ഒക്‌ടോബർ 26, 2011

ഇസ്ലാമിക് ഫൈനാന്‍സ് ഉത്ഭവവും വളര്‍ച്ചയും

ഇസ്ലാമിക് ഫൈനാന്‍സ് ഉത്ഭവവും വളര്‍ച്ചയും

ലോകചരിത്രത്തില്‍ അതുല്യമായ ഒരു വിജയത്തിന്റെ കഥയാണിത്. ലോകത്തിന് തികച്ചും അപരിചിതമായിരുന്ന ഒരു സാമ്പത്തിക ഇടപാടുരീതിയും നിക്ഷേപനിര്‍വഹണവും ഉടലെടുത്ത്, വളര്‍ന്ന്; ചുരുങ്ങിയ കാലംകൊണ്ടു വന്‍സ്വീകാര്യത നേടിയ കഥ. കാല്‍ നൂറ്റാണ്ടിനകം കിഴക്ക് ഇന്തോന്യേഷ്യയും മലേഷ്യയും മുതല്‍ പടിഞ്ഞാറ് അമേരിക്കന്‍ ഐക്യനാടുകള്‍ വരെ അതിന്റെ സ്വാധീനം വ്യാപിച്ചിരിക്കുന്നു. പല മുസ്ലിം രാഷ്ട്രങ്ങളും ഔദ്യോഗികകമായി അത് നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കുന്നു.
ഇസ്ലാമിന്റെ ജീവിത വീക്ഷണം യാഥാര്‍ഥ്യവത്കരിക്കുന്ന സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ പ്രവാചകന്റെ കാലത്തുതന്നെ മദീനയിലെ മുസ്ലിം സമൂഹം നടത്തിയിരുന്നു. മദീനയിലെ കര്‍ഷകരും മക്കയിലെ പരിചയസമ്പന്നരായ വ്യാപാരികളും ചേര്‍ന്നപ്പോള്‍ അവിടം അന്താരാഷ്ട്ര കച്ചവടകേന്ദ്രമായി വളര്‍ന്നു. ആദ്യാനൂറ്റാണ്ടുകളില്‍ രാജ്യമെങ്ങും വളര്‍ച്ചയും അഭിവൃദ്ധിയും വര്‍ധിച്ചു. സാമ്പത്തിക ഇടപാടുകള്‍ പണത്തിന്റെ അടിസ്ഥാനത്തിലാക്കി. ഒരേ നാണയങ്ങള്‍ പല വിലക്ക് കൈമാറ്റം ചെയ്യുന്നത് നിരോധിച്ചു. ബൈസന്റിയയില്‍നിന്നുള്ള സ്വര്‍ണ ദീനാറുകളും പേര്‍ഷ്യയില്‍നിന്നുള്ള വെള്ളി ദിര്‍ഹമുകളാണ് ആദ്യം ഉപയോഗിച്ചത്. വളരെവൈകാതെ സ്വന്തമായി നാണയം അടിച്ചിറക്കി. പണമടിക്കുന്നതിനുള്ള അധികാരം സര്‍ക്കാരില്‍ നിലനിര്‍ത്തി. പണത്തില്‍ കൃത്രിമം കാണിക്കുന്നത് ശിക്ഷലഭിക്കുന്ന കുറ്റമാക്കി.
ഇസ്ലാമിക രാഷ്ട്രത്തിന്റെ വ്യാപ്തി വര്‍ധിച്ചതോടെ കച്ചവടവും അതോടനുബന്ധിച്ച ഇടപാടുകളും അല്‍പം സങ്കീര്‍ണമായപ്പോള്‍, പുതിയ ധനവിനിമയ ഉപകരണങ്ങള്‍ക്ക് രൂപം നല്‍കി. അവയില്‍ മുഖ്യമായത് വിനിമയ ബില്ലും ചെക്കുമായിരുന്നു.
അറേബ്യന്‍ മുസ്ലിംകള്‍ പരമ്പരാഗതമായി വ്യാപാരസിദ്ധിയും ഇസ്ലാമിന്റെ പ്രചോദനവും ഉള്‍ക്കൊണ്ട് രാഷ്ട്രത്തിനകത്തും പുറത്തും അറിയപ്പെടുന്ന വ്യാപാരസമൂഹമായി വളര്‍ന്നു. ഇസ്ലാമിന്റെ വിധിവിലക്കുകള്‍ ലംഘിച്ച് വ്യാപാരം നടത്തിയവരെ അവര്‍ ഒറ്റപ്പെടുത്തി. കച്ചവടം കൂടുതല്‍ നീതിയുക്തമാക്കുന്നതിന് സാഹചര്യത്തിനനുസരിച്ച പുതിയ രീതികള്‍ ആവിഷ്കരിച്ചു. ഇസ്ലാമിക തത്വങ്ങളുമായി പൊരുത്തപ്പെടാത്ത വ്യാപാരരീതികള്‍ക്ക് ഭരണാധികാരികള്‍ വിലക്കേര്‍പ്പെടുത്തി. ഉടമസ്ഥാവകാശം ശരിയായ രീതിയില്‍ കൈമാറ്റം ചെയ്യപ്പെടുന്നില്ല എന്ന കാരണത്താല്‍ ഒന്നാം ഉമയ്യാ ഭരണാധികാരി മുആവിയ(റ) കടപത്രങ്ങളുടെ വില്‍പന നിരോധിച്ചത് ഇതിന് ഉദാഹരണം മാത്രം. മധ്യകാലഘട്ടത്തില്‍ അറബികള്‍ക്കായിരുന്നു ലോകവ്യാപാര ഭൂപടത്തില്‍ മേല്‍ക്കോയ്മ. എന്നാല്‍ 14ഉം 15ഉം നൂറ്റാണ്ടുകളില്‍ യൂറോപ്യര്‍ നടത്തിയ ലോക സഞ്ചാരങ്ങളും തുടര്‍ന്ന് വളര്‍ന്നുവന്ന സാമ്രാജ്യത്ത കൊളോണിയലിസവും വ്യാപാരമേഖലയില്‍ അറബികള്‍ക്കുണ്ടായിരുന്ന മേല്‍ക്കോയ്മ തകര്‍ത്തു.
18ഉം 19ഉം നൂറ്റാണ്ടുകളിലും ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിലുമായി മുസ്ലിംരാഷ്ട്രങ്ങള്‍ മുഴുവന്‍ യൂറോപ്യന്‍രാജ്യങ്ങളുടെ കോളനികളായി മാറി. യൂറോപ്യര്‍ ഈ രാഷ്ട്രങ്ങളില്‍ നിലനിന്നുപോന്ന സാമ്പത്തിക ക്രമങ്ങളെ തങ്ങള്‍ക്കനുകൂലമായി മാറ്റിയെടുത്തു. എന്നാല്‍ മുസ്ലിംകളില്‍ സമ്പന്നരായ ചെറിയൊരു വിഭാഗം മാത്രമേ ആ മാറ്റത്തെ അംഗീകരിച്ചുള്ളൂ. അവരൊഴികെയുള്ള മുഴുവന്‍ മുസ്ലിംകളും കോളനിശക്തികള്‍ നടപ്പിലാക്കിയ പലിശാധിഷ്ടിത സാമ്പത്തിക ഇടപാടുകളില്‍ നിന്ന് വിട്ടുനിന്നു. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ ഈ രാഷ്ട്രങ്ങളെല്ലാം സ്വാതന്ത്യ്രം കൈവരിച്ചു. അതോടെ തങ്ങളുടെ മൂല്യങ്ങള്‍ക്കും പാരമ്പര്യങ്ങള്‍ക്കും അനുസൃതമായി പുതിയൊരു സാമ്പത്തിക വ്യവസ്ഥ കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങളും അവര്‍ ആരംഭിച്ചു.

സൈദ്ധാന്തിക സാഹിത്യങ്ങള്‍
1940 മുതല്‍ അറുപതുകള്‍ വരെയുള്ള ഘട്ടത്തില്‍ ഇസ്ലാമിക സാമ്പത്തിക ക്രമത്തിന്റെ സൈദ്ധാന്തിക വശം വിവരിക്കുന്ന സാഹിത്യങ്ങള്‍ അറബി, ഉര്‍ദു, ഇംഗ്ളീഷ് ഭാഷകളില്‍ പ്രത്യക്ഷപ്പെട്ടു.ഇവ ഊന്നല്‍ നല്‍കിയത് ബാങ്കിംഗിനും മറ്റു സാമ്പത്തിക ഇടപാടുകള്‍ക്കും മാത്രമായിരുന്നില്ല, സമ്പദ്വ്യവസ്ഥയെ മൊത്തത്തിലായിരുന്നു. അക്കാലത്ത് ഉയര്‍ന്നുവന്ന മുതലാളിത്ത ‏‏‏‏‏ സോഷ്യലിസ്റ് വ്യവസ്ഥകളെ അതിനിശിതമായി വിശകലനം ചെയ്ത് ഇസ്ലാമിക വ്യവസ്ഥയുടെ തത്വങ്ങള്‍ സമര്‍ഥിക്കുന്നതായിരുന്നു പൊതുവെ ഈ സാഹിത്യങ്ങളുടെ ഉള്ളടക്കം. ഉപഭോഗമിതത്വം, ദാര്ദ്യ്രനിര്‍മാര്‍ജനം, സാമ്പത്തിക സംരംഭങ്ങളുടെ പ്രോത്സാഹനം, നീതി, ധാര്‍മികത തുടങ്ങിയ തത്വങ്ങള്‍ക്ക് പ്രാധാന്യം നല്‍കി അവതരിപ്പിച്ചു. പരമ്പരാഗത പലിശ വ്യവസ്ഥയുടെ സൃഷ്ടിയായ ബാങ്കിംഗ് ഫൈനാന്‍സ് മേഖലയെ അന്ധമായി സ്വീകരിക്കരുതെന്ന് നിഷ്കര്‍ഷിച്ചു. പരമ്പരാഗത പലിശാധിഷ്ഠിത വ്യവസ്ഥയെ ദരിദ്രര്‍ക്കനുകൂലമായ നീതിയുക്ത സാമ്പത്തിക വ്യവസ്ഥയായി പരിവര്‍ത്തിപ്പിക്കാന്‍ ആഹ്വാനം ചെയ്തു. ആദ്യകാല മുസ്ലിംകള്‍ വളര്‍ത്തിയെടുത്ത ഇസ്ലാമിക സാമ്പത്തിക ഇടപാടുരീതികള്‍ വളര്‍ച്ചയും സാമൂഹിക നീതിയും ഉറപ്പാക്കുന്നതാണെന്ന് തെളിയിക്കാനായിരുന്നു പിന്നീടുള്ള ശ്രമങ്ങള്‍.
അറുപതുകളുടെ അവസാനത്തിലാണ് ഏതാനും പണ്ഡിതരും സാമ്പത്തിക വിദഗ്ധരും ചേര്‍ന്ന് ഇസ്ലാമിക ബാങ്കിന്റെ പ്രാഥമിക രൂപം തയ്യാറാക്കിയത്. ബാങ്കര്‍മാരും ബിസിനസുകാരും ചേര്‍ന്ന് അതിനൊരു പ്രായോഗിക രൂപം നല്‍കിയതും നടപ്പിലാക്കിത്തുടങ്ങിയതും പിന്നെയും വര്‍ഷങ്ങള്‍ കഴിഞ്ഞാണ്. അറബ് നാടുകളിലെ രാഷ്ട്രീയ സാഹചര്യം ഈ പരിഷ്കരണം നടപ്പാക്കുന്നതിന് അനുകൂലമായിരുന്നില്ല. അതിനാല്‍, ഏതാനും വ്യക്തികളും സ്ഥാപനങ്ങളുമാണ് ഈ സംരംഭത്തിന് മുന്നിട്ടിറങ്ങിയത്. അത് വിജയകരമാവുകയും അതിശയിപ്പിക്കുന്ന വളര്‍ച്ച കൈവരിക്കുകയും ചെയ്തു.
ദ്വിമുഖ ലാഭനഷ്ട പങ്കാളിത്ത(മുദാറബ) രീതിയാണ് ആദ്യമായി നടപ്പാക്കിയ മാതൃക. ബാങ്കും നിക്ഷേപകനും തമ്മിലും, ബാങ്കും വായ്പ വാങ്ങിയവനും തമ്മിലും പലിശക്കുപകരം ലാഭനഷ്ടങ്ങള്‍ പങ്കുവെക്കുന്ന രീതിയാണിത്. ഇസ്ലാമിക് ബാങ്കും ഇതര സമാന സ്ഥാപനങ്ങളെപ്പോലെ ധന ഇടപാടില്‍ മധ്യവര്‍ത്തിയുടെ പ്രവര്‍ത്തനമാണ് നടത്തുന്നത്. പലിശക്കുപകരം ലാഭ നഷ്ട പങ്കാളിത്തവും വായ്പക്കുപകരം ഓഹരി പങ്കാളിത്തവും നടപ്പാക്കുന്നു എന്നുമാത്രം. ഇസ്ലാമിക് ബാങ്കും മറ്റു ബാങ്കുകളിലേതുപോലെ ഡിമാന്റ് ഡിപ്പോസിറ്റുകളും, ഫീസുവാങ്ങിയുള്ള മറ്റു സേവനങ്ങളും ചെയ്യുന്നുണ്ട്. എന്നാല്‍ ബാങ്കുള്‍ നേരിട്ട് വ്യവസായവും ബിസിനിസും നടത്തി ലാഭം സൃഷ്ടിക്കുകയും നിക്ഷേപകര്‍ക്കിടയില്‍ വീതിക്കുകയും ചെയ്യുന്നില്ല.
അറബ് ലോകത്തെ ബാങ്കിംഗ് വിദഗ്ധര്‍ ഈ മാതൃകക്ക് അത്ര ഭാവി കാണുന്നില്ല. ലാഭ നഷ്ട പങ്കാളിത്തത്തിന്റെ അടിസ്ഥാനത്തില്‍ നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നത് ശരിതന്നെ. എന്നാല്‍ അവ വിനിയോഗിക്കേണ്ടത് ബാങ്ക് നേരിട്ട് ബിസിനസില്‍ ഇടപെട്ടുകൊണ്ടാവണമെന്നാണവരുടെ നിലപാട്. കച്ചവടാതിഷ്ടിത ബാങ്കിംഗ് രീതി നേരത്തെ നിലനിന്നിരുന്നതും പണ്ഡിതന്മാര്‍ക്ക് പരിചിതവുമാണ്. നിക്ഷേപം ലാഭ നഷ്ട പങ്കാളിത്താടിസ്ഥാനത്തില്‍ സ്വരൂപിക്കുകയും വിനിയോഗം വിവിധ ഇസ്ലാമിക സാമ്പത്തിക കരാറുകളുടെ അടിസ്ഥാനത്തില്‍ നടത്തുകയും ചെയ്യുന്നതിനാണ് സ്വീകാര്യത കൂടുതല്‍. മുദാറബ, മുഷാറക, മുറാബഹ തുടങ്ങിയവ ഉദാഹരണം.
ജനങ്ങളുടെ പ്രത്യേക ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്ന സാമ്പത്തിക വിനിമയ രീതികള്‍ വളര്‍ന്നു വന്നിട്ടുണ്ട്. അതില്‍ പ്രധാനമാണ് ഹൌസ് ഫൈനാന്‍സിംഗ്. ലോകത്ത് മൂന്ന് രീതികളിലുള്ള ഇസ്ലാമിക് ഹൌസ് ഫൈനാന്‍സിംഗ് പ്രോയഗത്തിലുണ്ട്. ഒന്നാമത്തേത്, 1980 ല്‍ പാകിസ്താനില്‍ നിലവില്‍വന്ന ഹൌസ് ബില്‍ഡിംഗ് ഫൈനാന്‍സ് കോര്‍പ്പറേഷനാണ്. അംഗങ്ങളുടെയും കോര്‍പറേഷന്റെയും സംയുക്ത ഉടമസ്ഥതയില്‍ വീട് നിര്‍മിച്ച് കൈമാറുകയും വാടക അംഗങ്ങള്‍ക്കിടയില്‍ വീതിക്കുകയും ചെയ്യുന്നു. വീടിന്റെ ഉടമസ്ഥത പണമടക്കുന്ന മുറക്ക് ഘട്ടംഘട്ടമായി വ്യക്തിക്ക് കൈമാറുന്നു. സഹകരണ സംഘമാണ് രണ്ടാമത്തെ മാതൃക. അംഗങ്ങള്‍ അവരുടെ പണം സൊസൈറ്റിയില്‍ നിക്ഷേപിക്കുകയും ഇത് മൊത്തമായി സംരംഭങ്ങളില്‍ മുതലിറക്കുകയും ചെയ്യുന്നു. ഘട്ടംഘട്ടമായി ഈ ലാഭവും മുതലും ഉപയോഗിച്ച് എല്ലാവര്‍ക്കും വീട് ലഭിക്കുന്നു. മുന്നാമത്തേത് 'മറാബഹ' രീതിയാണ്. പണമടക്കാനുള്ള കാലതാമസം കണക്കാക്കി ഉയര്‍ന്ന വിലക്ക് വീട് കൈമാറുകയും വാടകയോടൊപ്പം വിലയും ക്രമേണ അടക്കുകയും ചെയ്യുന്ന രീതിയാണിത്. ഇവ മൂന്നും വ്യത്യസ്ത പ്രായോഗിക രീതികളാണ്. ശരീഅത്തുമായുളള പൊരുത്തത്തിലും ലാഭക്ഷമതയിലും ഏതാണ് നല്ല രീതിയെന്ന കാര്യത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമുണ്ട്.
എണ്‍പതുകളിലാണ് ഇസ്ലാമിക് ബാങ്കിംഗ് എന്ന ആശയത്തിന് അക്കാദമികവും തൊഴില്‍ പരവുമായ പ്രാധന്യം ലഭിച്ചുതുടങ്ങിയത്. പല രാഷ്ട്രങ്ങളും ഇസ്ലാമിക സാമ്പത്തിക വിനിമയരീതി ഔദ്യോഗികമായി നടപ്പാക്കുന്നതിനെപ്പറ്റ് പഠിക്കുന്നതിന് വിദഗ്ധ സമിതിയെ നിയോഗിച്ചു. ധാരാളം സര്‍വകലാശാലകള്‍ ഇസ്ലാമിക സാമ്പത്തിക ശാസ്ത്രം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തി. നൂറുകണക്കിന് പ്രബന്ധങ്ങള്‍ ‏‏‏‏‏ ഇവയില്‍ പലതും യൂറോപ്യന്‍, അമേരിക്കന്‍ യൂനിവേഴ്സിറ്റികളില്‍ ‏‏‏‏‏ അംഗീകരിക്കപ്പെട്ടു. കൊലാലമ്പൂര്‍, ധാക്ക, ഇസ്ലാമാബാദ്, ബഹ്റൈന്‍, ജിദ്ദ, കയ്റോ, ഖാര്‍ത്തൂം, സൊകോട്ടോ (നൈജീരിയ), തൂനിസ്, ജനീവ, ലണ്ടന്‍, ന്യൂയോര്‍ക്ക് തുടങ്ങി ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ സെമിനാറുകളും ചര്‍ച്ചാ സമ്മേളനങ്ങളും സംഘടിപ്പിക്കപ്പെട്ടു. നിരവധി ഗവേഷണ സ്ഥാപനങ്ങള്‍ ഇസ്ലാമിക സാമ്പത്തിക ശാസ്ത്രത്തിന് മുഖ്യപരിഗണന നല്‍കി. പല സ്ഥാപനങ്ങളും പ്രസിദ്ധീകരണ രംഗത്തേക്ക് കാല്‍വെച്ചു.
തൊണ്ണൂറുകളില്‍ ഇസ്ലാമിക് ബാങ്കിംഗ് കുറേക്കൂടി പ്രായോഗിക രീതിയില്‍ പരിഷ്കരിക്കപ്പെട്ടു. പുതിയ വിനിമയ രീതികള്‍ നടപ്പിലായി. ബാങ്കുകളില്‍ പണം സൂക്ഷിക്കാനുള്ള ട്രസ്റ് ഫണ്ടുകള്‍, നിക്ഷേപ മൂലധന ഇടപാടുകള്‍ എന്നിവയും പാട്ടക്കരാര്‍(ഇജാറ), മുന്‍കൂര്‍ കച്ചവടം(സലം), അധികവില നിശ്ചയിച്ചുകൈമാറല്‍(മുറാബഹ) എന്നീ രീതികളും നടപ്പില്‍ വരുത്തി. ശരീഅത്തുമായി പൊരുത്തപ്പെടുന്ന മ്യൂച്ചല്‍ ഫണ്ടുകളും ഈ കാലഘട്ടത്തിലാണ് വികസിപ്പിച്ചത്. ശരീഅത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ ഓഹരി ഇടപാടുകളാണ് ഇവ നടത്തുന്നത്. ശരീഅത്ത് നിരോധിച്ച മദ്യം, പന്നിമാംസം തുടങ്ങിയവയുടെ ഉല്‍പാദനത്തില്‍നിന്ന് വിട്ട് നില്‍ക്കലും ഇടപാടുകളില്‍ പലിശയുടെ അംശം കലരാതിരിക്കലുമാണ് മുഖ്യമായും പരിഗണിക്കപ്പെടുന്നത്. വിദഗ്ധ പഠനത്തിലൂടെ ഇത്തരം സ്ഥാപനങ്ങളെ ഒരിക്കല്‍ തിരഞ്ഞെടുത്താല്‍ നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തും. തൊഴില്‍ മേഖലയിലെ വിദഗ്ധരും പണ്ഡിതരും മ്യൂച്ചല്‍ ഫണ്ടുകളുടെ പ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കുന്നു.
ലോകപ്രശ്സത ഓഹരി ഇടപാടുവ്യവസായ സ്ഥാപനമായ ഡൌജോണ്‍സ് ഒരു ഇസ്ലാമിക് ഇന്‍ഡക്സ് ആവിഷ്കരിച്ച് നടപ്പാക്കിയിട്ടുണ്ട്. അത്യധികം സങ്കീര്‍ണമായ ആധുനിക ധനവിനിമയ കമ്പോളത്തില്‍ അത്യാധുനിക ഫൈനാന്‍സിംഗ് സാങ്കേതിക വിദ്യകള്‍ ഇസ്ലാമികമായി വികസിപ്പിക്കേണ്ടതുണ്ട് എന്നാണത് തെളിയിക്കുന്നത്. ലോകത്തെങ്ങും ശരീഅത്തുമായി പൊരുത്തപ്പെടുന്ന നിരവധി കമ്പനികളുടെ ഓഹരികള്‍ ലഭ്യമാണ്.

ആദ്യകാല ചുവടുവെപ്പുകള്‍
ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ നാല്‍പതുകളില്‍തന്നെ ഏതാനും ചെറുകിട സമ്പാദ്യ ‏‏‏‏‏ വായ്പാ സംഘങ്ങള്‍ പ്രവര്‍ത്തനമാരംഭിച്ചിരുന്നു. എന്നാല്‍, ബിസിനസ് സംരംഭങ്ങള്‍ക്ക് പണം നല്‍കുന്ന സ്ഥാപനങ്ങള്‍ ആരംഭിച്ചത് വളരെ കഴിഞ്ഞാണ്. 1963 ല്‍ ഈജിപ്തില്‍ ആരംഭിക്കുകയും വൈകാതെ നിലക്കുകയും ചെയ്ത മിത്ഗമര്‍ ആണ് ആദ്യ സംരംഭം. അതേവര്‍ഷം മലേഷ്യയില്‍ തബ്ബുംഗ് ഹാജി ഫൈനാന്‍സ് കോര്‍പറേഷന്‍ ആരംഭിച്ചു. ഹജ്ജിനുപോവാന്‍ ഉദ്ദേശിക്കുന്നവരുടെ സമ്പാദ്യം സ്വരൂപിച്ച് നിക്ഷേപം നടത്തുകയും ഹജ്ജ് യാത്രക്ക് അവസരമൊരുക്കുകയും ചെയ്യുകയാണ് ഇപ്പോഴും വിജയകരമായി പ്രവര്‍ത്തിച്ചുവരുന്ന ഈ സ്ഥാപനത്തിന്റെ ലക്ഷ്യം.
ഇതേ കാലഘട്ടത്തിലാണ് ഫിലിപ്പൈന്‍സില്‍ അമാന ഇസ്ലാമിക് ബാങ്ക് പ്രവര്‍ത്തനമാരംഭിച്ചത്. മുസ്ലിംകളുടെ സാമ്പത്തികാവശ്യങ്ങള്‍ പലിശയില്ലാതെ നിറവേറ്റുന്നതിനാണ് ഈ സ്ഥാപനം നിലവില്‍വന്നത്. കറാച്ചിയില്‍ ഏതാനും വ്യക്തികള്‍ ചേര്‍ന്ന് ഒരു പലിശ രഹിത ബാങ്ക് ആരംഭിച്ചതും ഇതേ കാലത്താണ്. എന്നാല്‍ അധികകാലം അത് നിലനിന്നില്ല.

സ്വകാര്യ, സംഘടിത മേഖലകളില്‍
1975 ല്‍ നിലവില്‍വന്ന ദുബൈ ഇസ്ലാമിക് ബാങ്കാണ് ഈ നിരയില്‍ ആദ്യത്തേത്. അടുത്ത പത്ത് വര്‍ഷങ്ങള്‍ക്കകം അഥവാ, 1985 ഓടെ പുതിയ 27 ബാങ്കുകള്‍ വിവിധ മുസ്ലിം രാജ്യങ്ങളിലായി നിലവില്‍വന്നു. അപ്പോഴേക്കും 50ഓളം പരമ്പരാഗത ബാങ്കുകള്‍ ഇസ്ലാമിക് ബാംങ്കിംഗ് ജാലകങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്നു. ഇവയില്‍ പലതും ലണ്ടന്‍ പോലുള്ള പാശ്ചാത്യന്‍ നഗരങ്ങളിലാണ്. ചില പരമ്പരാഗത ബാങ്കുകള്‍ ഇസ്ലാമിക പണമിടപാടുകള്‍ക്കുമാത്രമായി ശാഖകള്‍ സ്ഥാപിച്ചു. 90കളില്‍ സുഊദി കൊമേഴ്സ്യല്‍ ബാങ്ക് 50 ഇസ്ലാമിക് ബ്രാഞ്ചുകളാണ് ആരംഭിച്ചത്. ബഹ്റൈനിലെ സിറ്റി ഇസ്ലാമിക് ബാങ്കും കറാച്ചിയില്‍ ഗ്രിന്‍ഡ്ലേയ്സും ഈ പാത പിന്തുടര്‍ന്നു.
എഴുപതുകളില്‍തന്നെ വിവിധ ഇസ്ലാമിക നിക്ഷേപക സംരംഭങ്ങളും ഇന്‍ഷുറന്‍സ് കമ്പനികളും പ്രത്യക്ഷപ്പെട്ടുതുടങ്ങിയരിന്നു. ഇവ ക്രമേണ വളര്‍ന്നു. തൊണ്ണൂറുകളില്‍ അനേകം മ്യൂച്ചല്‍ ഫണ്ടുകള്‍ ലഭ്യമായിത്തുടങ്ങി. അവയില്‍ പലതും പാശ്ചാത്യ സ്ഥാപനങ്ങളുടെ വകയായിരുന്നു.
രണ്ടായിരമാണ്ടോടെ ഇരുനൂറോളം ഇസ്ലാമിക ധനകാര്യ സ്ഥാപനങ്ങള്‍ നിലവില്‍വന്നു. എട്ടു ബില്യന്‍ അമേരിക്കന്‍ ഡോളര്‍ മൂലധനവും 100 ബില്യന്‍ ഡോളറിന്റെ നിക്ഷേപവും ഉള്‍പ്പെടെ 160 ബില്യന്‍ ഡോളറിന്റെ ആസ്തി അവ കൈകാര്യം ചെയ്തു. ഇതില്‍ നാല്‍പതുശതമാനം ഗള്‍ഫുമേഖലയിലും നാല്‍പതുശതമാനം തെക്കുകിഴക്കന്‍ ഏഷ്യയിലും ബാക്കി യൂറോപ്പ്, ആഫ്രിക്ക, അമേരിക്ക വന്‍കരകളിലുമാണ്. ഇവയുടെ മൂന്നില്‍ രണ്ടുഭാഗവും 100 മില്യന്‍ ഡോളറില്‍ താഴെ ആസ്തിയുള്ള ചെറു സ്ഥാപനങ്ങളാണ്.

സര്‍ക്കാര്‍ തലത്തില്‍
പാകിസ്താനില്‍ ഫെഡറല്‍ ഗവണ്‍മെന്റിന്റെയുംകേന്ദ്ര ബാങ്കായ സ്റേറ്റ് ബാങ്ക് ഓഫ് പാകിസ്താന്റെയും നിരവധി ഉത്തരവുകളുടെ പിന്‍ബലത്തില്‍ 1979നും 85നുമിടയില്‍ ബാങ്കിംഗ് മേഖല 'ഇസ്ലാമിക വല്‍ക്കരിക്കുക'യുണ്ടായി. സേവിംഗ് എക്കൌണ്ടിനും സ്ഥിരനിക്ഷേപങ്ങള്‍ക്കും പലിശക്കുപകരം ലാഭനഷ്ടപങ്കാളിത്തം ഏര്‍പ്പെടുത്തിയെങ്കിലും ശരിയായ രീതിയിലല്ല ഇത് പ്രാവര്‍ത്തികമാക്കുന്നത്. ബാങ്കുകള്‍ പണം നല്‍കുന്ന ആസ്തി ഇടപാടുകളില്‍ ഉയര്‍ന്ന വില നിശ്ചയിച്ച് കൈമാറുന്ന രീതിയാണ് ബിസിനസില്‍ കൂടുതല്‍ അവലംബിക്കുന്നത്. ലാഭനഷ്ടപങ്കാളത്തത്തോടെയുള്ള ചില ഇടപാടുകളുണ്ടെങ്കിലും ലഭ്യത വളരെ കുറച്ചുമാത്രമാണ്. സര്‍ക്കാറിന്റെ സാമ്പത്തിക ഇടപാടുകള്‍ ഇപ്പോഴും പലിശാധിഷ്ഠിതമാണ്. വന്‍ പലിശക്ക് വിദേശ ആഭ്യന്തര കടങ്ങള്‍ സര്‍ക്കാര്‍ വാങ്ങുന്നുണ്ട്.
വ്യവസ്ഥ പരിവര്‍ത്തിപ്പിക്കുന്നതിന് മുകളില്‍നിന്നുള്ള മുകളില്‍നിന്നുള്ള ഉത്തരവുകളെ മാത്രം ആശ്രയിച്ചതാണ് ഇവിടെ വിനയായത്. സ്വകാര്യമേഖലയില്‍ നിന്ന് ഇസ്ലാമിക വല്‍കരണം തുടങ്ങിയാല്‍ തിരസ്കരിക്കപ്പെടുന്ന അവസ്ഥവരുമായിരുന്നില്ല.
ഇറാന്‍ 1983ല്‍ പലിശരഹിത നിയമം പാസാക്കി. എല്ലാ ബാങ്കുകളും ദേശസാല്‍ക്കരിച്ചു. ഇവിടെ പിന്തുടരുന്ന നിയപ്രകാരം സമ്പാദകര്‍ക്ക് പ്രതിഫലം മുന്‍കൂറായി ഉറപ്പുനല്‍കുന്നില്ല. ആഭ്യന്തര, വിദേശ കച്ചവടങ്ങള്‍ക്കുള്ള വായ്പ മുന്‍കൂറായി ഉയര്‍ന്ന നിരക്കില്‍ തിരിച്ചടവ് നിശ്ചയിച്ചാണ് നല്‍കുന്നത്. എന്നാല്‍ കാര്‍ഷിക, വ്യാവസായിക വായപകള്‍ പങ്കാളിത്തം അടിസ്ഥാനമാക്കിയാണ്. ദരിദ്രര്‍ക്ക് വീടുവെക്കാനും മറ്റും സര്‍ക്കാര്‍ പലിശരഹിത വായ്പനല്‍കുന്നു.
സുഡാനില്‍ ഇസ്ലാമിക് ബാങ്കിംഗ് 1984 ല്‍ നടപ്പാക്കിയെങ്കിലും മുഴുവന്‍ സമ്പദ്വ്യവസ്ഥയിലേക്കും വ്യാപിപ്പിച്ചത് 1989 ലാണ്. കൃഷിയിലും വ്യവസായത്തിലും ഓഹരിയധിഷ്ഠിത സാമ്പത്തിക ഇടപാടാണ് നിഷ്കര്‍ഷിക്കുന്നത്. സര്‍ക്കാര്‍ ഓഹരി അടിസ്ഥാനമാക്കിയുള്ള നിക്ഷേപ സര്‍ട്ടിഫിക്കറ്റുകള്‍ പൊതുജനങ്ങള്‍ക്ക് വില്‍ക്കുന്നുണ്ട്. ഇങ്ങനെ ലഭിക്കുന്ന പണം വികസന പദ്ധതികള്‍ക്കായി വിനിയോഗിക്കുന്നു. ദരിദ്രരാജ്യമായതിനാല്‍ കമ്പോളത്തിന് കാര്യമായ പങ്കുവഹിക്കാന്‍ കഴിയുന്നില്ല. എന്നാല്‍ എണ്ണയില്‍നിന്നുള്ള വരുമാനം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ അവസ്ഥ മാറാനിടയുണ്ട്.
മലേഷ്യയില്‍ ഔദ്യോഗിക ഇസ്ലാമിക് ബാങ്ക് നിലവില്‍വന്നത് 1983ലാണ്. എല്ലാ ബാങ്കുകളിലും ഇസ്ലാമിക രീതിയിലുള്ള ഇടപാട് സാധ്യമാണ്. കേന്ദ്രബാങ്കായ ബാങ്ക് നെഗാറ മലേഷ്യ ഇവക്ക് മേല്‍നോട്ടം വഹിക്കുന്നു. കേന്ദ്രബാങ്കിനെ ഉപദേശിക്കുന്നതിന് പണ്ഡിത സമിതിയുണ്ട്. കടാധിഷ്ഠിത ഉല്‍പന്നങ്ങളുടെ വിപണനത്തിന് ഇവിടെ അനുവാദമുണ്ട്. മലേഷ്യന്‍ സര്‍ക്കാര്‍ പുറത്തിറക്കുന്ന ബോണ്ടുകള്‍ (മലേഷ്യന്‍ ഗവണ്‍മെന്റ് ഇന്‍വെസ്റ്മെന്റ് സര്‍ട്ടിഫിക്കറ്റ്) ഇസ്ലാമിക നിയമപ്രകാരം ലാഭം മാറിക്കൊണ്ടിരിക്കുന്നതാണ്. ഏറെ സജീവമായി പ്രവര്‍ത്തിക്കുന്ന ഇസ്ലമിക് മണി മാര്‍ക്കറ്റും ഇവിടെയുണ്ട്. ആസ്തി അടിസ്ഥാനപ്പെടുത്തിയുള്ള ഓഹരികളാണ് വിപണനം നടത്തുന്നത്.
ഇന്തോനേഷ്യയില്‍ ബാങ്ക് മുആമലാത്ത് സ്ഥാപിതമായത് 1994 ലാണ്. സര്‍ക്കാറിന്റെ പങ്കാളിത്തത്തോടെയുള്ള ഈ ബാങ്കിന് രാജ്യത്ത് നാനൂറോളം ബ്രാഞ്ചുകളുണ്ട്. ഇടപാടുകള്‍ മലേഷ്യയിലേതിനോട് സമാനമാണ്. മറ്റു ചില ചെറിയ ഇസ്ലാമിക് ബാങ്കുകളും ഇവിടെ പ്രവര്‍ത്തിക്കുന്നു.
തുര്‍ക്കിയില്‍ സര്‍ക്കാര്‍ പിന്തുണയുള്ള ഇസ്ലാമിക് ബാങ്കുകള്‍ നിലവിലില്ല. എന്നാല്‍, എണ്‍പതുകളിലും തൊണ്ണൂറുകളിലും ചില ഇസ്ലാമിക ബാങ്കുകള്‍ക്ക് പ്രത്യേക ലൈസന്‍സ് ലഭിച്ചിട്ടുണ്ട്. ചില ബാങ്കിതര സാമ്പത്തിക സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്.

ഇസ്ലാമിക് ഡവലപ്മെന്റ് ബാങ്ക്
ഇസ്ലാമിക രാഷ്ട്ര സംഘടന (ഒ.ഐ.സി) യുടെ ഏറെക്കാലത്തെ ശ്രമത്തിലൂടെയാണ് മുസ്ലിം സമുദായത്തിന് മൊത്തം ഗുണം ലഭിക്കുന്നതിനുള്ള രാജ്യാന്തര ബാങ്ക് സ്ഥാപിക്കപ്പെട്ടത്. ഓഹരി മൂലധനമായ രണ്ട് ബില്യന്‍ ഡോളര്‍ അംഗരാജ്യങ്ങള്‍ വീതിച്ചെടുത്തു. 1975 ല്‍ ജിദ്ദ ആസ്ഥാനമായി പ്രവര്‍ത്തനമാരംഭിച്ചു. മുസ്ലിം രാജ്യങ്ങളുടെയും മറ്റു രാജ്യങ്ങളിലെ മുസ്ലിം സമൂഹത്തിന്റെയും സാമ്പത്തിക സാമൂഹ്യ പുരോഗതിയാണ് ബാങ്കിന്റെ ലക്ഷ്യം.
മുസ്ലിം രാജ്യങ്ങള്‍ക്കിടയില്‍ വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിന് ഉയര്‍ന്ന തിരിച്ചടവ് നിശ്ചയിച്ച് വായ്പകള്‍ അനുവദിക്കുന്ന പദ്ധതി രണ്ടായിരമാണ്ടുമുതല്‍ നിലവിലുണ്ട്. 8 ബില്യന്‍ ഡോളര്‍ ഇതിനായി നീക്കിവെച്ചിട്ടുണ്ട്. എന്നാല്‍ ഓഹരി അധിഷ്ഠിത ഇടപാടുകള്‍ക്കാണ് പ്രാമുഖ്യം. പുതിയ നിക്ഷേപാവസരങ്ങള്‍ ഐ.ഡി.ബിയില്‍ കണ്ടെത്തുന്നതിനാല്‍ ചില ഇസ്ലാമിക് ബാങ്കുകളും അധികപണം ഇവിടെ നിക്ഷേപിക്കാറുണ്ട്. ഐ.ഡി.ബിയെ ഇസ്ലാമിക ബാങ്കുകളുടെ കേന്ദ്രബാങ്കായി മാറ്റാന്‍ കഴിഞ്ഞാല്‍ മറ്റു ബാങ്കുകളുടെ അധിക വിഭവശേഷി ഉല്‍പാദന പരമായി തിരിച്ചുവിടാന്‍ കഴിയും. മുസ്ലിം രാഷ്ട്രങ്ങള്‍ക്കിടയില്‍ സാങ്കേതിക സഹകരണം പ്രോത്സാഹിപ്പിക്കുന്നതില്‍ ഐ.ഡി.ബി പ്രധാന പങ്കുവഹിക്കുന്നു. ഇസ്ലാമിക് ചേംബര്‍ ഓഫ് കൊമേഴ്സ്, ഇസ്ലാമിക് ഫൌണ്ടേഷന്‍ ഫോര്‍ സയന്‍സ്, ടെക്നോളജി ആന്റ് ഡെവലപ്മെന്റ് തുടങ്ങിയ സ്ഥാപനങ്ങള്‍ സ്പോണ്‍സര്‍ ചെയ്യുന്നത് ഐ.ഡി.ബി യാണ്. മുസ്ലിം ന്യൂനപക്ഷ രാജ്യങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ഉന്നതപഠനത്തിനും സാങ്കേതിക വിദ്യാഭ്യാസത്തിനുമുള്ള സഹായവും നല്‍കുന്നു.
ലക്ഷ്യപൂര്‍ത്തീകരണം എളുപ്പമാക്കുന്നതിന് വേണ്ടി ബാങ്കിന്റെ കീഴില്‍ത്തന്നെ ഒരു ഇസ്ലാമിക് റിസര്‍ച്ച് ആന്റ് ട്രെയിനിംഗ് ഇന്‍സ്റിറ്റ്യൂട്ട് സ്ഥാപിച്ചിട്ടുണ്ട്. സ്ഥാപനത്തിനു കീഴില്‍ ഗവേഷണം നടത്തുക മാത്രമല്ല, പുറത്തുള്ള ഗവേഷണങ്ങള്‍ സ്പോണ്‍സര്‍ ചെയ്യുകയും ചെയ്യുന്നു. നിരവധി ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിക്കുകയും പരിശീലന പരിപാടികള്‍, സെമിനാറുകള്‍, സമ്മേളനങ്ങള്‍ എന്നിവ സംഘടിപ്പിക്കുകയും ചെയ്യുന്നു. ഇസ്ലാമിക സമ്പദ്വ്യവസ്ഥയെക്കുറിച്ച വിവരങ്ങളും ഇവിടെ ശേഖരിക്കുന്നു. ഐ.ഡി.ബി; അന്താരാഷ്ട്ര ബാങ്കിംഗ് ഏജന്‍സികളായ ഐ.എം.എഫ്, ലോകബാങ്ക്, ഏഷ്യന്‍ വികസനബാങ്ക് എന്നിവയുമായി അടുത്തബന്ധം പുലര്‍ത്തുന്നു.

അന്താരാഷ്ട്ര സമൂഹത്തിന്റെ ഭാഗം
ഐ.എം.എഫ്, ഇസ്ലാമിക് ബാങ്കിനെക്കുറിച്ച് അതിന്റെ ആദ്യ പഠനറിപ്പോര്‍ട്ട് 1987 ല്‍ പ്രസിദ്ധപ്പെടുത്തി.അതിനുശേഷം ഇസ്ലാമിക് ഫൈനാന്‍സിനെക്കുറിച്ച് ഒരു ഡസനിലേറെ ഗവേഷണ പ്രബന്ധങ്ങളെങ്കിലും ഐ.എം.എഫ് പ്രസിദ്ധീകരിച്ചു. ഇസ്ലാമിക് ബാങ്കിംഗ് നടപ്പാക്കുന്നതില്‍നിന്ന് അംഗരാജ്യങ്ങളെ ഐ.എം.എഫ് വിലക്കുന്നില്ല.
മേഖലാ തലത്തിലോ അന്താരാഷ്ട്ര തലത്തിലോ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ഇസ്ലാമിക് ബാങ്കുകളുടെ വേദിയാണ് എക്കൌണ്ടിംഗ് ആന്റ് ഓഡിറ്റിംഗ് ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇസ്ലാമിക് ഫൈനാന്‍ഷ്യല്‍ ഇന്‍സ്റിറ്റ്യൂഷന്‍സ് ഇത് സ്വിറ്റ്സര്‍ലന്റിലുള്ള അന്താരാഷ്ട്ര തര്‍ക്കപരിഹാര ബാങ്കുമായി ബന്ധം പുലര്‍ത്തുന്നു.
മുഴുവന്‍ ഇസ്ലാമിക ബാങ്കുകളും അതാത് കേന്ദ്ര ബാങ്കുകള്‍ക്കും മറ്റ് ഉന്നത സ്ഥാപനങ്ങള്‍ക്കും കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. അവക്കായി വേറിട്ട പ്രവര്‍ത്തനമേഖലയോ സംവിധാനങ്ങളോ ആവശ്യമില്ല. മുഴുവനാളുകള്‍ക്കും പ്രത്യേകിച്ചും ദരിദ്രരര്‍ക്കും ദുര്‍ബലര്‍ക്കും നീതിയും വികസനവും ലഭിക്കണമെന്ന ആശയമാണ് അവയുടെ ചാലകശക്തി.

ഒക്‌ടോബർ 22, 2011

ഇസ്ലാമിക് ബാങ്കിംഗിന്റെ വര്‍ത്തമാനവും ഭാവിയും


ഇസ്ലാമിക് ബാങ്കിംഗ് എന്നത് വിജയകരമായ ഒരു പരീക്ഷണമാണോ? അതിന്റെ ഭാവി പ്രതീക്ഷകള്‍ എന്തൊക്കെയാണ്?

പ്രോത്സാഹിപ്പിക്കപ്പെടേണടതും പ്രശംസാര്‍ഹവുമായ സംരംഭമാണ് ഇസ്ലാമിക് ബാങ്കിംഗ്. തത്ത്വത്തില്‍നിന്നും നാം പ്രയോഗത്തിലേക്ക് കടന്നിരിക്കുന്നു. പണെടാക്കെ ആളുകള്‍ പറയാറുണടായിരുന്നു, ബാങ്കുകളില്ലാതെ ഇസ്ലാമിക സാമ്പത്തിക വ്യവസ്ഥ സ്ഥാപിക്കാനാവില്ല. പലിശയില്ലാതെ ബാങ്ക് നടത്തിപ്പും അസാധ്യം.
എന്നാലിന്ന് പലിശരഹിത ബാങ്കുകളും സാമ്പത്തിക സംരംഭങ്ങളും ജനം നേര്‍ക്കുനേരെ കാണുന്നു. പാശ്ചാത്യ ചിന്തയുടെയും സാമ്പത്തിക വ്യവസ്ഥയുടെയും സ്വാധീനഫലമായി പലിശ അനുവദനീയമാക്കാന്‍ വേണടി നമ്മുടെ പണ്ഡിതന്മാരും ചിന്തകരും ശറഈ പ്രമാണങ്ങളെപ്പോലും ദുര്‍വ്യാഖ്യാനം ചെയ്ത അതിവിദൂരമല്ലാത്ത ഒരു ഭൂതകാലം കഴിഞ്ഞുപോയിട്ടുണട്. പലിശ ഹറാം തന്നെയാണെന്ന് നിരന്തരം പ റഞ്ഞുകൊണടിരുന്നവരുടെ ശ്രമങ്ങള്‍ വിജയിക്കുന്നതാണ് പിന്നീട് കാണാന്‍ കഴിഞ്ഞത്. മാത്രമല്ല, പലിശാധിഷ്ഠിത സമ്പദ് വ്യവസ്ഥക്ക് ബദല്‍ അനിവാര്യമാണെന്ന ചിന്തയും സമൂഹത്തില്‍ ബലപ്പെട്ടുവന്നു.
ബദലിനെക്കുറിച്ച ചിന്ത പുസ്തകത്താളില്‍നിന്ന് പ്രയോഗതലത്തിലേക്ക് ആവിഷ്കരിക്കപ്പെട്ടു. അങ്ങനെ ഒമ്പതുവര്‍ഷം മുമ്പ് ദുബൈയില്‍ ആദ്യത്തെ ഇസ്ലാമിക ബാങ്ക് നിലവില്‍വന്നു. അതെത്തുടര്‍ന്ന് മറ്റ് മുസ്ലിം രാജ്യങ്ങളിലും ഇസ്ലാമിക ബാങ്കുകള്‍ വ്യാപകമായി.
മുസ്ലിംകളില്‍ തങ്ങളെക്കുറിച്ച് മതിപ്പും വിശ്വാസവും സൃഷ്ടിച്ചെടുക്കാന്‍ ഇത്തരം ബാങ്കുകള്‍ക്ക് സാധിച്ചു. നേരത്തെ അപരിചിതമായിരുന്ന പല നിക്ഷേപ സംരംഭങ്ങളുടെയും വാതിലുകള്‍ അത് തുറന്നിട്ടു. മുശാറക (ഓഹരി ഇടപാടുകള്‍) മുദാറബത് , മുറാബഹത് തുടങ്ങിയവ ഉദാഹരണം.
മുസ്ലിം ബഹുജനങ്ങള്‍ക്ക് തങ്ങളുടെ ധനം അനുവദനീയമായ സംരംഭങ്ങളില്‍ നിക്ഷേപം നടത്തുന്നതിനുള്ള സൌകര്യം അവ സൃഷ്ടിച്ചു. അനവധി സംരംഭകര്‍ക്ക് തങ്ങളുടെ പദ്ധതികള്‍ക്കാവശ്യമായ ധനം വിഹിതമാര്‍ഗേണ തന്നെ സ്വരൂപിക്കാനും ഇതുവഴി സാധിച്ചു.
ഇസ്ലാമിക് ബാങ്കിംഗ് പരീക്ഷണങ്ങള്‍ കുറ്റങ്ങളും കുറവുകളും തീര്‍ന്ന പൂര്‍ണത പ്രാപിച്ച സംരംഭങ്ങളാണെന്ന് ആരും അവകാശപ്പെടുന്നില്ല. അവ ഇനിയും ഒരുപാട് മുന്നോട്ട് പോകേണടതുണട്. മുഖ്യധാരയെ അടക്കിവാഴുന്ന പലിശ വ്യവസ്ഥിതിയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്തരം സംരംഭങ്ങളുടെ ശേഷി തുലോം തുഛവുമാണ്. ഇതിനെല്ലാമിടയിലും ബഹുമുഖമായ പ്രവര്‍ത്തനങ്ങളിലൂടെ അവ മുന്നോട്ടു തന്നെ പോവുകയാണ്:
1) മൂല്യബോധവും, സദാചാര നിഷ്ഠയും ശരീഅത്ത് നിയമങ്ങളില്‍ അവഗാഹവുമുള്ളതോടൊപ്പം സാമ്പത്തിക ശാസ്ത്രത്തിലും മാനേജ്മെന്റിലും വൈദഗ്ധ്യം കൂടിയുള്ള മാനവശേഷിയുടെ സംഘാടനത്തിന് അവ യത്നിക്കുന്നു. ഇത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. ഇസ്ലാമിക താല്‍പര്യമുള്ള വിശേഷിച്ച് ഇസ്ലാമിക സാമ്പത്തിക വ്യവസ്ഥയോട് താല്‍പര്യമുള്ള എല്ലാവരുടെയും സഹായം ഇതിനാവശ്യമുണട്.
2) ചെറിയ സംരംഭങ്ങളുമായി തുടങ്ങിയ ഇസ്ലാമിക് ബാങ്കിംഗ് ശ്രദ്ധേയമായ സംരംഭങ്ങളുമായി വളരെ മുന്നോട്ടു പോയിട്ടുണട്. മുറാബഹ ഉദാഹരണം. അത് അനുവദനീയമായ ഇടപാടാണെന്നതില്‍ സംശയമില്ല. സമൂഹത്തിന്റെ ക്ഷേമം ഉറപ്പുവരുത്തുന്ന വികസനോന്മുഖമായ ദീര്‍ഘകാല പദ്ധതികളിലും ഏര്‍പ്പെടാന്‍ ബാങ്കുകള്‍ ശ്രദ്ധിക്കേണടതാണ്, ചിലപ്പോള്‍ സംരംഭകര്‍ക്ക് വരുമാനം ലഭിച്ചു തുടങ്ങാന്‍ ദീര്‍ഘകാലമെടുക്കുമെങ്കിലും.
3) ഇസ്ലാമിക് ബാങ്കിംഗ് വ്യവസ്ഥയുടെ സംരക്ഷണത്തിനും അതിനെതിരെ ശത്രുക്കളുടെ ഉപജാപങ്ങള്‍ ചെറുക്കുന്നതിനും അവ നടപടികള്‍ സ്വീകരിക്കുന്നു.
ഇസ്ലാമിക ബാങ്കുകളുടെ ഒരു പൊതുവേദിക്ക് രൂപം കൊടുക്കുന്നതില്‍ അവ വിജയിച്ചിട്ടുണട്. ഒരു ലോക ഇസ്ലാമിക് ബാങ്കിനെക്കുറിച്ച ചിന്ത ഇപ്പോള്‍ സജീവമാണ്. 500 മില്യന്‍ ഡോളര്‍ മൂലധനത്തോടെ അതു നിലവില്‍വരും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ദീര്‍ഘകാല പദ്ധതികള്‍ ഏറ്റെടുത്തു നിര്‍വഹിക്കാന്‍ ഈ ബാങ്ക് പര്യാപ്തമായിരിക്കും. ഇസ്ലാമിക ലോകത്തെ പണ്ഡിതന്മാരെ ഉള്‍പ്പെടുത്തി നിരീക്ഷണത്തിനും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനുമായി ഒരു ഉന്നത സമിതിയെ നിയമിക്കാനും അവര്‍ക്ക് പദ്ധതിയുണട്.
അതിനാല്‍ ഞാന്‍ പറയുന്നു, ഈ പരീക്ഷണം ഒരു ഉറച്ച കാല്‍വെപ്പ് തന്നെയായിരുന്നു. കരുത്തോടുകൂടി അതിന്റെ മാര്‍ഗത്തില്‍ അത് മുന്നോട്ടുതന്നെ പോവുകയാണ്. ഇഛാ ശക്തിയോടെയും ആത്മവിശ്വാസത്തോടെയും വികസനത്തിന്റെയും പുരോഗതിയുടെയും ഒരു ഘട്ടം അത് പിന്നിട്ടു കഴിഞ്ഞു. സത്യസന്ധമായ ഉദ്ദേശ്യത്തോടെ പരീക്ഷണത്തിനിറങ്ങിത്തിരിച്ചവര്‍ വിജയിക്കുക തന്നെ ചെയ്യും, തീര്‍ച്ച.

ഒക്‌ടോബർ 06, 2011

പിള്ള വിളി





പിള്ളയില്‍  കുരുതി  കൊടുക്കുന്ന  
പുതു  രാഷ്ട്രീയം     അന്തക്കേടുകള്‍ 
വാരിക്കൂട്ടി   .
ജനം പിള്ള വിളിയുടെ   മുക്രയിടലുകള്‍
കേട്ട്  കോള്‍മയിര്‍ കൊണ്ടു   .
നാട്ടുകാര്‍ പറഞ്ഞു   എന്‍ഡോ സള്‍ഫാന്‍
കോടതി വേണ്ടെന്നു  വെച്ചില്ലേ .


ഇനി മുതല്‍    പിള്ള വിളിക്ക്  കൂടി
ഒരു  നിരോധനം  വന്നേക്കും
അന്ന്  തന്നെ എന്റെ   കേരളം  രക്ഷപ്പെടും .