ജൂൺ 28, 2011

മദനി വേട്ട .


മനുഷ്യാവകാശത്തിനു അര്‍ഹാനാകാനും വേണം ചില യോഗ്യതകള്‍.(അങ്ങനെ ഉണ്ടോ )? അത് മഅദനിക്ക് ഉണ്ടോ ആവോ ? ആ യോഗ്യത പരിശോധിക്കുന്നത് പലപ്പോഴും കോടതികളല്ല. മീഡിയ കളാണ് അവരാണെങ്കിലോ സംഘപരിവാര രാഷ്ട്രീയ ത്തിനു കുഴലൂത്ത് നടത്തുന്ന താണ് പലപ്പോഴും നാം കാണുന്നത് . മഅദനി പീഡനം ഒന്നാം ഘട്ടത്തിന്റെ അവസാനകാലത്ത് മീഡിയ കള്‍ നന്നായി ഇടപെട്ടിട്ടുണ്ട് അത് വിസ്മരിക്കുന്നില്ല . അങ്ങിനെ കേരള രാഷ്ട്രീയത്തിന് കിട്ടിയ ഒരു മുത്തുമണി രത്നം പോലെ അദ്ദേഹത്തെ ചിലര്‍ കൊണ്ട് നടന്നു ആഘോഷിച്ചു . തെരഞ്ഞെടുപ്പു കഴിഞ്ഞതോടെ അവരുടെ ആവശ്യം കഴിഞ്ഞു . ഇനി അടുത്ത തെരഞ്ഞെടുപ്പു വരെ മദനിയെ ഉരുട്ടിക്കൊണ്ട്‌ നടക്കാന്‍ പി ഡി പി ക്കാരെ ഏല്പിച്ചു . വീണ്ടും തിരഞ്ഞെടുപ്പ് വന്നു ഇനിയും മദനിയെ കൊണ്ട് നടന്നു വോട്ടു പിടിക്കുന്ന കാഴ്ച കണ്ടു നില്‍ക്കാന്‍ കഴിയാത്ത മറുപക്ഷം വാളെടുത്തു പടക്കിറങ്ങി . ആ ഇടതു വലതു യുദ്ധത്തില്‍ ഇരയെ കിട്ടിയത് സംഘ പരിവാര ശക്തികള്‍ ക്കാണ് . അവരുടെ അജണ്ട വിജയിക്കുന്നതാണ് പിന്നീട് നാം കാണുന്നത് .കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ ഒരു കുറ്റവും ചെയ്തില്ല എന്ന് കോടതി പറഞ്ഞിട്ടും ആയുസിന്റെ നല്ലൊരു ഭാഗം ജയിലഴികള്‍ക്കുള്ളില്‍ കഴിഞ്ഞിട്ടും ആ മനുഷ്യനോടുള്ള പകതീരാതെ രാജ്യത്തെ ഭീകര ശക്തിയായ സംഘ പരിവാരം മുക്രയിട്ടു നടക്കുന്നത് നാം കണ്ടതാണല്ലോ .  തെഹല്‍ക്ക പറയുന്നതും കാണുക .

 ഇനിയും നാം നിസ്സംഗരായി നില്‍ക്കുന്നത് ആര്‍ക്കു വേണ്ടി ? ഈ അനീതിക്കെതിരെ ശബ്ദിക്കാതിരിക്കാന്‍ നമുക്ക് കാരണമുണ്ടോ ? മീഡിയകള്‍ കാഴ്ചക്കാരായി നില്‍ക്കുക മാത്രമേ ചെയ്യൂ എന്ന് നമുക്കറിയാം . ശക്തമായ ജനകീയ പ്രക്ഷോഭങ്ങള്‍ അരങ്ങേറിയാല്‍ മാത്രമേ മീഡിയകള്‍ കണ്ണ് തുറക്കൂ . നാം കണ്ണ് തുറക്കുക ബിനായക് സെന്നിനു വേണ്ടി ശബ്ദിച്ച മനുഷ്യരുണ്ട് . അവര്‍ അനീതിക്കെതിരെ നമ്മോടൊപ്പം ശബ്ദമുയര്‍ത്താനുണ്ടാവും തീര്‍ച്ച . അതല്ല ഇനിയും നാം നിയമം നിയമത്തിന്റെ വഴിക്ക് പോട്ടെ എന്ന് പറഞ്ഞു മാറിനില്‍ക്കാനാണ് . ഭാവമെങ്കില്‍ നമുക്കെല്ലാവര്‍ക്കും അദ്ദേഹത്തെ തൂക്കിലേറ്റാന്‍ ആവശ്യപ്പെടാം. അല്ലാതെ ഒരു മനുഷ്യനെ ഇങ്ങനെ കൊല്ലാക്കൊല ചെയ്യാന്‍ വിട്ടുകൊടുത്തത് ശരിയായില്ല .
  ശ്  ശ് ശ് ശ് .. മിണ്ടരുത് .   മോഡിയും , താക്കറെയും,   കേണല്‍  പുരോഹിത് മാരും    പുറത്തുണ്ട് ....
ജൂൺ 26, 2011

ബലിയും ജീവ കാരുണ്യവും........ഭൂമിയിലെ എല്ലാറ്റിനോടും കാരുണ്യം കാണിക്കണമെന്ന് ഇസ്ലാം കല്പിക്കുന്നു. പ്രവാചകന്‍ പറഞ്ഞു: "ഭൂമിയിലുള്ളവരോട് കരുണ കാണിക്കുക. ഉപരിലോകത്തുള്ളവന്‍ നിങ്ങളോടും കരുണ കാണിക്കും.''(ത്വബ്റാനി)
"കരുണയില്ലാത്തവന് കാരുണ്യം കിട്ടുകയില്ല.''(ബുഖാരി, മുസ്ലിം)
"നിര്‍ഭാഗ്യവാനല്ലാതെ കരുണയില്ലാത്തവനാവതേയില്ല.''(അബൂദാവൂദ്)
ഭൂമിയിലെ ജീവികളെയെല്ലാം ഇസ്ലാം മനുഷ്യരെപ്പോലുള്ള സമുദായമായാണ് കാണുന്നത്. അല്ലാഹു പറയുന്നു: "ഭൂമിയിലെ ഏതൊരു ജന്തുവും രണ്ടു ചിറകുകളാല്‍ പറക്കുന്ന ഏതൊരു പക്ഷിയും നിങ്ങളെപ്പോലുള്ള ചില സമുദായങ്ങള്‍ മാത്രമാകുന്നു.''(ഖുര്‍ആന്‍ 6: 38)
മനുഷ്യര്‍ ധിക്കാരികളാകുമ്പോഴും മഴവര്‍ഷിക്കുന്നത് ഇതര ജീവികളെ പരിഗണിച്ചാണെന്ന് പ്രവാചകന്‍ പഠിപ്പിക്കുന്നു. "ജനം സകാത്ത് നല്കാതിരുന്നാല്‍ മഴ നിലക്കുമായിരുന്നു. ജന്തുക്കള്‍ കാരണമായാണ് എന്നിട്ടും മഴ വര്‍ഷിക്കുന്നത്.''(ഇബ്നുമാജ)
ജീവനുള്ള ഏതിനെ സഹായിക്കുന്നതും സേവിക്കുന്നതും പുണ്യകര്‍മമത്രെ. പ്രവാചകന്‍ പറയുന്നു: "പച്ചക്കരളുള്ള ഏതൊരു ജീവിയുടെ കാര്യത്തിലും നിങ്ങള്‍ക്കു പുണ്യമുണ്ട്.''(ബുഖാരി)
നബിതിരുമേനി അരുള്‍ ചെയ്യുന്നു: "ഒരാള്‍ ഒരു വഴിയിലൂടെ നടന്നുപോകവേ ദാഹിച്ചുവലഞ്ഞു. അയാള്‍ അവിടെ ഒരു കിണര്‍ കണ്ടു. അതിലിറങ്ങി വെള്ളം കുടിച്ചു. പുറത്തുവന്നപ്പോള്‍ ഒരു നായ ദാഹാധിക്യത്താല്‍ മണ്ണ് കപ്പുന്നതു കണ്ടു. 'ഈ നായക്ക് കഠിനമായ ദാഹമുണ്ട്; എനിക്കുണ്ടായിരുന്നപോലെ!' എന്ന് ആത്മഗതം ചെയ്ത് അയാള്‍ കിണറ്റിലിറങ്ങി. ഷൂവില്‍ വെള്ളം നിറച്ച് വായകൊണ്ട് കടിച്ചുപിടിച്ച് കരക്കുകയറി നായയെ കുടിപ്പിച്ചു. ഇതിന്റെ പേരില്‍ അല്ലാഹു അയാളോട് നന്ദികാണിച്ചു. അയാള്‍ക്കു പൊറുത്തു കൊടുത്തു.'' ഇതുകേട്ട് അവിടത്തെ അനുചരന്മാര്‍ ചോദിച്ചു: മൃഗങ്ങളുടെ കാര്യത്തിലും ഞങ്ങള്‍ക്കു പ്രതിഫലമുണ്ടോ? പ്രവാചകന്‍ പ്രതിവചിച്ചു: പച്ചക്കരളുള്ള എല്ലാറ്റിന്റെ കാര്യത്തിലും നിങ്ങള്‍ക്കു പ്രതിഫലമുണ്ട്.''(ബുഖാരി, മുസ്ലിം)
മറ്റൊരു സംഭവം പ്രവാചകന്‍ ഇങ്ങനെ വിവരിക്കുന്നു: "ഒരു നായ കിണറ്റിനുചുറ്റും ഓടിനടക്കുകയായിരുന്നു. കഠിനമായ ദാഹം കാരണം അതു ചാവാറായിരുന്നു. അതുകണ്ട ഇസ്റാഈല്യരില്‍പെട്ട ഒരു വ്യഭിചാരി തന്റെ ഷൂ അഴിച്ച് അതില്‍ വെള്ളമെടുത്ത് അതിനെ കുടിപ്പിക്കുകയും സ്വയം കുടിക്കുകയും ചെയ്തു. അതിന്റെ പേരില്‍ അല്ലാഹു അവര്‍ക്ക് പൊറുത്തുകൊടുത്തു.''(ബുഖാരി)
ഏതു ജീവിയേയും ദ്രോഹിക്കുന്നത് പാപമാകുന്നു. പ്രവാചകനത് ശക്തമായി വിലക്കുന്നു. നബിതിരുമേനി അരുള്‍ചെയ്യുന്നു: "പൂച്ച കാരണം ഒരു സ്ത്രീ ശിക്ഷിക്കപ്പെട്ടു. അവളതിനെ വിശന്നുചാകുവോളം കെട്ടിയിട്ടു. അങ്ങനെ അവര്‍ നരകാവകാശിയായി.'' (ബുഖാരി, മുസ്ലിം)
"ഒരു കുരുവിയെയോ അതിനെക്കാള്‍ ചെറിയ ജീവിയെയോ അന്യായമായി വധിക്കുന്നത് അല്ലാഹുവോട് ഉത്തരം പറയേണ്ട കാര്യമാണ്. 'ന്യായമായ ആവശ്യമെന്തെന്ന്' ചോദിച്ചപ്പോള്‍ അവിടന്ന് പറഞ്ഞു: ഭക്ഷണമുണ്ടാക്കലും ബലിയറുക്കലും കൊന്നശേഷം വെറുതെ ഉപേക്ഷിക്കാതിരിക്കലും.''(അഹ്മദ്)
വിനോദത്തിന് ജീവികളെ കൊല്ലുന്നതും പരസ്പരം പോരടിപ്പിച്ച് മത്സരിപ്പിക്കുന്നതും പ്രവാചകന്‍ നിരോധിച്ചിരിക്കുന്നു. (മുസ്ലിം, തിര്‍മുദി)
ഇപ്രകാരം തന്നെ മൃഗങ്ങളെ കല്ലെറിയുന്നതും തേനീച്ച, ഉറുമ്പ്, കുരുവി പോലുള്ളവയെ കൊല്ലുന്നതും അവിടന്ന് വിലക്കിയിരിക്കുന്നു.(മുസ്ലിം, അബൂദാവൂദ്)
നബിതിരുമേനി അരുള്‍ ചെയ്യുന്നു: "ആരെങ്കിലും ഒരു പക്ഷിയെ അനാവശ്യമായി വധിച്ചാല്‍ അന്ത്യദിനത്തില്‍ അത് അലമുറയിട്ടുകൊണ്ട് അല്ലാഹുവോട് പറയും: എന്റെ നാഥാ! ഇന്നയാള്‍ എന്നെ അനാവശ്യമായി കൊന്നിരിക്കുന്നു. ഉപയോഗത്തിനു വേണ്ടിയല്ല അയാളെന്നെ വധിച്ചത്.''(നസാഈ, ഇബ്നുഹിബ്ബാന്‍)
തണുപ്പകറ്റാന്‍ തീയിട്ട അനുചരന്മാരോട്, ഉറുമ്പ് കരിയാന്‍ കാരണമാകുമോ എന്ന ആശങ്കയാല്‍ അത് കെടുത്താന്‍ കല്പിക്കുകയും ഒട്ടകത്തെ കെട്ടിയിട്ട് അതിന് ആഹാരം നല്‍കാതെ പട്ടിണിക്കിട്ടവനെ ശക്തമായി ശാസിക്കുകയും മൃഗങ്ങളുടെ മുഖത്ത് മുദ്രവെക്കുന്നതും പുറത്ത് ചൂടുവെക്കുന്നതും വിലക്കുകയും ജന്തുക്കളുടെ പുറംഭാഗം 'ഇരിപ്പിട'മാക്കരുതെന്ന് ആജ്ഞാപിക്കുകയും ചെയ്ത പ്രവാചകന്‍ വൃക്ഷങ്ങളോടുപോലും കരുണ കാണിക്കണമെന്ന് ഉപദേശിക്കുകയുണ്ടായി. മരത്തിനുനേരെ കല്ലെറിഞ്ഞ കുട്ടിയോട് അവിടന്ന് പറഞ്ഞു: "ഇനിമേല്‍ നീ ഒരു മരത്തേയും കല്ലെറിയരുത്. കല്ലുകൊണ്ടാല്‍ അതിനു വേദനിക്കും.''
ഇവ്വിധം ഈ പ്രപഞ്ചത്തിലെ എല്ലാറ്റിനോടും നിറഞ്ഞ കാരുണ്യത്തോടെ വര്‍ത്തിക്കണമെന്നാണ് ഇസ്ലാം ആവശ്യപ്പെടുന്നത്.
ആഹാരമില്ലാതെ ഇവിടെ ഒന്നിനും ജീവിക്കാനാവില്ല. സസ്യങ്ങളും പ്രാണികളും ഇഴജീവികളും ജലജീവികളും കന്നുകാലികളും പറവകളുമെല്ലാം ജീവിക്കുന്നത് ഭക്ഷണം ഉപയോഗിച്ചാണ്. അത് സാധ്യമാവണമെങ്കില്‍ ഓരോന്നിനും മറ്റുള്ളവയെ ഉപയോഗപ്പെടുത്തുകതന്നെ വേണം. സസ്യങ്ങള്‍ നിലനില്‍പിനായി മറ്റു സസ്യങ്ങളെ ഉപയോഗിക്കുന്നു. അപൂര്‍വം ചിലത് ജീവികളെയും ആഹാരമായുപയോഗിക്കാറുണ്ട്. പ്രാണികള്‍ സസ്യങ്ങളെയും മറ്റു ജീവികളെയും ഭക്ഷിക്കുന്നു. വായുവിലും വെള്ളത്തിലും കരയിലും കടലിലുമുള്ള ജീവികളെല്ലാം നിലനില്‍ക്കുന്നത് സസ്യങ്ങളെയും മറ്റു ജീവികളെയും ആഹാരമായുപയോഗിച്ചാണ്. ഇവയില്‍ ഓരോ ജീവിക്കും അതിന്റെ ശരീരഘടനക്കനുസൃതമായ ജീവിതരീതിയാണുള്ളത്. മുയല്‍ സസ്യഭുക്കായതിനാല്‍ അതിനനുസൃതമായ പല്ലും വയറുമാണ് അതിനുള്ളത്. സിംഹം മാംസഭുക്കായതിനാല്‍ അതിന്റെ വായയുടെയും വയറിന്റെയും ഘടന അതിനു ചേരുംവിധമാണ്.
മനുഷ്യന്‍ സസ്യാഹാരവും മാംസാഹാരവും ഉപയോഗിക്കാന്‍ സാധിക്കുംവിധമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തീര്‍ത്തും സസ്യഭുക്കുകളായ ആട്, പശു, ചെമ്മരിയാട് തുടങ്ങിയവയുടെ പല്ലുകള്‍ സസ്യാഹാരം മാത്രം കഴിക്കാന്‍ കഴിയുംവിധം പരന്നതും നിരപ്പായതുമാണല്ലോ. പൂര്‍ണമായും മാംസഭുക്കായ കടുവ പോലുള്ളവയുടേത് കൂര്‍ത്തതും മൂര്‍ച്ചയുള്ളതുമത്രേ. എന്നാല്‍, മനുഷ്യനു രണ്ടിനും പറ്റുന്ന പല്ലുകളുണ്ട്. പരന്നതും നിരപ്പായതുമായ പല്ലുകളോടൊപ്പം മൂര്‍ച്ചയുള്ളവയും കൂര്‍ത്തവയുമുണ്ട്. അഥവാ, മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടതുതന്നെ മിശ്രഭുക്കായാണ്.
ദഹനേന്ദ്രിയങ്ങളുടെ സ്ഥിതിയും ഇതുതന്നെ. സസ്യഭുക്കുകള്‍ക്ക് സസ്യാഹാരം മാത്രം ദഹിപ്പിക്കാവുന്നതും മാംസഭുക്കുകള്‍ക്ക് അതിനനുസൃതമായതുമാണ് ദഹനേന്ദ്രിയങ്ങളെങ്കില്‍ മനുഷ്യന്റേത് രണ്ടിനെയും ദഹിപ്പിക്കാവുന്ന വിധമുള്ളവയാണ്. പല്ലുകളുടെയും ദഹനവ്യവസ്ഥയുടെയും അവസ്ഥതന്നെ മനുഷ്യന്‍ മിശ്രഭുക്കാണെന്ന് അസന്ദിഗ്ധമായി തെളിയിക്കുന്നു.
ഈ ഭൂമിയും അതിലുള്ളവയുമൊക്കെ മനുഷ്യസമൂഹത്തിനുവേണ്ടി സൃഷ്ടിക്കപ്പെട്ടവയാണ്. അഥവാ, മനുഷ്യനാണ് ഭൂമിയുടെ കേന്ദ്രബിന്ദു. അല്ലാഹു പറയുന്നു: "ആകാശഭൂമികളിലുള്ളതൊക്കെയും നിങ്ങള്‍ക്ക് അധീനപ്പെടുത്തിത്തന്നത് നിങ്ങള്‍ കാണുന്നില്ലേ? പ്രത്യക്ഷവും പരോക്ഷവുമായ അനുഗ്രഹങ്ങള്‍ അവന്‍ നിങ്ങള്‍ക്ക് നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു.''(ഖുര്‍ആന്‍ 31: 20)
"കാലികളില്‍നിന്ന് ഭാരം ചുമക്കുന്നവയും അറുത്തു ഭക്ഷിക്കാനുള്ളവയും അവന്‍ സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ക്ക് അല്ലാഹു നല്കിയതില്‍നിന്ന് ഭക്ഷിച്ചുകൊള്ളുക. പിശാചിന്റെ കാല്‍പാടുകളെ പിന്തുടരരുത്. അവന്‍ നിങ്ങളുടെ പ്രത്യക്ഷശത്രുവാകുന്നു.''(ഖുര്‍ആന്‍ 6: 142)
"ഉറപ്പായും നിങ്ങള്‍ക്ക് കന്നുകാലികളില്‍ ഗുണപാഠമുണ്ട്. അവയുടെ ഉദരത്തില്‍നിന്നുള്ളതില്‍നിന്ന് നിങ്ങള്‍ക്കു നാം കുടിക്കാന്‍ തരുന്നു. നിങ്ങള്‍ക്ക് അവയില്‍ ധാരാളം പ്രയോജനങ്ങളുണ്ട്. അവയില്‍നിന്ന് നിങ്ങള്‍ ഭക്ഷിക്കുകയും ചെയ്യുന്നു.''(ഖുര്‍ആന്‍ 23: 21)
"നിങ്ങള്‍ക്കു പുതുമാംസം എടുത്തു ഭക്ഷിക്കാനും നിങ്ങള്‍ക്കണിയാനുള്ള ആഭരണം പുറത്തെടുക്കാനും പാകത്തില്‍ കടലിനെ നിങ്ങള്‍ക്ക് അധീനപ്പെടുത്തിത്തന്നതും അല്ലാഹുവാകുന്നു.''(ഖുര്‍ആന്‍ 16: 14)
ഭൂമിയിലുള്ളതൊക്കെയും മനുഷ്യനുവേണ്ടി സംവിധാനിക്കപ്പെട്ടതാണെന്ന തത്വത്തെ നിരാകരിക്കുന്നവരും പ്രയോഗത്തില്‍ അതിനനുസൃതമായ സമീപനമാണ് സ്വീകരിക്കാറുള്ളത്. മനുഷ്യന്‍ തങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഭൂമിയെ ഉഴുതുമറിക്കുന്നു. അതില്‍ കിണറുകളും കുളങ്ങളും കുഴിക്കുന്നു. റോഡുകളും പാലങ്ങളും നിര്‍മിക്കുന്നു. വീടുകള്‍ ഉണ്ടാക്കുന്നു. ഇതൊക്കെ ചെയ്യുമ്പോള്‍ അവിടെയുള്ള പ്രാണികള്‍ക്കും ഇതര ജീവികള്‍ക്കും എന്തു സംഭവിക്കുന്നുവെന്ന് പരിഗണിക്കാറില്ല. എല്ലാ ജീവികള്‍ക്കും ഒന്നുപോലെ അവകാശപ്പെട്ട ഭൂമിയിലാണ് താന്‍ റോഡും കിണറുമൊക്കെ ഉണ്ടാക്കുന്നതെന്നോര്‍ക്കാറില്ല. ഇപ്രകാരം തന്നെ സസ്യങ്ങളെയും ഫലവൃക്ഷങ്ങളെയും വിളകളെയുമെല്ലാം മനുഷ്യന്‍ തന്റെ താല്‍പര്യത്തിനായുപയോഗിക്കുന്നു. അതിനാല്‍ ഭൂമിയും അതിലുള്ളവയും മനുഷ്യനുവേണ്ടി സജ്ജമാക്കപ്പെട്ടതാണെന്ന സത്യത്തെ പ്രയോഗതലത്തില്‍ അംഗീകരിക്കാത്ത ആരുമില്ല.
ഒരു ജീവിയെയും കൊല്ലുകയില്ല എന്നതാണ് അഹിംസകൊണ്ട് ഉദ്ദേശിക്കപ്പെടുന്നതെങ്കിലും അതിനനുസൃതമായി ജീവിതം നയിക്കുന്ന ആരും ഈ ഭൂമിയിലില്ല. മാംസാഹാരം കഴിക്കാത്തവര്‍ സസ്യാഹാരം ഭക്ഷിക്കുന്നവരാണല്ലോ. സസ്യങ്ങള്‍ക്ക് ജീവനും വികാരവുമുണ്ടെന്നത് സുസമ്മതസത്യമത്രെ. അതിനാല്‍ മാംസഭുക്കുകളെപ്പോലെ, സസ്യഭുക്കുകളും ജീവഹാനിവരുത്തുന്നവരും സസ്യങ്ങളെ വേദനിപ്പിക്കുന്നവരുമാണ്.
ഏതു മനുഷ്യനും ശരീരത്തില്‍ മുറിവുപറ്റിയാല്‍ അതിലെ വിഷാണുക്കളെ മരുന്നുപയോഗിച്ചു കൊല്ലുന്നു. ഉദരത്തിലെ കൃമികളെ നശിപ്പിക്കുന്നു. കൊതുകുകള്‍ മുട്ടയിട്ടുവിരിയുന്ന കെട്ടിനില്‍ക്കുന്ന മലിനജലത്തില്‍ വിഷം തളിച്ച് അവയെ കൊല്ലുന്നു. മൂട്ടയെയും കൊതുകിനെയും നശിപ്പിക്കുന്നു. ചുരുക്കത്തില്‍, ഏതെങ്കിലും ജീവിയെ ഹനിക്കാതെ ആരും എവിടെയുമില്ല; ഉണ്ടാവുക സാധ്യവുമല്ല.
മനുഷ്യസമൂഹത്തിന്റെ സുഗമമായ നിലനില്‍പിനായി വിഷാണുക്കളെ കൊല്ലാമെങ്കില്‍ അതേ കാര്യത്തില്‍ ഏറ്റം നല്ല പോഷകാഹാരമെന്ന നിലയില്‍ മാംസം ഉപയോഗിക്കാവുന്നതാണ്. പ്രോട്ടീന്‍, ഇരുമ്പ്, വിറ്റാമിന്‍ ബി. 1, നിയാസിന്‍ തുടങ്ങിയവ മാംസാഹാരത്തില്‍ ധാരാളമായി ഉണ്ടെന്നത് അനിഷേധ്യമാണ്. സസ്യങ്ങളെയും പ്രാണികളെയും അണുക്കളെയും മറ്റും തങ്ങളുടെ നിലനില്‍പിന്നായി കൊല്ലാമെന്ന് തീരുമാനിച്ചവര്‍ ജനകോടികള്‍ക്ക് ആഹാരമായി മാറുന്ന മാംസം ഉപേക്ഷിക്കണമെന്ന് പറയുന്നത് തീര്‍ത്തും നിരര്‍ഥകമത്രെ.
അതുകൊണ്ടുതന്നെ, ജീവജാലങ്ങളോട് പരമാവധി കാരുണ്യം കാണിക്കാന്‍ കല്‍പിക്കുന്ന ഇസ്ലാം അവയുടെ മാംസം ഭക്ഷിക്കുന്നത് അനുവദനീയമാക്കി. ലോകത്തിലെ കോടിക്കണക്കിന് ജനങ്ങള്‍ ജീവിതം നയിക്കുന്നത് മാംസാഹാരം ഉപയോഗിച്ചാണ്. അത് വിലക്കുന്നത് സാമൂഹ്യദ്രോഹവും ജനവിരുദ്ധവുമാണ്.
മാംസം അനുവദനീയമാകാന്‍ ജീവികളെ ദൈവനാമമുച്ചരിച്ച് അറുക്കണമെന്ന് ഇസ്ലാം നിഷ്കര്‍ഷിക്കുന്നു. ദൈവത്തിന്റെ അനുഗ്രഹവും കാരുണ്യവും അനുസരിച്ചുകൊണ്ടായിരിക്കണം മറ്റെല്ലാ കര്‍മങ്ങളുമെന്നപോലെ അവന്റെ സൃഷ്ടിയായ ജീവിയെ അനിവാര്യമായ ആവശ്യത്തിന് ഉപയോഗപ്പെടുത്തേണ്ടതെന്ന് ഇതു പഠിപ്പിക്കുന്നു. അതോടൊപ്പം ഉരുവിന് പരമാവധി സൌകര്യം നല്‍കിയും പ്രയാസം ലഘൂകരിച്ചുമായിരിക്കണം അറവെന്ന് കണിശമായി കല്പിക്കുകയും ചെയ്യുന്നു. പ്രവാചകന്‍ പറയുന്നു: "അല്ലാഹു എല്ലാ കാര്യങ്ങളിലും നന്മ നിശ്ചയിച്ചിരിക്കുന്നു. അതിനാല്‍ നിങ്ങള്‍ കൊല്ലുന്നുവെങ്കില്‍ നല്ല നിലയിലത് നിര്‍വഹിക്കുക. അറുക്കുന്നുവെങ്കില്‍ അതും നല്ലനിലയിലാക്കുക. കത്തിയുടെ വായ്ത്തല മൂര്‍ച്ചകൂട്ടി ഉരുവിന് സൌകര്യം ചെയ്യുക.''(മുസ്ലിം)
ഒരിക്കല്‍ ഒരാള്‍ നബിതിരുമേനിയോടു പറഞ്ഞു: "ഞാന്‍ ആടിനെ അറുക്കുമ്പോള്‍ ദയ കാണിക്കാറുണ്ട്.'' ഇതുകേട്ട് പ്രവാചകന്‍ പ്രതിവചിച്ചു: "നീ അതിനോടു കരുണ കാണിച്ചാല്‍ അല്ലാഹു നിന്നോടും കരുണ കാണിക്കും.''(ഹാകിം)
ഒരാള്‍ അറുക്കാനുള്ള ആടിനെ അതിന്റെ കാലു പിടിച്ചുവലിച്ചു കൊണ്ടുപോവുന്നതു കാണാനിടയായ ഉമറുല്‍ ഫാറൂഖ് പറഞ്ഞു: "നിനക്കു നാശം! അതിനെ നല്ലനിലയില്‍ മരണത്തിലേക്കു നയിക്കുക.''
ഇസ്ലാമിനെപ്പോലെ ഹൈന്ദവ ധര്‍മത്തിലും മാംസാഹാരം അനുവദനീയമാണ്. അത് മാംസഭക്ഷണം വിലക്കുന്നുവെന്ന ധാരണ അബദ്ധമാണ്. പല മഹര്‍ഷിമാരും പുണ്യവാളന്മാരും മാംസാഹാരം കഴിക്കുന്നവരായിരുന്നുവെന്ന് പുരാണങ്ങള്‍ വ്യക്തമാക്കുന്നു. ശ്രീരാമന്‍ വനവാസത്തിന് അയക്കപ്പെട്ടപ്പോള്‍, എനിക്കു രുചികരമായ മാംസത്തളിക ഉപേക്ഷിക്കേണ്ടിവരുമെന്ന് മാതാവിനോട് പറഞ്ഞിരുന്നതായി അയോധ്യാകാണ്ഡത്തിലെ 20, 26, 94 ശ്ളോകങ്ങളില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഇത് ശ്രീരാമന് മാംസഭക്ഷണത്തോട് പ്രിയമുണ്ടായിരുന്നതായി വ്യക്തമാക്കുന്നു.
ബൃഹദാരണ്യകോപനിഷത്ത് പറയുന്നു: "എനിക്കു പണ്ഡിതനും പ്രസിദ്ധനും സഭകളില്‍ പോകുന്നവനും മറ്റുള്ളവര്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന വാക്കുകള്‍ പറയുന്നവനുമായ പുത്രനുണ്ടാവണം, അവന്‍ എല്ലാ വേദങ്ങളും പഠിക്കണം, ആറ് വര്‍ഷം ജീവിക്കണം എന്ന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മാംസത്തോടുകൂടിയ ഭക്ഷണം പാകം ചെയ്ത് നെയ്യോടുകൂടി രണ്ടുപേരും കഴിക്കണം. അങ്ങനെയുള്ള പുത്രനെ ജനിപ്പിക്കാന്‍ അവര്‍ ശക്തരാവും. മാംസം ഉക്ഷത്തിന്റെയോ ഋഷഭത്തിന്റെയോ ആകാം.''(6-4-18)

ജൂൺ 24, 2011

ഹ്രസ്വജീവിതത്തിന് ശാശ്വത രക്ഷാശിക്ഷകളോ?കര്‍മങ്ങളുടെ സമയവും അവയുടെ ഫലവും തമ്മില്‍ ഒരു ബന്ധവുമില്ല. ഒരാളെ കൊല്ലാന്‍ ഏതാനും നിമിഷം മതി. അതിന്റെ ഫലമോ? അതിദീര്‍ഘവും അത്യന്തം ഗുരുതരവും. ഒരു ബോംബ് വര്‍ഷിക്കാന്‍ ഒരു നിമിഷം മതി. അതിന്റെ പ്രത്യാഘാതമോ? ലക്ഷങ്ങളെയോ കോടികളെയോ പതിറ്റാണ്ടുകളോ നൂറ്റാണ്ടുകളോ നീണ്ടുനില്‍ക്കുംവിധം ബാധിക്കുന്നു. ഇന്റര്‍വ്യൂ വേളയിലെ ചോദ്യത്തിനും ഉത്തരത്തിനും നിമിഷങ്ങളേ ആവശ്യമുള്ളൂ. അതേസമയം അതിന്റെ ഫലം ജീവിതാവസാനം വരെ തുടരുന്നു. പരീക്ഷയുടെയും അതിന്റെ ഫലത്തിന്റെയും സ്ഥിതിയും ഇതുതന്നെ.


ഒരാളുടെ ജീവിതാന്ത്യത്തോടെ അയാളുടെ കര്‍മഫലങ്ങള്‍ ഭൂമിയില്‍തന്നെ തീരുകയില്ല. ഒരാള്‍ ഉന്നത വിദ്യാലയം സ്ഥാപിക്കുകയാണെങ്കില്‍ അതിന്റെ സദ്ഫലം ആ സ്ഥാപനം നിലനില്‍ക്കുവോളം തുടരുന്നു. അവിടെനിന്ന് പഠിക്കുന്നവര്‍ ആരൊക്കെയാണോ അവര്‍ക്കും അവരില്‍നിന്ന് പഠിക്കുന്നവര്‍ക്കും പിന്നീട് അവരില്‍നിന്ന് പഠിക്കുന്നവര്‍ക്കും അങ്ങനെ എണ്ണിയാലൊടുങ്ങാത്ത അത്രയും പേര്‍ക്ക് ലഭിക്കുന്ന നന്മയുടെയും നേട്ടത്തിന്റെയും സദ്ഫലം വിദ്യാലയം സ്ഥാപിച്ച വ്യക്തിക്ക് ലഭിക്കുന്നു. ഒരു തിന്മ ആരെയെല്ലാം സ്വാധീനിക്കുന്നുവോ അവരുടെയും അവരിലൂടെ സ്വാധീനിക്കപ്പെടുന്നവരിലൂടെയും പിന്നീട് സ്വാധീനിക്കപ്പെട്ടവരാല്‍ സ്വാധീനിക്കപ്പെടുന്നവരുടെയുമെല്ലാം തിന്മകളുടെ ദുഷ്ഫലവും തുടക്കക്കാരനിലേക്ക് ചെന്നെത്തുന്നു. ഹിരോഷിമയിലും നാഗസാക്കിയിലും ബോംബ് വര്‍ഷിച്ചത് ചുരുങ്ങിയ സമയംകൊണ്ടാണ്. അത് സൃഷ്ടിച്ച ദുരന്തമോ? ഇന്നും അവിരാമം തുടരുന്നു.


കാലദൈര്‍ഘ്യമോ ആയുസിന്റെ നീളമോ നല്ലവനെ കൊള്ളരുതാത്തവനോ നീചനെ ഉല്‍കൃഷ്ടനോ ആക്കുകയില്ല. അതിനാല്‍ കര്‍മങ്ങള്‍ക്കെടുക്കുന്ന സമയവും കര്‍മഫലവും തമ്മില്‍ ഒരു ബന്ധവുമില്ല. മനുഷ്യന്‍ മരിച്ചാലും അവന്റെ കര്‍മഫലം അവിരാമം തുടരും. കര്‍മം നന്മയാണെങ്കില്‍ സദ്ഫലവും, തിന്മയാണെങ്കില്‍ ദുഷ്ഫലവും. അതുകൊണ്ടുതന്നെ ആരുടെ കര്‍മഫലവും അവരുടെ ജീവിതകാലത്ത് തിട്ടപ്പെടുത്തുക സാധ്യമല്ല. വിചാരണയും വിധിയും രക്ഷാശിക്ഷകളും ഭൂമിയില്‍വച്ച് സംഭവിക്കാതിരിക്കാനുള്ള കാരണവും അതുതന്നെ. അപ്പോള്‍ പരലോകത്തിലെ ശാശ്വതമായ രക്ഷാശിക്ഷകള്‍ക്ക് ഭൂമിയിലെ ജീവിതകാലം തന്നെ ധാരാളം.


പിന്നെ ദൈവനിശ്ചയവും അവന്റെ തീരുമാനങ്ങളുടെ യുക്തിയും ന്യായവും നീതിയുമൊക്കെ അവന്‍ വിശദീകരിച്ചുതരാതെ നമുക്ക് മനസ്സിലാകണമെങ്കില്‍ നാം ദൈവത്തെപ്പോലെയോ അവനേക്കാള്‍ കഴിവുറ്റവരോ ആകണമല്ലോ. സര്‍വശക്തനും സര്‍വജ്ഞനുമായ ദൈവത്തിന്റെ കര്‍മങ്ങള്‍ എന്തുകൊണ്ട് അങ്ങനെയായി എന്ന് അവന്‍ നല്‍കിയ അല്‍പജ്ഞാനവും യുക്തിയുംകൊണ്ട് നമുക്ക് മനസ്സിലാവണമെന്നില്ല. നമ്മുടെ വൈജ്ഞാനികരംഗം എത്രയൊക്കെ വളരുകയും വികസിക്കുകയും ചെയ്തിട്ടുണ്െടങ്കിലും അറുനൂറു കോടി മനുഷ്യര്‍ക്ക് അറിവും ബോധവും യുക്തിയും നല്‍കിയ ദൈവത്തിന്റെ അറിവിനെ അപേക്ഷിച്ച് അത് ഇന്നും തീര്‍ത്തും അഗണ്യമത്രെ. അതുപയോഗിച്ച് സ്രഷ്ടാവിന്റെ സൃഷ്ടിയിലെ ന്യായവും നീതിയും തേടുന്നത് നിരര്‍ഥകമാണ്. പ്രതിഭാശാലികളുടെ കര്‍മങ്ങളുടെ യുക്തിയും ന്യായവും സാമാന്യ ബുദ്ധികള്‍ക്ക് മനസ്സിലാവുകയില്ലല്ലോ; സാമാന്യബുദ്ധികളുടേത് മന്ദബുദ്ധികള്‍ക്കും.

ജൂൺ 23, 2011

ഇസ്ലാമും പരിണാമസിദ്ധാന്തവും
പരിണാമം രണ്ടിനമാണെന്ന് ജീവശാസ്ത്രജ്ഞര്‍ പറയുന്നു. സൂക്ഷ്മപരിണാമവും സ്ഥൂലപരിണാമവും. സ്പീഷ്യസിനകത്തു നടക്കുന്ന നിസ്സാര മാറ്റങ്ങളെപ്പറ്റിയാണ് സൂക്ഷ്മപരിണാമമെന്നു പറയാറുള്ളത്. മനുഷ്യരില്‍ നീണ്ടവരും കുറിയവരും വെളുത്തവരും കറുത്തവരും ആണും പെണ്ണും പ്രതിഭാശാലികളും മന്ദബുദ്ധികളുമെല്ലാമുണ്ടല്ലോ. ഒരേ കുടുംബത്തില്‍ ഒരേ മാതാപിതാക്കളുടെ മക്കളില്‍പോലും ഈ വൈവിധ്യം ദൃശ്യമാണ്. ഇത്തരം മാറ്റങ്ങളെക്കുറിക്കുന്ന സൂക്ഷ്മപരിണാമത്തെ ഇസ്ലാം എതിര്‍ക്കുന്നില്ല. എന്നാല്‍ ഒരു ജീവി മറ്റൊന്നായി മാറുന്ന അഥവാ ഒരു സ്പീഷ്യസ് മറ്റൊന്നായി മാറുന്നുവെന്ന് അവകാശപ്പെടുന്ന സ്ഥൂലപരിണാമത്തെ സംബന്ധിച്ചാണ് വ്യത്യസ്തമായ വീക്ഷണമുള്ളത്. അതിലൊട്ടും അസാംഗത്യവുമില്ല. കാരണം സ്ഥൂലപരിണാമത്തിന് ശാസ്ത്രത്തിലോ ചരിത്രത്തിലോ ഒരു തെളിവുമില്ല. കേരളത്തിലെ പരിണാമവാദികളുടെ മുന്നണിപ്പോരാളിയായ ഡോ. കുഞ്ഞുണ്ണി വര്‍മതന്നെ ഇക്കാര്യം തുറന്നുസമ്മതിച്ചിട്ടുണ്ട്. "പരീക്ഷണാത്മകമായ തെളിവുകളില്ലെന്ന് പറഞ്ഞത് സ്ഥൂലപരിണാമത്തെക്കുറിച്ചു മാത്രമാണ്. അതേസമയം, പരീക്ഷണവാദത്തിലടങ്ങിയിട്ടുള്ള മിക്ക തത്ത്വങ്ങളെക്കുറിച്ചും സൂക്ഷ്മമായ പരിണാമമാറ്റങ്ങളെക്കുറിച്ചും പരീക്ഷണങ്ങള്‍ നടത്തി ആശിച്ച ഫലങ്ങള്‍ സമ്പാദിക്കുവാന്‍ ശാസ്ത്രജ്ഞ•ാര്‍ക്കു കഴിഞ്ഞിട്ടുണ്ട്''(ഉദ്ധരണം: സൃഷ്ടിവാദവും പരിണാമവാദികളും, പുറം 33).
പരിണാമവാദത്തിന്റെ ഉപജ്ഞാതാവായി വാഴ്ത്തപ്പെടുന്ന ചാള്‍സ് ഡാര്‍വിന്‍ പോലും അതിനെ അനിഷേധ്യമായ ഒരു സിദ്ധാന്തമായി തറപ്പിച്ചു പറഞ്ഞിട്ടില്ല. അദ്ദേഹം എഴുതുന്നു: "വിശേഷരൂപങ്ങളുടെ വ്യതിരിക്തതയും അവ അനേകം പരിവര്‍ത്തനകണ്ണികളാല്‍ ചേര്‍ക്കപ്പെട്ടിട്ടില്ല എന്നതും വളരെ വ്യക്തമായ പ്രശ്നമാണ്...''
"എന്റെ സിദ്ധാന്തപ്രകാരം സിലൂറിയന്‍ ഘട്ടത്തിനു മുമ്പ് തീര്‍ച്ചയായും എവിടെയെങ്കിലും അടിഞ്ഞുകൂടിയിരിക്കാവുന്ന വിപുലമായ ഫോസില്‍പാളികളുടെ അഭാവം ഉള്‍ക്കൊള്ളുന്നതിലുള്ള പ്രയാസം വളരെ വലുതാണ്. ഇതു വിശദീകരിക്കാനാവാതെ തുടരും. ഞാനിവിടെ അവതരിപ്പിച്ച വീക്ഷണങ്ങളോടുള്ള, സാധുതയുള്ള എതിര്‍വാദമായി ന്യായമായും ഇതുന്നയിക്കപ്പെട്ടേക്കാം.''(ഒറിജിന്‍ ഓഫ് സ്പീഷ്യസ്, പേജ് 314. ഉദ്ധരണം, ഡാര്‍വിനിസം: പ്രതീക്ഷയും പ്രതിസന്ധിയും, പുറം 23).
"ഡാര്‍വിന്‍ കൃതിയിലെ ഒമ്പതാം അധ്യായത്തിന്റെ തലക്കെട്ട് 'ഭൂശാസ്ത്ര രേഖയുടെ അപൂര്‍ണതയെപ്പറ്റി' എന്നാണ്. ഫോസില്‍ ശൃംഖലയിലെ വിടവുകളെപ്പറ്റി ഡാര്‍വിന്‍ നല്‍കുന്ന വിശദീകരണങ്ങളാണ് അതിന്റെ ഉള്ളടക്കം. അദ്ദേഹം എഴുതി: 'വിശേഷരൂപങ്ങളുടെ വ്യതിരിക്തതയും അവ അനേകം പരിവര്‍ത്തനകണ്ണികളാല്‍ ചേര്‍ക്കപ്പെട്ടിട്ടില്ല എന്നതും വളരെ വ്യക്തമായ പ്രശ്നമാണ്'' (ഒറിജിന്‍ ഓഫ് സ്പീഷ്യസ്, പേജ് 291. ഉദ്ധരണം, ഡാര്‍വിനിസം: പ്രതീക്ഷയും പ്രതിസന്ധിയും, പുറം 30).
"ഒരേ ഗ്രൂപ്പിലെ വിവിധ സ്പീഷ്യസുകള്‍ പഴക്കമേറിയ പാലിയോ സോയിക് കല്‍പത്തിന്റെ ആദ്യഘട്ടമായ സിലൂറിയന്‍ പാളികളില്‍ പെട്ടെന്ന് പ്രത്യക്ഷപ്പെടുന്നതായി അക്കാലത്തെ ഉത്ഖനനങ്ങള്‍ തെളിയിച്ചിരുന്നു. സിലൂറിയന് തൊട്ടുമുമ്പുള്ള ക്രസ്റേഷ്യന്‍ പാളിയില്‍ ഇവയുടെ മുന്‍ഗാമികളെ കാണേണ്ടിയിരുന്നു. പക്ഷേ, ലഭ്യമായില്ല. ഇതു ഗുരുതരമായ പ്രശ്നമാണെന്ന് സമ്മതിച്ചുകൊണ്ട് ഡാര്‍വിന്‍ എഴുതുന്നു: 'ഈ വിസ്തൃതമായ പ്രാഗ്ഘട്ടങ്ങളുടെ രേഖകള്‍ എന്തുകൊണ്ടു കാണുന്നില്ലെന്ന ചോദ്യത്തിന് സംതൃപ്തമായ ഉത്തരം നല്‍കാന്‍ എനിക്കു കഴിയില്ല''(ഒറിജിന്‍ ഓഫ് സ്പീഷ്യസ്, പേജ്, 313. ഉദ്ധരണം, ഡാര്‍വിനിസം: പ്രതീക്ഷയും പ്രതിസന്ധിയും, പുറം 30).
ചാള്‍സ് ഡാര്‍വിനു ശേഷം പരിണാമവാദത്തിന് ഉപോദ്ബലകമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നത് പ്രത്യേകം പ്രസ്താവ്യമാണ്. ചിക്കാഗോ സര്‍വകലാശാലയിലെ ഭൂഗര്‍ഭ ശാസ്ത്രവകുപ്പിന്റെ ചെയര്‍മാന്‍ ഡേവിഡ് എം. റൂപ്പ് എഴുതുന്നു: "തന്റെ സിദ്ധാന്തവും ഫോസില്‍ തെളിവുകളും തമ്മിലുള്ള പൊരുത്തക്കേടിന് സാമാന്യ പരിഹാരമായി ഫോസില്‍ രേഖ വളരെ അപൂര്‍വമാണെന്നാണ് ഡാര്‍വിന്‍ പറഞ്ഞത്. ഡാര്‍വിനുശേഷം നൂറ്റിരുപത് വര്‍ഷം കഴിഞ്ഞിരിക്കുന്നു. ഫോസില്‍ രേഖയെപ്പറ്റിയുള്ള വിജ്ഞാനം വളരെയേറെ വികസിച്ചിട്ടുണ്ട്. നമുക്കിപ്പോള്‍ രണ്ടു ലക്ഷത്തി അമ്പതിനായിരം ഫോസില്‍ സ്പീഷ്യസുകളുണ്ടെങ്കിലും സ്ഥിതി അത്രയൊന്നും മാറിയിട്ടില്ല. പരിണാമരേഖ ഇപ്പോഴും വിസ്മയിപ്പിക്കുംവിധം ഭംഗമുള്ളതാണ്. വിരോധാഭാസമെന്നോണം ഡാര്‍വിന്റെ കാലത്തുണ്ടായിരുന്നതിനേക്കാള്‍ കുറഞ്ഞ പരിണാമ ഉദാഹരണങ്ങളേ നമുക്കുള്ളൂ'' (Conflicts between Darwinism and Paloeantology Bullettin Field Museum of Natural History: 50 Jan 1979, P: 22 ഉദ്ധരണം Ibid പുറം 23).
ഡാര്‍വിനിസത്തില്‍ പരിണാമവാദികള്‍ക്കുതന്നെ വിശ്വാസം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഓക്സ്ഫോര്‍ഡ് സര്‍വകലാശാല 1982-ല്‍ പുറത്തിറക്കിയ, പ്രമുഖ ജന്തുശാസ്ത്രജ്ഞനും പരിണാമവാദിയുമായ ഹൊവാഡിന്റെ ഡാര്‍വിനെ സംബന്ധിച്ച ജീവചരിത്ര കൃതിയിലിങ്ങനെ കാണാം: "ഡാര്‍വിന്റെ മരണശതാബ്ദിയോടെ വിജ്ഞാനത്തിനുള്ള ഡാര്‍വിന്റെ സംഭാവനയുടെ വിലയേയും നിലയേയും പറ്റി വ്യാപകമായ സംശയമനോഭാവവും അസ്വസ്ഥതയും ഉണ്ടായിവരുന്നു''(ഉദ്ധരണം: സൃഷ്ടിവാദവും പരിണാമവാദികളും, പുറം 54).
പ്രമുഖ ഫോസില്‍ ശാസ്ത്രജ്ഞരായ സ്റീഫന്‍ ഗൌള്‍ഡും നീല്‍സ് എല്‍ഡ്രൈഡ്ജും ഡാര്‍വിനിസത്തില്‍ വിശ്വാസം നഷ്ടപ്പെട്ടതിനാല്‍ പുതിയ സിദ്ധാന്തം ആവിഷ്കരിക്കുകയുണ്ടായി. വിശ്വവിഖ്യാതരായ പരിണാമവാദികള്‍ക്കുപോലും തങ്ങള്‍ മുമ്പോട്ടുവച്ച സിദ്ധാന്തത്തിന്റെ ദൌര്‍ബല്യങ്ങളെക്കുറിച്ച് നന്നായറിയാം. സത്യസന്ധരായ ചിലരെങ്കിലും അത് തുറന്നുപറയാറുണ്ട്. പ്രശസ്ത പുരാജീവിശാസ്ത്രജ്ഞനും പരിണാമ വിശ്വാസിയുമായ ഡോ. കോളിന്‍ പാറ്റേഴ്സണ്‍ എഴുതിയ കത്തിലിങ്ങനെ കാണാം: "പക്ഷികളുടെയെല്ലാം മുന്‍ഗാമിയായിരുന്നുവോ ആര്‍ക്കിയോപ്ടെറിക്സ്? ഒരുപക്ഷേ, ആയിരിക്കാം. ഒരുപക്ഷേ അല്ലായിരിക്കാം. ഈ ചോദ്യത്തിനു ഉത്തരം കണ്ടെത്താന്‍ യാതൊരു മാര്‍ഗവുമില്ല. ഒരു രൂപത്തില്‍നിന്നും മറ്റൊരു രൂപമുണ്ടായതെങ്ങനെയെന്നതിനെപ്പറ്റി കഥകള്‍ മെനയാന്‍ എളുപ്പമാണ്; പ്രകൃതിനിര്‍ധാരണം ഓരോ ഘട്ടത്തെയും എങ്ങനെയാണ് പിന്തുണച്ചതെന്നു പറയാനും. പക്ഷേ, അത്തരം കഥകള്‍ ശാസ്ത്രത്തിന്റെ ഭാഗമല്ല. കാരണം അവയെ പരീക്ഷണ വിധേയമാക്കാനാവില്ല'' (1979 ഏപ്രില്‍ 10-ലെ പാറ്റേഴ്സന്റെ കത്ത് v Scopes II The Great Debate pp. 14-15. ഉദ്ധരണം: Ibid പുറം 68).
പ്രമുഖ സൃഷ്ടിവാദ എഴുത്തുകാരനായ സുന്റര്‍ലാന്റിന്റെ കത്തിനുള്ള മറുപടിക്കത്തായിരുന്നു കോളിന്‍ പാറ്റേഴ്സന്റേത്. അതിലദ്ദേഹം ഇത്രകൂടി കുറിച്ചിടുകയുണ്ടായി: "പരിണാമപരമായ പരിവര്‍ത്തനങ്ങളുടെ നേരിട്ടുള്ള ഉദാഹരണങ്ങള്‍ എന്റെ പുസ്തകത്തില്‍ ഇല്ലാത്തതിനെക്കുറിച്ചുള്ള താങ്കളുടെ അഭിപ്രായങ്ങളോട് ഞാന്‍ പൂര്‍ണമായി യോജിക്കുന്നു. ജീവിച്ചിരിക്കുന്നതോ ഫോസില്‍ രൂപത്തിലുള്ളതോ ആയ അത്തരം ഏതെങ്കിലും ഒന്നിനെക്കുറിച്ച് എനിക്കറിയാമായിരുന്നെങ്കില്‍ തീര്‍ച്ചയായും ഞാനത് ഉള്‍പ്പെടുത്തുമായിരുന്നു. അത്തരം പരിവര്‍ത്തനങ്ങള്‍ ഒരു ആര്‍ട്ടിസ്റിനെക്കൊണ്ട് ഭാവനയില്‍ വരപ്പിച്ചുകൂടേയെന്ന് താങ്കള്‍ നിര്‍ദേശിക്കുന്നു. പക്ഷേ, അതേപ്പറ്റിയുള്ള വിവരങ്ങള്‍ അയാള്‍ക്ക് എവിടെനിന്ന് ലഭിക്കും? സത്യസന്ധമായി പറഞ്ഞാല്‍ എനിക്ക് നല്‍കാനാവില്ല.''(Ibid പുറം 68)
ശാസ്ത്രത്തിന്റെ കണ്ടെത്തലുകളൊക്കെ ഡാര്‍വിനിസത്തെ ശക്തിപ്പെടുത്തിയിട്ടേയുള്ളൂവെന്ന് അടുത്തകാലം വരെ ശക്തമായി വാദിച്ചിരുന്ന ഡോ. എ.എന്‍. നമ്പൂതിരിപോലും മറിച്ചുപറയാന്‍ നിര്‍ബന്ധിതനാവുകയുണ്ടായി. അദ്ദേഹം എഴുതി: "ശാസ്ത്രരംഗത്തെ പുതിയ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാനും ഊര്‍ജസ്വലമായി നിലനിര്‍ത്താനും ഡാര്‍വിനിസത്തിനു ഇതുവരെ കഴിഞ്ഞു. അടുത്തകാലത്താണ് ചിത്രം മാറിയത്. ഇപ്പോഴും ഡാര്‍വിനിസത്തിന്റെ പ്രഭയ്ക്ക് പൊതുവെ മങ്ങലേറ്റിട്ടില്ല. എങ്കിലും ജീവന്റെ ചരിത്രത്തിലെ ചില ഘട്ടങ്ങളിലെങ്കിലും പരിണാമത്തിന്റെ പ്രവര്‍ത്തനരീതി ഡാര്‍വിന്‍ സങ്കല്‍പത്തിന് അനുയോജ്യമല്ല എന്ന സൂചനകളുണ്ട്. ഡാര്‍വിനിസം നേരിടുന്ന ആദ്യത്തെ പ്രതിസന്ധി.'' (ഡാര്‍വിനിസം വഴിത്തിരിവില്‍, കലാകൌമുദി 1076, പേജ് 19).
ശാസ്ത്രസത്യങ്ങളുടെ നേരെ ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ മറുപടികളുണ്ടായിരിക്കും. എന്നാല്‍ പരിണാമവാദത്തിനു നേരെ ധൈഷണിക തലത്തില്‍നിന്ന് ഉയര്‍ത്തപ്പെട്ട ചോദ്യങ്ങള്‍ക്കൊന്നും ഇതേവരെ മറുപടി ലഭിച്ചിട്ടില്ല. ഉദാഹരണത്തിന് ഒന്നുമാത്രമിവിടെ ഉദ്ധരിക്കാം."ജീവികളില്‍ നിരന്തരമായി വ്യതിയാനങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു. അനുകൂല വ്യതിയാനങ്ങളെ പ്രകൃതിനിര്‍ധാരണം വഴി അതിജീവിപ്പിക്കുന്നതിനാല്‍ അവ പാരമ്പര്യമായി കൈമാറപ്പെടുന്നു. അനുകൂലഗുണങ്ങള്‍ സ്വരൂപിക്കപ്പെട്ട് പുതിയ ജീവിവര്‍ഗങ്ങളുണ്ടാവുന്നു'' എന്നാണ് ഡാര്‍വിനിസത്തിന്റെ വാദം. ഇതു ശരിയാണെങ്കില്‍ ഏകദേശം മുന്നൂറുകോടി വര്‍ഷങ്ങള്‍ക്കപ്പുറം ഉണ്ടായ (ഇന്നും നിലനില്‍ക്കുന്ന) ഏകകോശ ലളിതജീവികളായ അമീബകള്‍ എന്തുകൊണ്ടവശേഷിച്ചു? ഇന്നു കാണപ്പെടുന്ന അമീബകളുടെ മുന്‍തലമുറകളില്‍ നിരന്തരമായി വ്യതിയാനങ്ങള്‍ ഉണ്ടായില്ലേ? ഇല്ലെങ്കില്‍ എന്തുകൊണ്ട്? അവ മറ്റൊരു ജീവിവര്‍ഗമായി പരിണമിക്കാതെ പ്രതികൂല പരിതഃസ്ഥിതികളെ എങ്ങനെ അതിജീവിച്ചു? മുന്നൂറുകോടി വര്‍ഷങ്ങള്‍ക്കപ്പുറം നിലനിന്ന ഏകകോശങ്ങളുടെ ഒരു ശ്രേണി അതേപടി തുടരുകയും മറ്റൊരു ശ്രേണി അസംഖ്യം പുതിയ സ്പീഷ്യസുകളിലൂടെ സസ്തനികളിലെത്തുകയും ചെയ്തതെന്തുകൊണ്ട്? ഇത്തരം ചോദ്യങ്ങള്‍ ഡാര്‍വിനിസത്തിന്റെ സൈദ്ധാന്തിക ശേഷിയെ പരീക്ഷിക്കുന്നവയാണ്. ഈ വസ്തുത തന്നെ കുഴക്കുന്നതായി ഡാര്‍വിന്‍ തന്നെ സമ്മതിച്ചിട്ടുണ്ട്. 1860 മെയ് 22-ന് ഡാര്‍വിന്‍ അദ്ദേഹത്തിന്റെ പിന്തുണക്കാരനും ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ സസ്യശാസ്ത്രജ്ഞനുമായിരുന്ന അസാഗ്രേക്ക് എഴുതി: "കത്തുകളില്‍നിന്നും അഭിപ്രായ പ്രകടനങ്ങളില്‍നിന്നും മനസ്സിലാകുന്നതിനനുസരിച്ച് എന്റെ കൃതിയുടെ ഏറ്റവും വലിയ പോരായ്മ എല്ലാ ജൈവരൂപങ്ങളും പുരോഗമിക്കുന്നുവെങ്കില്‍ പിന്നെ ലളിതമായ ജൈവരൂപങ്ങള്‍ എന്തിനു നിലനില്‍ക്കുന്നു എന്നു വിശദീകരിക്കാന്‍ കഴിയാതെ പോയതാണ്.''(ഫ്രാന്‍സിസ് ഡാര്‍വിന്‍ എഡിറ്റു ചെയ്ത The life and letters of Charls Darwin എന്ന കൃതിയില്‍നിന്ന്, എന്‍. എം. ഹുസൈന്‍, ഡാര്‍വിനിസം: പ്രതീക്ഷയും പ്രതിസന്ധിയും, പുറം 18,19).
പരിണാമവാദികള്‍ ആദ്യകാലത്ത് തങ്ങളുടെ വാദത്തിന് തെളിവായി എടുത്തുകാണിച്ചിരുന്ന നിയാണ്ടര്‍താല്‍ മനുഷ്യരുടെ ഫോസിലുകള്‍ കണരോഗം ബാധിച്ച സാധാരണ മനുഷ്യരുടെ അസ്ഥികള്‍ ചേര്‍ത്തുവെച്ചതാണെന്ന് പിന്നീട് തെളിയിക്കപ്പെടുകയുണ്ടായി. അതോടെ മൃഗഛായയുള്ള നിയാണ്ടര്‍താല്‍ മനുഷ്യന്റെ കഥയും കണ്ണിയും അറ്റുപോയി കഥാവശേഷമായി. പകരമൊന്നു വയ്ക്കാനിന്നോളം പരിണാമവാദികള്‍ക്കു സാധിച്ചിട്ടില്ല. ഇപ്രകാരംതന്നെയാണ് ഹല്‍ട്ട് മനുഷ്യന്റെ കഥയും. മനുഷ്യനും ആള്‍ക്കുരങ്ങനുമിടയിലെ പ്രസിദ്ധമായൊരു കണ്ണിയായാണ് പരിണാമവാദികള്‍ ഹല്‍ട്ട് മനുഷ്യനെ അവതരിപ്പിച്ചിരുന്നത്. എന്നാല്‍ ആള്‍ക്കുരങ്ങിന്റെ താടിയെല്ല് മനുഷ്യന്റെ തലയോട്ടില്‍ ഘടിപ്പിച്ച് കൃത്രിമമായി ഉണ്ടാക്കിയതാണ് ഈ അര്‍ധ മനുഷ്യ ഫോസിലെന്ന് പിന്നീട് തെളിയിക്കപ്പെടുകയുണ്ടായി. ഇതെല്ലാം പരിണാമവാദത്തെ കഥാവശേഷമാക്കുന്നതില്‍ അതിപ്രധാനമായ പങ്കാണ് വഹിച്ചുകൊണ്ടിരിക്കുന്നത്.
ചുരുക്കത്തില്‍, പരിണാമവാദത്തിന് എന്തെങ്കിലും ശാസ്ത്രീയ അടിത്തറയോ പ്രമാണത്തിന്റെ പിന്‍ബലമോ ഇല്ല. കേവലം വികല ഭാവനയും അനുമാനങ്ങളും നിഗമനങ്ങളും മാത്രമാണത്. അതിന്റെ വിശ്വാസ്യത അടിക്കടി നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇത്തരമൊന്നിനെ ഇസ്ലാം അംഗീകരിക്കുന്നുണ്ടോ എന്ന പ്രശ്നം ഉദ്ഭവിക്കുന്നില്ല. പരിണാമ സങ്കല്പം ഒരു സിദ്ധാന്തമായി തെളിയിക്കപ്പെടുമ്പോഴേ അതിന്റെ നേരെയുള്ള ഇസ്ലാമിന്റെ സമീപനം വിശകലനം ചെയ്യുന്നതിലര്‍ഥമുള്ളൂ.

ജൂൺ 10, 2011

ഗീതയും ഖുര്‍ആനും സ്വാമി വിശ്വഭദ്രാനന്ദശക്തിബോധി

ഗീതയും ഖുര്‍ആനും
സ്വാമി വിശ്വഭദ്രാനന്ദശക്തിബോധി
 
മതമില്ലാത്ത ജീവന്‍ മൃഗമാണ്‌; നരിയേയും നായയേയും നരച്ചീറിനേയും പശുവിനേയും ഒക്കെ ഓര്‍മിപ്പിക്കുന്ന മൃഗം. മേല്‍പ്പറഞ്ഞവക്കെല്ലാം ജീവനുണ്ടെങ്കിലും മതമില്ല. എന്നാല്‍, ജീവന്‍ മനുഷ്യനിലെത്തുമ്പോള്‍ അതു മതമുള്ളതായിത്തീരുന്നു. കാരണം, സകല മതങ്ങളും മനുഷ്യനോടുകൂടി ആവിര്‍ഭവിച്ചവയാണ്‌; നിലനില്‍ക്കുന്നവയുമാണ്‌. മനുഷ്യനില്ലെങ്കില്‍ ഭൂമിയില്‍ ഒരു മതവും ഉണ്ടായിരിക്കില്ല. ഇതു ചരിത്രപരവും നരവംശവിജ്ഞാനീയപരവും മനഃശാസ്‌ത്രപരവുമായൊരു യാഥാര്‍ഥ്യമാണ്‌. അതുകൊണ്ടുതന്നെ മനുഷ്യനു നല്‍കാവുന്ന ഏറ്റവും പ്രാഥമികമായൊരു നിര്‍വചനം ഭൂമിയില്‍ മതമുള്ള ജീവനാണു മനുഷ്യന്‍ എന്നതാകുന്നു.
 
ഭൂമിയില്‍ മനുഷ്യര്‍ക്കിടയില്‍ പലഭാഷകള്‍ നിലവിലുണ്ട്‌; ഇതുപോലെ പല മതങ്ങളും നിലവിലുണ്ട്‌. ലോകത്ത്‌ ഒരേയൊരു ഭാഷയേ ഉണ്ടാകാവൂ എന്നു ആരെങ്കിലും വാശിപിടിച്ചാല്‍ സാമാന്യബോധമുള്ള ഏതൊരാളും അയാളോടു വിയോജിക്കും. ലോകത്തുള്ള മനുഷ്യരെല്ലാം സംസ്‌കൃതം അല്ലെങ്കില്‍ അറബി അല്ലെങ്കില്‍ ഇംഗ്ലീഷ്‌ മാത്രം സംസാരിക്കുന്ന ഒരു കാലം ആരു വിചാരിച്ചാലും ഉണ്ടാവില്ല. അതിനാല്‍ ഏകഭാഷാവാദം അപ്രായോഗികമാണ്‌. ഇതുപോലെ ഏകമതവാദവും അപ്രായോഗികമാണ്‌. ലോകത്ത്‌ സകലമനുഷ്യരും ഒരൊറ്റ മതവിശ്വാസത്തെ പിന്‍പറ്റുന്ന ഒരു കാലം എന്തായാലും ഉണ്ടാവില്ല. അതിനാല്‍ മതങ്ങള്‍ തമ്മില്‍ തമ്മില്‍ ബഹുമാനത്തോടെ ഇടപഴകുന്ന സഹവര്‍ത്തിത്വാന്തരീക്ഷം എല്ലാ മതങ്ങളുടേയും വിശ്വാസികളുടേയും നല്ല നില്‍പിന്‌ അത്യന്താപേക്ഷിതമാണ്‌. അപ്രായോഗികമായ ഏകതാവാദം അപകടകരമാണ്‌. അല്ലാത്തപക്ഷം കാവിഭീകരതയും താലിബാനിസവും ഫാസിസവും സ്റ്റാലിനിസവും ഒക്കെ ലോകം കണ്ട ഏറ്റവും മഹത്തരമായ പ്രവണതകളാണെന്നു പറയേണ്ടിവരും; ഏകാധിപത്യമാണ്‌ ഒരേയൊരു ശരി എന്നു പറയേണ്ടിവരും. ദൈവം ഒന്നേയുള്ളൂ എന്നതിനാല്‍ ഒരു മതമേ വേണ്ടതുള്ളൂ എന്നു കരുതുന്നവരുണ്ട്‌. പക്ഷേ, അത്തരം ധാരണ ഒരു മതഭ്രാന്തനായ മനുഷ്യന്റെ ധാരണ മാത്രമാണ്‌; ദൈവത്തിന്റേതായിരിക്കാന്‍ ഇടയില്ല. എന്തെന്നാല്‍ സര്‍വശക്തനും സര്‍വജ്ഞനും യുക്തിമാനും കരുണാനിധിയുമായ ദൈവം ഭൂമിക്ക്‌ ഒരൊറ്റ സൂര്യന്‍ എന്നതുപോലെ ഭൂമിയിലെ മനുഷ്യര്‍ക്ക്‌ ഒരൊറ്റഭാഷയും ഒരൊറ്റമതവും മതി എന്നു നിശ്ചയിച്ചിരുന്നെങ്കില്‍ പല മതങ്ങളും പല ഭാഷകളും ഉണ്ടാവുകയില്ലായിരുന്നു. അതിനാല്‍ പല മതങ്ങളും പല ഭാഷകളും ദൈവേഛകൊണ്ടു സംഭവിച്ചവയാണ്‌ എന്നു കരുതണം. മറ്റെന്തിലുമുപരി ദൈവേഛയെ മാനിക്കേണ്ടുന്നവനാണ്‌ വിശ്വാസി. അതിനാല്‍ യഥാര്‍ഥവിശ്വാസി ഒരിക്കലും ലോകത്ത്‌ ഒരുമതം മതി, അതു എന്റെ മതമായിരിക്കണം എന്ന ദുര്‍വാശിക്ക്‌ വിധേയനാവില്ല. `നിനക്ക്‌ അവതരിച്ചു കിട്ടിയതിനെ മാനിക്കുക' എന്നു മാത്രമല്ല `നിനക്ക്‌ മുമ്പ്‌ അവതരിപ്പിക്കപ്പെട്ട വേദങ്ങളേയും മാനിക്കുക' എന്നുകൂടി നബിയോടു അല്ലാഹു ഖുര്‍ആനില്‍ പ്രബോധിപ്പിക്കുന്നുണ്ടെന്നതു പരിഗണിക്കുമ്പോള്‍ `ഒരേയൊരു മതംമാത്രം ശരി' എന്ന മതഭ്രാന്തിന്റെ പിടിവാശി ഖുര്‍ആനികമല്ലെന്നു വ്യക്തമാവും. ``യോമാം പശ്യതി സര്‍വ്വത്ര സര്‍വ്വം ചമയിപശ്യത തസ്യാഹം ന പ്രണശ്യാമി സചമേന പ്രണശ്യതി'' എന്ന ഭഗവദ്‌ഗീതയിലെ നാലാം അധ്യായത്തിലെ 30-ാം ശ്ലോകത്തിന്റെ താല്‍പര്യം ഇതാണ.്‌ ``ആര്‍ എല്ലാറ്റിലും എന്നെയും എല്ലാം എന്നിലും കാണുന്നുവോ അവന്‌ ഞാനോ എനിക്ക്‌ അവനോ ഒരിക്കലും നഷ്‌ടപ്പെടുകയില്ല''. ഇങ്ങനെ എല്ലാറ്റിലും ഭഗവാനെ കാണുന്ന യഥാര്‍ഥവിശ്വാസിക്ക്‌ എന്റെ മതം വിശുദ്ധം അന്യരുടെ മതം അവിശുദ്ധം എന്നു ചിന്തിക്കാനോ പറയാനോ പ്രവര്‍ത്തിക്കാനോ കഴിയില്ല.' `പ്രപഞ്ചസ്രഷ്‌ടാവായ ദൈവം ഒന്നേയുള്ളൂ' എന്നതിനര്‍ഥം പ്രപഞ്ചം ഒരേപോലെയാണെന്നല്ല. പ്രപഞ്ചം വൈവിധ്യബഹുലമാണ്‌; അതിനാല്‍ പ്രപഞ്ചനാഥനായ ദൈവം വൈവിധ്യങ്ങളുടെ ഏകനായ പടച്ചതമ്പുരാനാണ്‌. വൈവിധ്യങ്ങളുടെ പടച്ചതമ്പുരാനായി ദൈവത്തെ വണങ്ങുന്ന, ഒരാള്‍ക്കേ പല ഭാഷകളും പല മതങ്ങളും പലരുചികളും നിറഞ്ഞ വിശ്വപ്രകൃതിയില്‍, വൈവിധ്യങ്ങളെ മാനിച്ചുകൊണ്ടു ജീവിക്കാനുള്ള സഹിഷ്‌ണുതയും ജനാധിപത്യബോധവും ഉണ്ടായിരിക്കൂ.
 
ഒരുപക്ഷേ, അത്തരം സഹിഷ്‌ണുതയുടെ ജനാധിപത്യം ഏറ്റവും കൂടുതല്‍ ഉണ്ടാവേണ്ട ഒരു രാജ്യമാണ്‌ ഇന്ത്യ. എന്തെന്നാല്‍ കാലാവസ്ഥ, കാര്‍ഷികവിളകള്‍, ഭക്ഷണം, ഭാഷ, മതം എന്നീ സര്‍വത്ര മേഖലകളിലും അത്രമേല്‍ വൈവിധ്യം ഇന്ത്യയിലുണ്ട്‌. അതുകൊണ്ടാണ്‌ മതമൈത്രി ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നിലനില്‍പിന്‌ അങ്ങേയറ്റം അത്യന്താപേക്ഷിതമാണെന്നു പരക്കെ അഭിപ്രായം ഉയര്‍ന്നു വന്നിട്ടുള്ളത്‌. പാഴ്‌സികള്‍, ജൈനര്‍, ബൗദ്ധര്‍, സിഖുക്കാര്‍, ക്രൈസ്‌തവര്‍ എന്നിവരൊക്കെയുണ്ടെങ്കിലും ഇന്ത്യയില്‍ ഭൂരിപക്ഷം മനുഷ്യരും അവലംബിക്കുന്ന മതവിശ്വാസങ്ങള്‍ ഹിന്ദു- ഇസ്‌ലാമിക മതവിശ്വാസങ്ങളാണ്‌. അതിനാല്‍ ഹിന്ദു-മുസ്‌ലിം മൈത്രി എന്നതിനു മഹാത്മാഗാന്ധി ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കള്‍ വലിയ പ്രാധാന്യം കല്‍പ്പിച്ചു. ഇന്ത്യയുടെ വിഭവസമ്പത്തു കൊള്ളയടിക്കാന്‍ മാത്രം ഇന്ത്യയില്‍ കാലുകുത്തിയവര്‍, അവരുടെ പകല്‍ക്കൊള്ള നിര്‍ബാധം നടത്തുന്നതിനു ഹിന്ദു-മുസ്‌ലിം മൈത്രിയുടെ അന്തരീക്ഷം ഗുണകരമാവില്ലെന്നു കണ്ടപ്പോള്‍, ഹിന്ദു-മുസ്‌ലിം മതസ്‌പര്‍ധ ആസൂത്രിതമായി വളര്‍ത്തി എടുക്കാന്‍ ശ്രമിച്ചു. 1857-ലെ ഒന്നാംസ്വാതന്ത്ര്യസമരം ബ്രിട്ടീഷുകാര്‍ പന്നിനെയ്യിന്റെയും പശുനെയ്യിന്റെയും കാര്യം ഊതിപ്പെരുപ്പിച്ച്‌ തകര്‍ത്തുകളഞ്ഞു. ഗാന്ധിജിയിലൂടെ ജനകീയരൂപം കൈകൊണ്ട രണ്ടാം സ്വാതന്ത്ര്യസമരത്തെയാകട്ടെ, വീരസവര്‍ക്കറുടേയും മുഹമ്മദലിജിന്നയുടേയും മനോവാക്‌കര്‍മങ്ങളിലൂടെ രൂപപ്പെട്ട മതരാഷ്‌ട്രവാദത്തെ വളര്‍ത്തിക്കൊണ്ടു ഇന്ത്യാ-പാക്‌ വിഭജനത്തിലൂടെ അസ്‌തവീര്യമാക്കാനും ബ്രിട്ടീഷ്‌ സാമ്രാജ്യത്വത്തിനു കഴിഞ്ഞു. എന്നാല്‍, ആധുനികേന്ത്യയുടെ ഏറ്റവും മഹാന്മാരായ ഹിന്ദുക്കളാരും ഹിന്ദു-മുസ്‌ലിം മൈത്രിയുടെ ഭാരതത്തിനു വിരുദ്ധരല്ലായിരുന്നു- ശ്രീരാമകൃഷ്‌ണപരമഹംസന്‍, സ്വാമിവിവേകാനന്ദന്‍, നാരായണഗുരു, മഹാത്മാഗാന്ധി എന്നിവരൊക്കെ ആഗ്രഹിച്ചിരുന്നത്‌ ഹിന്ദു-മുസ്‌ലിം മൈത്രിയുടെ ഇന്ത്യയായിരുന്നു. ഇവരേക്കാളെല്ലാം മഹാന്മാരായ ഹിന്ദുക്കളാണ്‌ വീരസവര്‍ക്കര്‍, കേശവബലിറാം ഹെഡ്‌ഗവാര്‍, ഗുരുജിഗോള്‍വാല്‍ക്കര്‍, നാഥുറാം വിനായക്‌ ഗോഡ്‌സേ തുടങ്ങി നരേന്ദ്രമോഡിവരെ ഉള്‍പ്പെടുന്ന ഹിന്ദുരാഷ്‌ട്രവാദികളായ കാവിഭീകരര്‍ എന്നു ഹിന്ദുക്കള്‍ കരുതുന്നുണ്ടെന്നു പറഞ്ഞുകൂടാ. മുസ്‌ലിംകള്‍ ഇല്ലാത്തൊരു ഇന്ത്യയല്ല, മറിച്ച്‌ ഹിന്ദുക്കളും മുസ്‌ലിംകളും മസ്‌തിഷ്‌കവും മെയ്യും പോലെ ഒത്തൊരുമിച്ചു കഴിയുന്നൊരു ഇന്ത്യയെയാണ്‌ ആധുനിക ഹൈന്ദവസന്ന്യാസത്തിന്റെ മാതൃകാവ്യക്തിത്വം എന്നു വിശേഷിപ്പിക്കാവുന്ന സ്വാമിവിവേകാനന്ദന്‍ ആഗ്രഹിച്ചിരുന്നത്‌. അദ്ദേഹം എഴുതുന്നു: ``......സര്‍വമനുഷ്യ വര്‍ഗത്തേയും സ്വന്തം ആത്മാവായി കാണുകയും പെരുമാറുകയും ചെയ്യുന്ന പ്രായോഗികാദൈ്വതം ഒരു കാലത്തും ഹിന്ദുക്കളുടെ ഇടയില്‍ വികസിപ്പിക്കപ്പെട്ടിട്ടില്ല. നേരെ മറിച്ച്‌ ഗണ്യമായ രീതിയില്‍ ഏതെങ്കിലും ഒരു മതം ഈ സമത്വത്തിലേക്ക്‌ എന്നെങ്കിലും അടുത്തെത്തിയിട്ടുണ്ടെങ്കില്‍ എന്റെ അനുഭവത്തില്‍ അതു ഇസ്‌ലാമാണ്‌; ഇസ്‌ലാം മാത്രം. അതുകൊണ്ടു പ്രയോഗിക ഇസ്‌ലാമിന്റെ സഹായമില്ലാതെ വേദാന്തസിദ്ധാന്തങ്ങള്‍, അവ എത്രയും സൂക്ഷ്‌മങ്ങളും അത്ഭുതകരങ്ങളുമായിക്കൊള്ളട്ടെ- ഭൂരിപക്ഷം മനുഷ്യരാശിക്കും തീരെ വിലയില്ലാത്തതാണെന്നു എനിക്ക്‌ ഉറച്ച ബോധ്യം വന്നിട്ടുണ്ട്‌... ഏകത്വമെന്ന മതത്തിന്റെ വ്യത്യസ്‌ത പ്രകാശങ്ങള്‍ മാത്രമാണു മതങ്ങളെന്നു മനുഷ്യവര്‍ഗത്തെ പഠിപ്പിക്കേണ്ടിയിരിക്കുന്നു; എന്നിട്ട്‌ ഓരോരുത്തനും തനിക്കേറ്റവും പറ്റിയ മാര്‍ഗം തെരഞ്ഞെടുക്കാമല്ലോ. നമ്മുടെ മാതൃഭൂമി തന്നെ ആശിക്കുന്നത്‌ ഹിന്ദുമതവും ഇസ്‌ലാമും എന്ന രണ്ടു മഹാസമ്പ്രദായങ്ങളുടെ വേദാന്തമസ്‌തിഷ്‌കത്തിന്റേയും ഇസ്‌ലാം ശരീരത്തിന്റേയും യോഗമാണ്‌. ഈ വഴക്കിലും കലഹത്തിലും നിന്നും ഭാവിയിലെ പൂര്‍ണഭാരതം മഹനീയവും അജയ്യവുമായി വേദാന്തമസ്‌തിഷ്‌കത്തോടും ഇസ്‌ലാം ശരീരത്തോടും കൂടി ഉയര്‍ന്നുവരുന്നതു ഞാനെന്റെ മനക്കണ്‍മുമ്പാകെ കാണുന്നു'' (വിവേകാനന്ദസാഹിത്യസര്‍വസ്വം വാള്യം 5 പേജ്‌ 566-567). ഇതു വിവേകാനന്ദ സാഹിത്യത്തിലെ ഒറ്റപ്പെട്ടൊരു അഭിപ്രായമല്ല; നാനാത്വത്തിലെ ഏകത്വത്തിലൂന്നിയ അനുരജ്ഞനത്തിന്റെ ഭാഷ അതിലെവിടെയും മാലയിലെ ചരടെന്നപോലെ കാണാം-പക്ഷേ ഹിന്ദു-മുസ്‌ലിം മൈത്രിക്കുവേണ്ടി ശ്രമിച്ച ഗാന്ധിജിയെ വെടിവെച്ചു കൊന്ന ഗോഡ്‌സേയുടെ ഹിന്ദുരാഷ്‌ട്രവാദം സ്വാമി വിവേകാനന്ദനെ കണ്ടിരുന്നെങ്കില്‍ അദ്ദേഹത്തെയും കൊല്ലുമായിരുന്നു-കാരണം ഗോഡ്‌സേയുടെ കാവിഭീകരത വിഭാവനം ചെയ്യുന്നത്‌ മുസ്‌ലിം രഹിത ഹിന്ദുരാഷ്‌ട്രത്തെയാണല്ലോ. അതിനാല്‍ വിവേകാനന്ദനെയാണോ ഗോഡ്‌സെയെയാണോ മാതൃകയായി സ്വീകരിക്കേണ്ടത്‌ എന്നതിനാണ്‌ ഓരോ ഹിന്ദുവും സമാധാനം കാണേണ്ടത്‌. അതുപോലെ വിവേകാനന്ദനെ മുന്‍നിര്‍ത്തിയാണോ ഗോഡ്‌സേയെ മുന്‍നിര്‍ത്തിയാണോ ഹിന്ദുത്വത്തെ വിലയിരുത്തേണ്ടത്‌ എന്ന പ്രശ്‌നത്തിനാണ്‌ ഓരോ മുസ്‌ലിമും ഉത്തരം പറയേണ്ടത്‌. അതുപോലെ തന്നെ മുഹമ്മദ്‌ നബിയേയും വിശുദ്ധഖുര്‍ആനിനേയും മുന്‍നിര്‍ത്തിയാണോ, അതോ താലിബാനേയും ഉസാമബിന്‍ലാദനേയും മുന്‍നിര്‍ത്തിയാണോ ഇസ്‌ലാമിനെ വിലയിരുത്തേണ്ടത്‌ എന്നു ഓരോ ഹിന്ദുവും തീരുമാനിക്കേണ്ടതുണ്ട്‌. ഞാന്‍ ഹിന്ദുവായിരിക്കുന്നത്‌ ഗോഡ്‌സെ ഹിന്ദുവാണെന്നു പ്രഖ്യാപിച്ചതുകൊണ്ടല്ല, മറിച്ച്‌ വിവേകാനന്ദനും ഗാന്ധിജിയും ഹിന്ദുക്കളാണെന്നു പ്രഖ്യാപിച്ചിരുന്നതുകൊണ്ടാണ്‌. അതുപോലെ ഞാന്‍ ഇസ്‌ലാമിനെ വിലയിരുത്തുന്നത്‌ ഉസാമ ബിന്‍ലാദനെ മുന്‍നിര്‍ത്തിയല്ല; മുഹമ്മദ്‌ നബിതിരുമേനിയുടെ ജീവിതത്തെ മുന്‍നിര്‍ത്തിയാണ്‌. ഈ പശ്ചാത്തലത്തിലാണ്‌ ഹിന്ദു-മുസ്‌ലിം മൈത്രിയിലൂടെ ജനാധിപത്യഭാരതത്തിന്റെ സംരക്ഷണം ഉറപ്പാക്കുന്നതിനുവേണ്ടി ചെയ്യാവുന്ന ഒരു ഉചിതകര്‍മം എന്ന നിലയില്‍ ഭഗവദ്‌ഗീതയേയും വിശുദ്ധ ഖുര്‍ആനേയും താരതമ്യപ്പെടുത്തിക്കൊണ്ടുള്ള ചില വിചാരങ്ങള്‍ ഇവിടെ പങ്കിടുന്നത്‌.
 
ശ്രീകൃഷ്‌ണനെ അവതാരമായാണ്‌ ഇന്ത്യക്കാര്‍ കരുതുന്നത്‌. അവതാരം എന്ന വാക്കുതന്നെ ശ്രീകൃഷ്‌ണന്‍ ദൈവമല്ല എന്നാണു വെളിവാക്കുന്നത്‌, എന്തെന്നാല്‍ ദൈവം അവതാരമല്ല, അവതാരകനാണ്‌. അതിനാല്‍ അവതാരം എന്ന വാക്കിന്‌ തെരഞ്ഞെടുക്കപ്പെട്ട സൃഷ്‌ടി എന്നേ അര്‍ഥം ധരിക്കേണ്ടൂ. തെരഞ്ഞെടുക്കപ്പെട്ട മനുഷ്യനെ തന്നെയാണ്‌ പ്രവാചകന്‍ എന്നും പറയുന്നത്‌. ശ്രീകൃഷ്‌ണന്‍ ഇന്ത്യയിലെ ഏറ്റവും ജനസ്വാധീനമുള്ള പ്രവാചകനാണ്‌. അവതാരകന്‍ അല്ലാഹുവാണ്‌, നബി അവതാരമാണ്‌ എന്നു ഇന്ത്യന്‍ ഭാഷയില്‍ പറയാം. ശ്രീകൃഷ്‌ണനെ ജനങ്ങള്‍ ആരാധിക്കുന്നുണ്ട്‌, മുഹമ്മദ്‌ നബിയെ ആരാധിക്കുന്നില്ല എന്നാണു പറയപ്പെടുന്നത്‌. ഇതൊരു പ്രകടമായ വ്യത്യാസമാണ്‌. പക്ഷേ, ഇതൊക്കെയിരിക്കെ തന്നെ നബിയും കൃഷ്‌ണനും തമ്മില്‍ ഒരുപാട്‌ സാദൃശ്യങ്ങളും കാണാം. നബി ഏറ്റവും സാധാരണക്കാരായവരുടെ കൂട്ടത്തില്‍ ഒരുവനായിരുന്നു- മാതാപിതാക്കളുടെ സ്‌നേഹം അദ്ദേഹത്തിനു ചെറുപ്പത്തിലേ നഷ്‌ടപ്പെട്ടു. ശ്രീകൃഷ്‌ണനും നബിയും തികഞ്ഞ ഗാര്‍ഹസ്ഥ്യജീവിതം നയിച്ചിരുന്നവരാണ്‌. രുഗ്മിണി, സത്യഭാമ, ജാംബവതി, കുബ്‌ജു എന്നിങ്ങനെ എട്ടോളം ഔദ്യോഗിക ഭാര്യമാര്‍ ശ്രീകൃഷ്‌ണനു ജീവിതപങ്കാളികളായുണ്ടായിരുന്നു. ഖദീജ, ആഇശ തുടങ്ങിയവര്‍ നബിയുടെ ജീവിതത്തിലും പങ്കാളികളായിരുന്നു. ചുരുക്കത്തില്‍, കൃഷ്‌ണനും നബിയും ബഹുഭാര്യാത്വം അംഗീകരിച്ചിരുന്നു. ബഹുഭാര്യാത്വം ഒരു ഇസ്‌ലാമിക അശ്ലീലമായി അവതരിപ്പിച്ച്‌ കൈയടി നേടുന്ന ഹിന്ദുരാഷ്‌ട്രവാദികള്‍ ദയവുചെയ്‌ത്‌ ശ്രീകൃഷ്‌ണചരിതം മനസിരുത്തി പഠിച്ചിട്ട്‌ ബഹുഭാര്യാത്വത്തെ വിമര്‍ശിക്കണമെന്ന്‌ ഇവിടെ ആനുഷംഗികമായി പറഞ്ഞുവെക്കട്ടെ.
 
ശ്രീകൃഷ്‌ണന്‌ അക്കാലത്തെ രീതി അനുസരിച്ചുള്ള ഉന്നതവിദ്യാഭ്യാസം ലഭിച്ചിരുന്നതായി ഭാഗവതപുരാണം സാക്ഷ്യപ്പെടുത്തുന്നു. സാന്ദീപനി മഹര്‍ഷിയുടെ ശിഷ്യനായാണ്‌ ശ്രീകൃഷ്‌ണന്‍ വിദ്യാഭ്യാസം ചെയ്‌തത്‌- കൃഷ്‌ണനോടൊപ്പം ഗുരുകുലത്തില്‍ പഠിച്ച വ്യക്തിയാണ്‌ സുധാമാവ്‌ എന്നുപേരുള്ള കുചേലന്‍. അറുതിയിലും വറുതിയിലും കഴിഞ്ഞിരുന്ന പണ്ഡിതനായ കുചേലനെ പില്‍ക്കാലത്തു ശ്രീകൃഷ്‌ണന്‍ സാമ്പത്തികസഹായം നല്‍കി രക്ഷിച്ചതായും ഭാഗവതത്തില്‍ കാണുന്നുണ്ട്‌. എന്നാല്‍, മുഹമ്മദ്‌ നബിക്ക്‌ കച്ചവടപരമായ ജനസമ്പര്‍ക്കാനുഭവങ്ങളൊഴിച്ച്‌ എഴുത്തും വായനയും ഒന്നും അഭ്യസിക്കാന്‍ കഴിഞ്ഞിരുന്നില്ല. വിവേകാനന്ദന്റെ ഗുരുവായ ശ്രീരാമകൃഷ്‌ണപരമഹംസരെ ഓര്‍മിപ്പിക്കുന്ന വിധം നിരക്ഷരനായിരുന്നു മുഹമ്മദ്‌ നബിയും. സാമൂഹിക-രാഷ്‌ട്രീയകാര്യങ്ങളില്‍ സദാ ഇടപെട്ടിരുന്നവരാണ്‌; അവര്‍ അല്ലാതെ വെറുതെ കണ്ണടച്ചു ധ്യാനിച്ചുകൊണ്ടിരുന്നവരല്ല. ജനങ്ങള്‍ക്കും കന്നുകാലികള്‍ക്കും അവകാശപ്പെട്ട കുടിനീരു ചോര്‍ത്തി കൊക്കക്കോളയാക്കി വിറ്റു കാശാക്കുന്ന അമേരിക്കന്‍ സാമ്രാജത്വത്തിനെതിരെ നടന്ന പോരാട്ടങ്ങളെ അനുസ്‌മരിപ്പിക്കുന്ന ഒരു പ്രവര്‍ത്തനം ശ്രീകൃഷ്‌ണചരിതത്തിലുണ്ട്‌. കാളിന്ദി നദിയെ വിഷമയമാക്കിയ കാളിയനെ ശ്രീകൃഷ്‌ണന്‍ ചെറുത്തുതോല്‍പ്പിച്ച കാര്യമാണത്‌. ജരാസന്ധ-കംസ-ദുര്യോധന ഭരണകൂടങ്ങളെ മാറ്റിമറിക്കുന്ന പ്രവര്‍ത്തനത്തിലും ശ്രീകൃഷ്‌ണന്‍ നേതൃത്വപരമായ പങ്കുവഹിച്ചിരുന്നു. നബിയുടെ ജീവിതത്തിലും ഇത്തരം സാമൂഹികപ്രവര്‍ത്തനങ്ങള്‍ നിരന്തരം കാണാം. ശ്രീകൃഷ്‌ണനിലൂടെ ഉപദേശിക്കപ്പെട്ട ഭഗവദ്‌ഗീതയും മുഹമ്മദ്‌ നബിക്ക്‌ വെളിപ്പെട്ട വിശുദ്ധ ഖുര്‍ആനും യുദ്ധരംഗത്ത്‌ ഉണ്ടായവയാണ്‌. കുരുക്ഷേത്രയുദ്ധഭൂമിയില്‍ ഗീതാവതരണം നടന്നുവെങ്കില്‍, ബദറുള്‍പ്പെടെയുള്ള ചെറുതും വലുതുമായ പോരാട്ടഭൂമിയിലും കൂടിയാണ്‌ വിശുദ്ധ ഖുര്‍ആനിലെ ചില ആയത്തുകള്‍ അവതരിക്കപ്പെട്ടത്‌. എന്നാല്‍, ഭഗവത്‌ഗീതയോ വിശുദ്ധഖുര്‍ആനോ വായിച്ചുകഴിയുന്നവര്‍ക്ക്‌ അധര്‍മത്തിനെതിരെ പോരാടാനുള്ള ആത്മവീര്യം ഉണ്ടാകുമെങ്കിലും പാവങ്ങള്‍ക്കെതിരെ വാളോങ്ങാനുള്ള അക്രമവാസന തീരെ ഉണ്ടാവുകയില്ല. ഭഗവദ്‌ഗീത നിത്യ പാരായണം ചെയ്‌തിരുന്ന ഗാന്ധിജി ആത്മവീര്യമുള്ള മഹാത്മാവായിരുന്നു. ഗോഡ്‌സെയെപ്പോലെയോ അസിമാനന്ദയെപ്പോലെയോ പരമതവിദ്വേഷിയായ അക്രമി ആയിരുന്നില്ല. മാത്രമല്ല, ഗീതയും ഖുര്‍ആനും യുദ്ധരംഗത്ത്‌ ഉദ്‌ഭൂതമായ വിശുദ്ധഗ്രന്ഥങ്ങളാണെങ്കിലും ഇരു ഗ്രന്ഥങ്ങളിലും ഏറ്റവും കുറച്ചു സന്ദര്‍ഭങ്ങളിലേ യുദ്ധാഹ്വാനം കാണുന്നുള്ളൂ- ``പൊറുക്കുക; പരമാവധി പൊറുക്കുക'' എന്നതാണ്‌ ഗീതയുടെയും ഖുര്‍ആനിന്റെയും യുദ്ധാഹ്വാനസന്ദേശങ്ങളുടെ പൊതുസ്വഭാവം. ആയുധമെടുക്കാത്ത ഗാന്ധിജിമാരെ ആയുധമെടുത്ത്‌ കൊല്ലാന്‍ വരുന്ന ഗോഡ്‌സെമാരുണ്ടാവുമ്പോള്‍ ആയുധമെടുത്തും ഗാന്ധിജിമാരെ സംരക്ഷിക്കണം എന്ന്‌ മേല്‍പറഞ്ഞ യുദ്ധാഹ്വാനത്തെ പരാവര്‍ത്തനം ചെയ്യാം.
 
ഭഗവത്‌ഗീതയും വിശുദ്ധഖുര്‍ആനും പൂര്‍വപ്രബോധനങ്ങളെ മാനിക്കുന്നുണ്ട്‌. ഒരേയൊരു പ്രബോധനമാണ്‌ എല്ലാ കാലത്തും നടന്നിട്ടുള്ളതെന്നും അതു നഷ്‌ടപ്പെടുകയോ മറയ്‌ക്കപ്പെടുകയോ ചെയ്യുമ്പോഴാണ്‌ പ്രബോധനം ഓര്‍മപ്പെടുത്താന്‍ പുതിയ പ്രബോധകര്‍ ഉണ്ടാവുന്നതെന്നും ഗീതയും ഖുര്‍ആനും വ്യക്തമാക്കുന്നു. ``ഇമം വിവസ്വതേ യോഗം പ്രോക്തവാനഹമവ്യയം വിവസ്വാന്‍ മനവേപ്രാഹമനുരിക്ഷ്വാകവ്യേബ്രവിത്‌ ഏവം പരമ്പരാപ്രാപ്‌തം ഇമം രാജര്‍ഷയോ വിദുഃ
 
സ കാലേനേഹമഹതാ യോഗോ നഷ്‌ട:പരം തപ
 
സ ഏവായം മയാത്യോദ്യയോഗ: പ്രോക്ത!പുരാതന:
 
ഭക്ത്യോസി മേ സഖാ ചേതി രഹസ്യം ഹേത്യദുത്തമം''
 
(ഭഗവദ്‌ഗീത അധ്യായം 4-ശ്ലോകങ്ങള്‍ 1, 2, 3)
 
ഈ മൂന്നു ശ്ലോകങ്ങളുടെ താല്‍പര്യം ഇതാണ്‌ 1. ``നാശരഹിതമായ ഈ യോഗത്തെ ഞാന്‍ സൂര്യന്‌ ഉപദേശിച്ചു. സൂര്യന്‍ മനുവിന്‌ ഉപദേശിച്ചു. മനു ഇക്ഷ്വാകുവിനും ഉപദേശിച്ചു. 2. ഹേ അര്‍ജുനാ ഇപ്രകാരം പരമ്പരയാ ഈ യോഗത്തെ രാജര്‍ഷികളും അറിഞ്ഞു-ആ യോഗം ദീര്‍ഘകാലം കൊണ്ട്‌ ഇവിടെ നഷ്‌ടപ്പെട്ടു. 3. നീ എന്റെ ഭക്തനും സഖാവും ആണെന്നതു കൊണ്ടാണ്‌ പുരാതനമായ ഈ യോഗത്തെ തന്നെ ഇപ്പോള്‍ ഞാന്‍ നിനക്ക്‌ ഉപദേശിക്കുന്നത്‌. എന്തെന്നാലിതു രഹസ്യവും ഉത്തമവും ആകുന്നു.''
 
ഈ മൂന്നു ശ്ലോകങ്ങളുടെ അര്‍ഥവിചാരത്തിന്റെ ആഴങ്ങളിലേക്കിവിടെ പ്രവേശിക്കുന്നില്ല. യോഗം എന്ന പദം സൃഷ്‌ടിയും സ്രഷ്‌ടാവും തമ്മിലുള്ള പരസ്‌പരബന്ധത്തെ കുറിക്കുന്നു. സ്രഷ്‌ടാവും സൃഷ്‌ടിയും തമ്മിലുള്ള പരസ്‌പരബന്ധത്തിന്റെ രഹസ്യത്തെയാണ്‌ സൂര്യന്‌ പോലും ഞാന്‍ ഉപദേശിച്ചത്‌ എന്ന പ്രയോഗത്തിലെ `ഞാന്‍' ദ്വാപരയുഗത്തില്‍ ജനിച്ച ശ്രീകൃഷ്‌ണന്‍ എന്ന വ്യക്തിയെയല്ല, സൂര്യനു മുമ്പേ ഉണ്ടായ, സൂര്യനും ഗുരുവും പിതാവുമായ സര്‍വ്വേശ്വരനെയാണു ഉദ്ദേശിക്കുന്നത്‌. സര്‍വേശ്വരന്റെ ഉപദേശം മനുവിലൂടെ ഇക്ഷ്വാകുവിനും മറ്റും ലഭിച്ചെങ്കിലും പിന്നീടതു നഷ്‌ടപ്പെട്ടു. ആ പരമ്പര പ്രബോധനം തന്നെയാണ്‌ ശ്രീകൃഷ്‌ണനും അര്‍ജുനനിലൂടെ ലോകത്തോടു ചെയ്യുന്നത്‌. എന്നുവെച്ചാല്‍ പുതിയ ഒരു വെളിപാടുണ്ടാകുകയല്ല വിസ്‌മൃതമാകപ്പെട്ട വെളിപാടുകളെ ഓര്‍മപ്പെടുത്തുകയാണു ഭഗവദ്‌ഗീത ചെയ്യുന്നത്‌ എന്നു ചുരുക്കം. ഇതേകാര്യം തന്നെ ഖുര്‍ആനിലും കാണാം.
 
മുഹമ്മദ്‌ നബിയിലൂടെ വെളിപ്പെട്ടത്‌ പുതിയ വേദമാണെന്നു വിശുദ്ധഖുര്‍ആനും പറയുന്നില്ല. ഖുര്‍ആനില്‍ നിന്നു തന്നെ ഉദ്ധരിക്കാം ``നിങ്ങള്‍ പറയുക: അല്ലാഹുവിലും അവങ്കല്‍ നിന്നു ഞങ്ങള്‍ക്ക്‌ അവതരിപ്പിച്ചു കിട്ടിയതിലും ഇബ്‌റാഹീമിനും ഇസ്‌മാഈലിനും ഇസ്‌ഹാഖിനും യഅ്‌ഖൂബ്‌ സന്തതികള്‍ക്കും അവതരിപ്പിച്ച്‌ കൊടുത്തതിലും മൂസാ, ഈസാ എന്നിവര്‍ക്ക്‌ നല്‍കപ്പെട്ടതിലും സര്‍വപ്രവാചകന്മാര്‍ക്കും അവരുടെ രക്ഷിതാവിങ്കല്‍ നിന്നു നല്‍കപ്പെട്ടതിലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. അവരില്‍ ആര്‍ക്കിടയിലും ഞങ്ങള്‍ വിവേചനം കല്‍പിക്കുന്നില്ല. ഞങ്ങള്‍ അല്ലാഹുവിനു കീഴ്‌പ്പെട്ട്‌ ജീവിക്കുന്നവരാകുന്നു'' (അല്‍ ബഖറ 136). പ്രപഞ്ചത്തിന്റെ നിസ്സീമതക്കുള്ളില്‍ സ്വന്തം നിസ്സാരത തൊട്ടറിയുന്നതിനുള്ള വിവേകം വ്യക്തി മനസ്സിന്റെ പരമാവധി വളര്‍ച്ച സാധ്യമാകുമ്പോള്‍ സംഭവിക്കും-അപ്പോള്‍ അത്തരം വ്യക്തികള്‍ക്കുണ്ടാകുന്ന ജീവിതസ്വഭാവമാണ്‌ സമര്‍പ്പണം. ഈ സമര്‍പ്പണത്തിലേക്ക്‌ മനുഷ്യമനസ്സിനെ വലുതാക്കി അടുപ്പിക്കുക എന്നതാണ്‌ വിശുദ്ധഖുര്‍ആനിന്റേയും ഭഗവദ്‌ഗീതയുടേയും സാരസന്ദേശം. `സര്‍വധര്‍മാന്‍ പരിത്യജ' എന്നു തുടങ്ങുന്ന ഗീതാശ്ലോകം ഇതാണു ബോധ്യപ്പെടുത്തുന്നത്‌. ഇക്കാര്യം പ്രസിദ്ധ സാഹിത്യ ചരിത്രചിന്തകനായ കൃഷ്‌ണചൈതന്യ ഇങ്ങനെ രേഖപ്പെടുത്തുന്നു: ``ഈശ്വരനെ ആത്മശിക്ഷണത്തോടെ അനുസരിക്കുന്നതിലൂടെയാണ്‌ മനുഷ്യന്‍ പരമാവധി ഔന്നത്യത്തിലേക്ക്‌ വളരുന്നത്‌ എന്നത്രേ ഇസ്‌ലാമിന്റെ മൗലികസിദ്ധാന്തം. ദൈവനിശ്ചയത്തിന്റെ ഒരു ഉപകരണം മാത്രമാകാന്‍ അര്‍ജ്ജുനനോട്‌ ആവശ്യപ്പെടുന്ന ഗീതാവചനത്തിലും ഈ ദര്‍ശനമാണ്‌ കാണപ്പെടുന്നത്‌'' (കേരളം-കൃഷ്‌ണചൈതന്യ-പേജ്‌ 97). ബൈബിളും ഖുര്‍ആനും ഗീതയും സാരത്തില്‍ പഠിപ്പിക്കുന്നത്‌ ഒരേ തത്ത്വം തന്നെയെന്നു പ്രഖ്യാപിച്ച ശ്രീരാമകൃഷ്‌ണപരമഹംസരുടേയും ശ്രീരമണമഹര്‍ഷിയുടേയും ശ്രീനാരായണ ഗുരുവിന്റേയും ആധ്യാത്മിക ഭാരതത്തിലും, ഹിന്ദു-മുസ്‌ലിം മൈത്രിയിലൂന്നിയ മഹാത്മാഗാന്ധിയുടെ രാഷ്‌ട്രീയഭാരതത്തിലും സര്‍വമതസാരവുമേകമെന്നതിലൂന്നിയ ബൈബിള്‍ -ഗീതാ-ഖുര്‍ആന്‍ പഠനങ്ങള്‍ നടക്കേണ്ടതും ജനജീവിതത്തിനു പരിചയപ്പെടുത്തേണ്ടതും കരുത്തുറ്റ ഇന്ത്യയുടെ നിര്‍മാണത്തിന്‌ അനിവാര്യമാണ്‌- വിദ്വേഷമല്ല വിവേകമാണ്‌ അതിനാവശ്യം. അക്കാര്യത്തിലേക്ക്‌ ചെറുതായൊന്നു വിരല്‍ ചൂണ്ടുക മാത്രമാണിവിടെ ചെയ്‌തിരിക്കുന്നത്‌.

ജൂൺ 09, 2011

മുടിയില്‍ വഞ്ചിതരാകല്ലേ

ലോകമുസ്‌ലിംകള്‍ മുഴുവനും നെഞ്ചോടുചേര്‍ത്തുവെക്കുന്ന അതുല്യ വ്യക്തിപ്രഭാവത്തിന്റെ ഉടമയാണ് മുഹമ്മദ് നബി. നബിയുടെ മൊഴിമുത്തുകളെയും പ്രവൃത്തികളെയുമെന്നപോലെ അവിടത്തെ തിരുശേഷിപ്പുകളെയും ആദരവോടെയാണ് മുസ്‌ലിംകള്‍ വീക്ഷിച്ചുപോരുന്നത്.
'എന്റെ പേരില്‍ മനഃപൂര്‍വം കളവുപറയുന്നവര്‍ നരകത്തില്‍ ഇരിപ്പിടമുറപ്പിച്ചു കൊള്ളട്ടെ' എന്നാണ്  പ്രവാചകവചനം. നബിയുടേതെന്ന് പറയുന്ന എന്തിനും ആധികാരികത തെളിയിക്കുന്ന സംശുദ്ധമായ കൈമാറ്റപരമ്പര (സനദ്) ആവശ്യമാണ്. അല്ലാത്തപക്ഷം, നബിയുടേതെന്ന വ്യാജാവകാശവാദവുമായി പലരും രംഗത്തുവരും. കച്ചവടതാല്‍പര്യാര്‍ഥം പലരും നബിയുടെ പേരില്‍ നിര്‍മിച്ചുണ്ടാക്കിയ പലതും അപ്രസക്തമായത് സനദിന്റെ കാര്യത്തില്‍ കാണിച്ച കണിശത കൊണ്ടാണ്.
കേരളത്തിലുണ്ടെന്നു പറയുന്ന തിരുശേഷിപ്പുകള്‍ നബിയുടേതാണെന്ന് തെളിയുക തന്നെ വേണം. ആധികാരികരേഖയുടെ അഭാവവും ഉത്തരം കിട്ടാത്ത പല ചോദ്യങ്ങള്‍ക്കും മുന്നില്‍ ബന്ധപ്പെട്ടവരുടെ ഉരുണ്ടുകളിയും പരസ്‌പരവിരുദ്ധമായ പ്രസ്താവനകളുമാണ് കോഴിക്കോട് കാരന്തൂര്‍ മര്‍കസിലെ മുടികള്‍  വ്യാജമാണെന്ന ചിന്തയിലേക്ക് സമൂഹത്തെ നയിച്ചത്. ഇസ്‌ലാമിനോടും പ്രവാചകനോടും ചൂഷണം ചെയ്യപ്പെടുന്ന മുസ്‌ലിം സമൂഹത്തോടുമുള്ള ഗുണകാംക്ഷ മാത്രമാണ് ഇതെല്ലാം എഴുതാനും പറയാനും പ്രേരിപ്പിച്ചത്.
നബിയുടെ തിരുശേഷിപ്പുകളെന്നുപറഞ്ഞ് മുടിയോ മറ്റോ കൊണ്ടുവരുകയാണെങ്കില്‍, ആദ്യം ചെയ്യേണ്ടത് അതിന്റെ ആധികാരികത തെളിയിക്കുന്ന രേഖ സമൂഹത്തിനുമുന്നില്‍ സമര്‍പ്പിക്കുകയാണ്. അല്ലാത്തപക്ഷം അത് നബിയുടേതാണെന്ന വിശ്വാസം സമൂഹത്തിനുമേല്‍ അടിച്ചേല്‍പിക്കുകയോ അതുവെച്ച് ധനശേഖരണം നടത്തുകയോ ആഘോഷിക്കുകയോ ചെയ്യുന്നത് ന്യായീകരിക്കാനാവാത്ത അപരാധമാണ്.
യു.എ.ഇ പൗരന്‍ അഹ്മദ് ഖസ്‌റജിക്ക് പരമ്പരാഗതമായി ലഭിച്ചതാണ് മുടി എന്നതായിരുന്നു മര്‍കസ് അധികൃതരുടെ സനദ് സംബന്ധിയായ ഒന്നാമത്തെ വിശദീകരണം. അതിനുവേണ്ടി മുടിയുടെ കൈമാറ്റവേളയില്‍ ഖസ്‌റജിയുടെ പിതൃപരമ്പര ജനങ്ങള്‍ക്കുമുന്നില്‍ വായിച്ചുകേള്‍പ്പിക്കുകയും ചെയ്തു. ഖസ്‌റജിയുടെ പ്രസംഗത്തിന്റെ വിവര്‍ത്തകനും ശേഷം പ്രസംഗിച്ച കാന്തപുരവും പറഞ്ഞത് ആ വായിച്ച പരമ്പരയാണ് സനദ് എന്നായിരുന്നു. സമ്മേളനത്തില്‍ പങ്കെടുത്ത ജനങ്ങള്‍ മുഴുവന്‍ ധരിച്ചതും അതുതന്നെ. എന്നാല്‍, കാന്തപുരം വിഭാഗത്തിന്റെ വാരികയായ 'സുന്നി വോയ്‌സി'ന്റെ ഫെബ്രുവരി ലക്കത്തില്‍ അഹ്മദ് ഖസ്‌റജിയുടേതായി വന്ന അഭിമുഖത്തില്‍ ഇതിന് വിരുദ്ധമായ വിശദീകരണം ഇങ്ങനെ കാണാം: 'ഉമ്മു സുലൈം എന്ന ഞങ്ങളുടെ പിതാമഹിയില്‍നിന്ന് പരമ്പരാഗതമായി ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനിയിലേക്കും അവിടന്ന്  അവിടത്തെ പരമ്പരയില്‍ തുടര്‍ന്ന ഞങ്ങളുടെ കുടുംബത്തിലേക്കും എത്തുകവഴി ലഭിച്ചതാണ് എന്റെ കൈയില്‍' (പേജ്: 48). സനദ് എന്നു പറഞ്ഞ് സമ്മേളനത്തില്‍ വായിച്ച ഖസ്‌റജിയുടെ പിതൃപരമ്പരയില്‍ അബ്ദുല്‍ഖാദിര്‍ ജീലാനി ഇല്ല എന്നതുതന്നെയാണ് ഇതിലെ വൈരുധ്യം.
മുടിയുടെ സനദിലെ പ്രകടമായ ഈ വൈരുധ്യം പുറത്തറിഞ്ഞപ്പോള്‍ ബന്ധപ്പെട്ടവര്‍ അടവുമാറ്റി. മര്‍കസില്‍ വായിച്ചത് സനദല്ലെന്നും അത് അഹ്മദ് ഖസ്‌റജി സ്വയം പരിചയപ്പെടുത്തിയതാണെന്നും വിശദീകരണമുണ്ടായി.
അതിവിചിത്രമായ മറ്റൊരു വിശദീകരണമാണ് പിന്നീട് കേട്ടത്. വാര്‍ത്താസമ്മേളനത്തില്‍ 'മുടിയുടെ സനദ് വിശദീകരിച്ചുകൊടുത്താല്‍ പ്രശ്‌നം തീരില്ലേ' എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ 'ബഹുജനങ്ങളെ വിളിച്ചുകൂട്ടി പ്രഖ്യാപിക്കേണ്ട ഒന്നല്ല സനദ്' എന്നായിരുന്നു കാന്തപുരത്തിന്റെ മറുപടി (മാധ്യമം 11-05-2011). ജനങ്ങള്‍ക്കു മുന്നില്‍ വായിക്കാന്‍ പറ്റാത്തത്ര എന്തു നിഗൂഢതയാണ് സനദിലുള്ളത്?
ഇതിനെല്ലാം വിരുദ്ധമായി കാന്തപുരത്തിന്റെ കൈയിലോ മര്‍കസിലോ അല്ല, അബൂദബിയില്‍ അഹ്മദ് ഖസ്‌റജിയുടെ കൈയില്‍തന്നെയാണ് സനദ് എന്നതായിരുന്നു അടുത്ത വിശദീകരണം (മാതൃഭൂമി-13.05.2011, ചന്ദ്രിക-13.05.2011). മുടിയുടെ ആധികാരികത തെളിയിക്കേണ്ട ബാധ്യതയില്ലാത്തവര്‍ക്ക് അതിന്റെപേരില്‍ ഇത്രയും ഭീമമായ ധനശേഖരണവും പണപ്പിരിവും വെള്ളക്കച്ചവടവും നടത്താന്‍ എന്തവകാശമാണുള്ളത്?
കാന്തപുരത്തിന് മുടി കൈമാറിയ 'അഹ്മദ് ഖസ്‌റജിയുടെ വീട്ടില്‍ തിരുനബിയുടേതെന്നുപറഞ്ഞ് സൂക്ഷിക്കുന്ന 'തിരുമുടി'കളുടെ അവിശ്വസനീയമാംവിധമുള്ള നീളവും ആധിക്യവുമാണ്, ഇത് വ്യാജവാദം തന്നെയാണെന്നതിന്റെ മറ്റൊരു തെളിവ്. കേശദാതാവിന്റെ കൈയില്‍ തിരുനബിയുടേതെന്ന് അവകാശപ്പെടുന്ന ആയിരക്കണക്കിന് മുടികളുണ്ട്. പലതും മുക്കാല്‍ മീറ്റര്‍ മുതല്‍ ഒരു മീറ്റര്‍വരെയും അതിലധികവും നീളമുള്ള സ്ത്രീകേശങ്ങളെ അനുസ്മരിപ്പിക്കുന്നവ. മുടി വാങ്ങിയവരും ഇത് അംഗീകരിക്കുന്നുണ്ട്: 'ഒരിക്കല്‍ അദ്ദേഹം തങ്ങളുടെ പക്കലുള്ള ശേഷിപ്പുകളുടെ ശേഖരം കാണിച്ചുതന്നു. അമൂല്യവും മഹത്തരവുമായ തിരുശേഷിപ്പുകളുടെ ഒരു വലിയ നിധിതന്നെ കാണാന്‍ സാധിച്ചു. റസൂലുല്ലാഹിയുടെ ശഅ്‌റേ മുബാറകിന്റെ രണ്ട് കെട്ടുകള്‍തന്നെയുണ്ടവിടെ' (ഡോ. അബ്ദുല്‍ഹകീം അസ്ഹരി - തിരുകേശം മദീനയുടെ സമ്മാനം, പേജ്: 42). കാന്തപുരത്തിന്റെ സ്വന്തം വെബ്‌സൈറ്റിലും ഇത് വ്യക്തമാക്കിയിരുന്നു. പിന്നീട് പ്രശ്‌നമായപ്പോള്‍ മായ്ച്ചുകളയുകയും ചെയ്തു.
കേശദാതാവായ ശൈഖ് അഹ്മദ് ഖസ്‌റജി സ്വന്തം ചെലവില്‍ പ്രസിദ്ധീകരിച്ച ഒരു ഗ്രന്ഥമാണ് 'അസ്‌റാറുല്‍ ആസാരിന്നബവിയ്യ' (പ്രവാചകശേഷിപ്പുകളുടെ പൊരുളുകള്‍). തന്റെ പിതാവും പ്രശസ്ത പണ്ഡിതനുമായിരുന്ന ശൈഖ് മുഹമ്മദ് ഖസ്‌റജിക്കാണ് പുസ്തകം സമര്‍പ്പിച്ചിരിക്കുന്നത്. ഖസ്‌റജി കുടുംബം നോക്കിനടത്തുന്ന 'ഇസ്ദാറാതുസ്സാഹതില്‍ ഖസ്‌റജിയ്യ' എന്ന പ്രസാധനാലയത്തില്‍നിന്നാണ് ഇത് അച്ചടിച്ചിരിക്കുന്നത്. ഈ പുസ്തകത്തില്‍ തന്റെ കൈവശമുണ്ടെന്നുപറയുന്ന ആയിരക്കണക്കിന് മുടികളെക്കുറിച്ച് ഒരു പരാമര്‍ശംപോലുമില്ല. വിവിധ രാജ്യങ്ങളില്‍ സൂക്ഷിക്കുന്ന നബിയുടെ വിവിധ ശേഷിപ്പുകളുടെ അപൂര്‍വ ചിത്രങ്ങളും അവയെക്കുറിച്ചുള്ള പ്രാമാണിക വിവരങ്ങളുമടങ്ങിയ ഈ ഗ്രന്ഥത്തില്‍, തിരുകേശങ്ങള്‍ സൂക്ഷിക്കപ്പെടുന്ന രാജ്യങ്ങളുടെ പേരുകള്‍ വിവരിക്കുന്നിടത്ത് (പേജ്: 17) യു.എ.ഇയുടെയോ അബൂദബിയുടെയോ പേരു പറയുന്നുമില്ല. ചുരുങ്ങിയത് പ്രസ്തുത കൃതി പുറത്തിറങ്ങുന്നത് വരെയെങ്കിലും (2009ലെ എഡിഷന്‍) അഹ്മദ് വശമോ ആ രാജ്യത്ത് എവിടെയെങ്കിലുമോ മുടിക്കെട്ടുകള്‍ പോയിട്ട് ഒരു മുടിനാരുപോലും സൂക്ഷിക്കപ്പെട്ടിരുന്നില്ല എന്നുതന്നെയല്ലേ ഇതിനര്‍ഥം?
എന്നാല്‍, പത്തു വര്‍ഷമായി നിരന്തരമായി ആവശ്യപ്പെട്ടിട്ടാണ് മുടി കിട്ടിയത് എന്നാണ് കാന്തപുരത്തിന്റെ ഭാഷ്യം. തിരുനബിയുടെ ശേഷിപ്പുകള്‍ കാലങ്ങളായി സൂക്ഷിച്ചുവരുന്ന കേന്ദ്രങ്ങളെല്ലാം ചരിത്രത്തില്‍ അറിയപ്പെട്ടിട്ടുണ്ട്. ഇവിടെയെല്ലാം പ്രാമാണികമായ കൈമാറ്റശൃംഖല പരസ്യപ്പെടുത്തിയിട്ടുമുണ്ട്. അങ്ങനെയെങ്കില്‍ ചരിത്രത്തില്‍ ഇതുവരെ കേട്ടിട്ടില്ലാത്ത ഒരു സ്ഥലത്ത് ഒരു സുപ്രഭാതത്തില്‍ നബിയുടെ ആയിരക്കണക്കിന് മുടികളും നബിയുടേതെന്ന പേരിലുള്ള മറ്റനേകം ശേഷിപ്പുകളും പ്രത്യക്ഷപ്പെടുന്നത് എങ്ങനെ വിശ്വസിക്കും? പത്തു വര്‍ഷം മുമ്പ് ഇവിടെ ഒരു മുടിയും ഉണ്ടായിരുന്നില്ല എന്നാണ് തെളിവുകള്‍ സൂചിപ്പിക്കുന്നത്.
ദീര്‍ഘകാലം ഔഖാഫ് മന്ത്രിയും രാജ്യത്തിനകത്തും പുറത്തും വലിയ ബന്ധങ്ങളുള്ള വ്യക്തിയുമായിരുന്ന മുഹമ്മദ് ഖസ്‌റജി എന്തുകൊണ്ട് ഒരിക്കലെങ്കിലും 'തിരുമുടി'യുടെ വിവരം ആരോടും പറഞ്ഞില്ല? കേരളത്തില്‍നിന്ന് മര്‍ഹൂം ഇ.കെ. അബൂബക്കര്‍ മുസ്‌ലിയാരുമായി അദ്ദേഹം നടത്തിയ പ്രസിദ്ധമായ കൂടിക്കാഴ്ചയില്‍ തന്റെ കുടുംബത്തിന്റെ മദീനാകാലം മുതലുള്ള ചരിത്രവും മഹത്വവും മന്ത്രി വിശദീകരിച്ചുകൊടുത്തെങ്കിലും ഇങ്ങനെയൊരു മുടിയെക്കുറിച്ച് പരാമര്‍ശിച്ചതേയില്ല. പാണക്കാട് കുടുംബവുമായും മുഹമ്മദ് ഖസ്‌റജിക്ക് അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് നിലനില്‍പിനുവേണ്ടി കാന്തപുരം പ്രസ്താവിക്കുന്നു. എന്നാല്‍, പാണക്കാട് സന്ദര്‍ശനവേളകളിലൊന്നും മുടിയെക്കുറിച്ച് പരാമര്‍ശിച്ചിട്ടില്ലെന്നാണ് സയ്യിദ് ഹൈദരലി തങ്ങള്‍ പരസ്യമായി വ്യക്തമാക്കിയത്.
മുഹമ്മദ് ഖസ്‌റജിയുടെയോ മക്കളുടെയോ അവരുടെ പിതൃവ്യരുടെയോ പിതൃവ്യപുത്രന്മാരുടെയോ കൈകളില്‍ തിരുനബിയുടെ ഒറ്റ മുടിയും ഉണ്ടായിരുന്നില്ല എന്ന് മുടിദാതാവിന്റെ ജ്യേഷ്ഠനായ ശൈഖ് ഹസന്‍ ഖസ്‌റജിയും വ്യക്തമാക്കിയതോടെ വിവാദമുടിയുടെ വ്യാജനിര്‍മിതിക്ക് ഇനിയും തെളിവ് അന്വേഷിക്കേണ്ട ആവശ്യമില്ലാതായിരിക്കുന്നു. ഇത്തരം ചൂഷണശ്രമങ്ങളില്‍ വഞ്ചിതരാവരുതെന്ന ഉപദേശവും അദ്ദേഹം കേരളീയര്‍ക്ക് നല്‍കുന്നുണ്ട്. കേരളത്തില്‍ മുടി വിവാദമാകുന്നതിനും എത്രയോ മുമ്പ് 23.12.2009ന് ഹസന്‍ ഖസ്‌റജി യു.എ.ഇ ഉപപ്രധാനമന്ത്രിക്കെഴുതിയ കത്തിലും ഇക്കാര്യം വ്യക്തമാക്കിയിരുന്നു.
വിശ്വാസനിഷേധവും പ്രവാചകനിന്ദയും പറഞ്ഞ് ഭയപ്പെടുത്തി മുടിയുടെ വിഷയത്തില്‍ സംശയമുന്നയിക്കുന്നതിനെയും സനദ് അന്വേഷിക്കുന്നതിനെയും അടിച്ചമര്‍ത്തുന്നതും സത്യം പുറത്തുവരുമോ എന്ന ഭയംമൂലമാണ്.
രണ്ടാമത്തെ മുടി ആഘോഷപൂര്‍വം കൊണ്ടാടുകയും അതിനുവേണ്ടി 40 കോടിയുടെ പള്ളി നിര്‍മിക്കാനൊരുങ്ങുകയും ചെയ്യുന്നവര്‍ ആദ്യമുടി ലഭിച്ച് ഏഴു വര്‍ഷത്തോളമായിട്ടും അതിന്റെ സംരക്ഷണത്തിനുവേണ്ടി 40 രൂപയുടെ ഒരു പെട്ടിപോലും നിര്‍മിക്കാതിരുന്നതും ദുരൂഹതയുണര്‍ത്തുന്നു. ആദ്യമുടി ലഭിച്ചതിന്റെ വാര്‍ത്ത മുഖപത്രത്തില്‍ പ്രസിദ്ധീകരിച്ചതുതന്നെ ഉള്‍പ്പേജുകളിലൊന്നില്‍ അപ്രസക്തമായ രീതിയിലായിരുന്നു. 'തിരുകേശത്തിനൊരുത്തമകേന്ദ്ര'മെന്നും ഈ ചരിത്രസ്മാരകത്തിന്റെ നിര്‍മാണത്തില്‍ പങ്കാളികളാവുക' എന്നുമൊക്കെയാണ് കേരളത്തിന്റെ മുക്കുമൂലകളില്‍ സ്ഥാപിച്ച പള്ളിനിര്‍മാണ പരസ്യത്തിലെ വാചകങ്ങളെങ്കില്‍, വിദേശരാജ്യങ്ങളിലെ പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച പള്ളിയുടെ ഫീച്ചറില്‍ 'തിരുമുടി'യെക്കുറിച്ച് ഒരു പരാമര്‍ശംപോലുമില്ലാത്തതും ഇതിലെ കള്ളത്തരത്തിന്റെ സൂചനയാണ്.
മുടിയുടെ കൈമാറ്റ പരമ്പര (സനദ്) എവിടെ എന്ന ഒറ്റച്ചോദ്യമാണ് ഉന്നയിക്കപ്പെട്ടിട്ടുള്ളത്. ഒന്നോ രണ്ടോ മിനിറ്റുകള്‍കൊണ്ട് വായിച്ചുതീര്‍ക്കാമായിരുന്ന ഒരു ഉത്തരമാണതിനുള്ളത്. എന്നാല്‍, ഇതിനുപകരം എട്ടും ഒമ്പതും മണിക്കൂറുകള്‍ നാടകം കളിക്കുകയും തെരുവുതോറും പ്രസംഗകോലാഹലങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്ന സമീപനമാണ് ബന്ധപ്പെട്ടവരില്‍നിന്നുണ്ടായത്. ഇത് ആധികാരികരേഖയുടെ അഭാവംകൊണ്ടല്ലാതെ മറ്റെന്താണ്? രേഖയുണ്ടെങ്കില്‍ 'തിരുകേശ വിശദീകരണ സമ്മേളന'ങ്ങളില്‍ ആദ്യം വായിക്കേണ്ടത് അതല്ലേ?
(സമസ്ത കേരള ജംഇയ്യതുല്‍ ഉലമയുടെ ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)