപ്പണം പോയിട്ട് നല്ലപണം പോലുമില്ലാത്ത കോടി കവിഞ്ഞ കോരന്മാരുടെ ഭാരതം . നമുക്കഭിമാനിക്കാവുന്ന ഒരേ ഒരു കാര്യം വിദേശ ബാങ്കുകളില്‍ നമ്മുടെ ഏമാന്‍ മാര്‍ക്ക് വന്‍ തോതില്‍ സമ്പാദ്യം ഉണ്ടെന്നുള്ളതാണ് . രാജ്യത്തിന്റെ പട്ടിണി ക്കിടയിലും അവര്‍ക്ക് സമ്പാദ്യ ശീലം ഉണ്ടായതിലും നമുക്കവരെ അഭിനന്ദി ക്കാതിരിക്കാന്‍ നിര്‍വാഹമില്ല . അതവിടെ നില്‍ക്കട്ടെ .
നമ്മെ ഭരിച്ചു സഹായിക്കാന്‍ കച്ച തലയില്‍ കെട്ടി ഇറങ്ങിത്തിരിച്ച വരുടെ നട്ടെല്ല് ഇവന്മാര്‍ക്ക് മുന്‍പില്‍ നായയുടെ വാലുപോലെ ആണെന്ന് .അസൂയാലുക്കള്‍ പറഞ്ഞാല്‍ . കസേരയുടെ കാലിളകാതെ സൂക്ഷിക്കേണ്ട പാടു വല്ലതും പറയുന്നവര്‍ക്ക് അറിയുമോ ?കോടതി സര്‍കാരിന്റെ അന്വേഷണത്തില്‍ ത്രുപ്തിയില്ലെന്നു തുറന്നു പറഞ്ഞു വിമര്‍ശിച്ചു കോടതിക്ക് കസേരയുടെ കുലുക്കത്തെ കുറിച്ച് വേവലാതി തീരെ ഇല്ല അതുകൊണ്ടല്ലേ സര്‍കാരിനെ കണ്ണില്‍ ചോരയില്ലാതെ ഇങ്ങനെ വിമര്‍ശിക്കുന്നത് .
ബല്യ ബല്യ എമാന്മാരില്‍ കോരന്മാര്‍ വോട്ടുകുത്തി വിട്ടവരും ഉള്ളത് കൊണ്ട് ഇലക്കും മുള്ളിനും കേടില്ലാതിരിക്കാന്‍ കേന്ദ്രം പെടാപാട് പെടുന്നത് കള്ളപ്പണത്തിനു മേലെ അടയിരിക്കുന്ന ഏമാന്‍ മാരുണ്ടോ അറിയുന്നു . കോരന്മാര്‍ക്കു വേണ്ടി നിയമം നിര്മിക്കുന്നവരുടെ നിയമ ലംഘനം കണ്ടില്ലെന്നു നടിച്ചാല്‍ എന്താണ് പ്രശ്നം ? അവര്‍ക്കും ജീവിക്കണ്ടേ ? ഇന്ത്യയിലുള്ള ബാങ്കിനെ ഒന്നും വിശ്വാസമില്ലാത്തു കൊണ്ടാണ് അവരൊക്കെ വിദേശ ബാങ്കുകളില്‍ സമ്പാദ്യം നിക്ഷേപിക്കുന്നത് അതൊരു തെറ്റാണോ ? കോരന്മാര്‍ വെറുതെ കള്ളപ്പണം എന്നൊക്കെ പറഞ്ഞു ഇവരെ ബുദ്ധി മുട്ടിക്കുന്നു . അവര്‍ നമ്മുടെ നാടിനെ സേവിച്ചതിന്റെ കൂലി വെറുതെ നികുതി കൊടുത്തു പാപരാവാതിരിക്കാനല്ലേ അവരൊക്കെ വിദേശ ബാങ്കുകളില്‍ കൊണ്ട് പോയി നിക്ഷേപിക്കുന്നത് . അത് മനസ്സിലാക്കി കോടതിക്ക് അവരോടു കരുണ കാണിച്ചുകൂടെ ?
രാംജത്മലാനി, ഗോപാല്‍ ശര്‍മന്‍, കെ.പി.എസ്. ഗില്‍, ബി.ബി. ദത്ത, സുഭാഷ് കശ്യപ്, ജല്‍ബല വൈദ്യ ഇവര്‍ക്കൊക്കെ എന്തോ ഏതോ . ഇവരാണല്ലോ ഹരജിക്കാര്‍ . എന്നാലും പരുന്തു പറക്കാത്ത പണത്തിനു മീതെ സര്‍ക്കാര്‍ പറക്കുമെന്ന് കരുതിയ ഹരജിക്കാരെ നിങ്ങള്ക്ക് തെറ്റി . ഹന്നാ ഹസാരെ ലോക്പാലിനു പിന്നാലെ പാഞ്ഞിട്ടു ഇപ്പോഴും ഒരു തീരുമാനത്തില്‍ എത്താന്‍ കഴിയാത്തത് ഹരജിക്കാര്‍ കാണുന്നില്ലേ . ?


അതായത് ഭരിക്കുന്നവര്‍ പറയാതെ പറയുന്നത് അഴിമതി നടത്താന്‍ പഴുതുകള്‍ വേണം എന്ന് തന്നയാണ് . അതിനിയും മനസ്സിലായില്ലെങ്കില്‍ ഞാനെന്തു ചെയ്യും ?

ജൂലൈ 02, 2011

തിങ്കള്‍ മുതല്‍ വെള്ളിവരെ സൗദി സമയം രാത്രി ഒരു മണിക്ക്


എന്റെ സഹമുറിയന്‍ മാരുടെ ജോലി കഴിഞ്ഞുള്ള വരവ് രാത്രി പന്ത്രണ്ടു മണിക്ക് ഞാനാണ് താമസ സ്ഥലത്ത് ആദ്യം ചേക്കേറുന്നത് അതുകൊണ്ട് കുബ്ബൂസ് മുക്കിയടിക്കാനുള്ള കലക്കിക്കുത്തു കഷായം ഉണ്ടാക്കാനുള്ള ചുമതല എനിക്കാണ് അതിന്റെ മുറുമുറുപ്പ് എനിക്കില്ലാതില്ല . എന്ത് ചെയ്യാന്‍ പ്രവാസിപ്പട്ടം കിട്ടിപ്പോയില്ലേ എല്ലാം അനുഭവിക്കുക തന്നെ .
കിടപ്പുമുറിയില്‍ വച്ച് തന്നെയാണല്ലോ പ്രവാസികള്‍ ടി വി കാണുന്നത് അതുകൊണ്ട് ഒരു ഗുണം കൂടുതല്‍ ഉണ്ട്. കിടന്നുകൊണ്ട് തന്നെ ആസ്വദിച്ചു കാണാന്‍ കഴിയുമെന്നുള്ള ഗുണം . ഞങ്ങള്‍ അഞ്ചുപേരുടെയും കുബ്ബൂസിനു മേലുള്ള മല്‍പിടുത്തം കഴിഞ്ഞാല്‍ പിന്നെ പ്രധാന ഹോബി ടി വി കാണലാണ് . അപ്പോഴേക്കും സമയം പന്ത്രണ്ടര അടിക്കും . പിന്നെ ഓരോരുത്തരും റിമോട്ട് കൈക്കലാക്കാനുള്ള തത്രപ്പാടാണ് . പറഞ്ഞു വരുന്നത് അതൊന്നുമല്ല .
കുറ്റകൃത്യങ്ങളുടെ വ്യവാഹര കെട്ടുകള്‍ അഴിച്ചു കാണിക്കാനുള്ള സമയം അതാണ്‌ തിങ്കള്‍ മുതല്‍ വെള്ളിവരെ രാത്രി ഒരുമണിക്ക് . നല്ലൊരു ഉറക്കം ശരിയാകണമെങ്കില്‍ ഈ പ്രോഗ്രാം തീര്‍ച്ചയായും കാണണം . സഹ മുറിയന്മാര്‍ വളരെ ആവേശ പൂര്‍വ്വം കാണുന്ന ഒരേയൊരു പരിപാടി ഇത് തന്നെ എന്ന് തീര്‍ത്ത്‌ പറയാം . എന്തുകൊണ്ടാണ് മസാല സിനിമകളോടുള്ള അതെ താല്പര്യം എന്റെ സഹമുറിയന്മാര്‍ക്കു ഈ കുറ്റകൃത്യങ്ങളുടെ ഭാണ്ഡം അഴിക്കുന്ന ഈ പ്രോഗ്രാം കാണുമ്പോള്‍ ഉണ്ടാവുന്നത് എന്ന് എനിക്ക് എത്ര ചിന്തിച്ചിട്ടും മനസ്സിലാകുന്നില്ല . ന്യൂസ്‌ കളും സാമൂഹ്യ പ്രാധാന്യമുള്ള ചര്‍ച്ചകളും കാണാന്‍ ഒരു താല്പര്യവുമില്ലാത്ത ആളുകള്‍ ഇത്തരം പരിപാടികളുടെ സ്ഥിരം പ്രേക്ഷകരാണ് . മനുഷ്യന്റെ ഉള്ളിലുള്ള അന്യന്റെ കുറ്റവും കുറവും കാണാനും ആസ്വദിക്കാനുമുള്ള ആഗ്രഹത്തെയാണോ ചാനലുകള്‍ ഇവിടെ മുതലെടുക്കുന്നത് എന്ന് നാം ന്യായമായും ചിന്തിക്കേണ്ടി ഇരിക്കുന്നു . മനുഷ്യന്റെ വൈയ്കാരിക ചിന്താ തലങ്ങളിലേക്ക് എളുപ്പം കടന്നു ചെന്ന് ഇക്കിളി പ്പെടുത്താനും ഇത്തരം പരിപാടികള്‍ക്ക് കഴിയുന്നു . അല്ലെങ്കിലും എല്ലാ ന്യൂസ്‌കളിലും കാണിക്കുന്ന കുറ്റങ്ങളുടെ വാര്‍ത്തകള്‍ സമാഹരിച്ചു ഇങ്ങനെ ഒരു പ്രോഗ്രാം ഉണ്ടാക്കി അവതാരകന്റെ വക കുറച്ചു സാഹിത്യവും ചേര്‍ത്തു നല്ല ഒന്നാംതരം ചരക്കാക്കി വിളമ്പുന്നത് വാരിവിഴുങ്ങി തൃപ്തി അടയുന്നു നാം .
ചില ദിവസങ്ങളില്‍ കൊലപാതകം പീഡനം പോലുള്ള വാര്‍ത്തകള്‍ ഇല്ലെങ്കില്‍ എന്റെ സഹമുറിയന്‍ മാരുടെ കമന്റ് ഇങ്ങിനെ ഇന്നത്തെ കുറ്റ പത്രം തീരെ പോര . നല്ല വാര്‍ത്തകള്‍ ഒന്നുമില്ല . മനുഷ്യനെ കുറ്റം കാണാന്‍ പ്രോത്സാഹിപ്പിക്കുന്ന ഇത്തരം പരിപാടികള്‍ സമൂഹ നാശത്തിനു തന്നെയാണ് എന്ന് വിലയിരുത്തുന്നതില്‍ തെറ്റ് ഉണ്ടോ ? നമ്മുടെ നാട്ടില്‍ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന അശുഭകരമായ സംഭവങ്ങള്‍ക്ക് കാതോര്‍ക്കുമ്പോള്‍ ഇതാണ് തോന്നുന്നത് മനുഷ്യരെ കുറ്റകൃത്യങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നില്ലേ ഇത്തരം പ്രോഗ്രാമുകള്‍ എന്ന് .....